'തെളിവ് നശിപ്പിക്കാൻ ദിലീപ് മുംബൈയിൽ പോയില്ലേ? അന്വേഷണത്തിൽ പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ല'; ജോർജ് ജോസഫ്
നടിയെ ആക്രമിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം ഡിസംബർ എട്ടിനാണ് വിധി വന്നത്. കേസിൽ ആരോപണ വിധേയനായിരുന്ന ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ അതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ പ്രോസിക്യൂഷനെയും പോലീസിനെയും ന്യായീകരിക്കുകയാണ് മുൻ എസ്‌പി ജോർജ് ജോസഫ്. പ്രൈം വിറ്റ്നസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ജോർജ് ജോസഫിന്റെ വാക്കുകൾ
പോലീസിന് ഈ കേസിൽ വീഴ്‌ച സംഭവിച്ചിട്ടില്ല. ഒന്നര കോടി രൂപയ്ക്ക് ആണ് അവർ കരാർ നൽകിയതെന്ന് പറയപ്പെടുന്നു. അങ്ങനെയാണ് എവിഡൻസ് വിളിക്കുന്നത്. ഈ കേസിൽ പ്രശ്‌നങ്ങൾ ഒന്നുമില്ലാതെ ആളെ കണ്ടുപിടിക്കാതെ മുന്നോട്ട് പോവുകയാണെങ്കിൽ ഒന്നര കോടി രൂപ, അല്ലെങ്കിൽ കണ്ടെത്തി കഴിഞ്ഞാൽ ഒന്നര കോടി രൂപ പോരാ, മൂന്നര കോടി വേണമെന്ന് പറഞ്ഞു പൾസർ സുനി. അത് ദിലീപ് അംഗീകരിച്ചു എന്നാണ് അവർ പറയുന്നത്.

ഈ കേസിനെ സംബന്ധിച്ച് ദിലീപ് അല്ലാതെ വേറെ ആർക്കാണ് മോട്ടീവ് എന്ന് കോടതി തോന്നണം. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ ഒരു കൊട്ടേഷൻ അനുസരിച്ചാണ് അതിജീവിതയെ പീഡിപ്പിച്ചത്. അതിനുള്ള പണവും തനിക്ക് ലഭിച്ചെന്ന് പ്രതികൾ അതിജീവിതയോട് പറയുകയും ചെയ്‌തു. അങ്ങനെയുള്ളപ്പോൾ ഈ കേസിനകത്ത് കൊട്ടേഷനാണ്, പക്ഷേ അതിന് പിന്നിൽ ആരാണ് ആ കൊട്ടേഷൻ കൊടുത്തത് എന്ന് ചോദിച്ചപ്പോൾ ഒരു ലേഡിയാണെന്ന് പത്രക്കാരോട് പറയുന്നുണ്ട്.
കൊട്ടേഷൻ നൽകിയ ആളുടെ പേര് പറയാതെ ഒഴിയുകയാണ് സാധാരണ ക്രിമിനൽ ചെയ്യാറുള്ളത്. അല്ലെങ്കിൽ യഥാർത്ഥ ആളിലേക്ക് അന്വേഷണം പോവാതിരിക്കാൻ വേണ്ടി ഒരു സ്ത്രീയുടെ പേര് പറഞ്ഞുകാണും. അത് ഒരു പുരുഷൻ ആണെന്ന് പോലീസ് സംഘത്തിന് തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാണ് അതിന്മേൽ ഒരു അന്വേഷണം നടത്താതിരുന്നത്.
തെളിവ് ശേഖരണത്തിൽ പൊലീസിന് ഒരു പാളിച്ചയും ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ദിലീപിനെ പ്രതി ചേർക്കുന്നതിന് മുൻപ് തന്നെ ദിലീപ് ഒരു കാര്യം പറഞ്ഞിരുന്നു. അന്നത്തെ ഡിജിപിക്ക് ഒരു പരാതി നൽകിയിരുന്നു. എനിക്ക് എതിരെ പലരും പല തെളിവുകളും കൊണ്ട് വരുന്നുണ്ട്, ജയിലിൽ നിന്നൊക്കെ എനിക്കൊരു ലെറ്റർ അയക്കുന്നുണ്ട്. അങ്ങനെയൊരു പ്രസ്‌താവന ദിലീപ് നടത്തിയിരുന്നു.
അത് ശരിക്കും ഒരു മുൻകൂർ ജാമ്യം എടുക്കലാണ്, കുറ്റം ദിലീപിലേക്ക് വരുന്നതിന് മുൻപേ ഉള്ള പ്രവർത്തിയാണ്. അങ്ങനെയാണ് ഞാൻ കരുതുന്നത്. കോടതി ഈ കേസിന് അകത്ത് ആദ്യത്തെ കുറ്റപത്രം നൽകിയ ശേഷം രണ്ടാമത് നടത്തിയ തുടരന്വേഷണത്തെ ആശ്രയിക്കുന്നേ ഇല്ല. ആദ്യത്തെ കുറ്റപത്രം മാത്രം കണക്കിലെടുത്താൽ ദിലീപിനെ സുഖമായി വെറുതെ വിടാം.
ദിലീപിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞത് തുടരന്വേഷണത്തിലാണ്. ബാലചന്ദ്രകുമാർ വന്ന ശേഷമാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശക്തമായത്. ദിലീപ് അതൊക്കെ നശിപ്പിക്കാൻ ബോംബെയിൽ ഒക്കെ പോയത് നമ്മുക്കറിയാം. നാല് മൊബൈൽ ഫോണുകൾ ആചരിക്കാൻ പറഞ്ഞതിൽ ഒന്ന് ഇതുവരെ കൊടുത്തിട്ടില്ല. അതിലെ കണ്ടന്റുകൾ ഒക്കെ ഒഴിവാക്കിയ ശേഷമാണ് കൊടുത്തത് പോലും.
അത്തരം എവിഡൻസ് നശിപ്പിക്കാനുള്ള ശ്രമം തന്നെയായിരുന്നു അത്. അതുകൊണ്ട് രണ്ടാം ഭാഗത്തിലാണ് കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ വന്നത്. കോടതി ഇങ്ങനെ രണ്ടായി കാണുന്നത് ശരിയല്ല. ഒരേ കേസിന് രണ്ട് കുറ്റപത്രം എന്നൊന്നില്ല. ആദ്യത്തേതിൽ പോരായ്‌മ ഉണ്ടെങ്കിൽ രണ്ടാമത് അന്വേഷണം നടത്തി കൂട്ടിച്ചേർക്കും.
പോലീസിനെ സംബന്ധിച്ച് അവർ അന്വേഷണം നടത്തി തെളിവുകൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. ഏത് അഭിഭാഷകൻ ആയാലും അത് തകർക്കാൻ കഴിയില്ല. പ്രധാന കുറ്റപത്രം ഇല്ലാതാക്കാൻ മാത്രമേ അവർ ശ്രമിക്കൂ. ദിലീപിന് ഇപ്പോൾ കേസിന് പോവുന്നതിൽ ഒരു നിയമ തടസവുമില്ല. തനിക്ക് എതിരെയാണ് ഗൂഢാലോചന എന്ന ആരോപണം അദ്ദേഹത്തിന് തെളിയിക്കാം.












Click it and Unblock the Notifications