'സിദ്ദിഖ് ഇന്നലെയും നന്നായി അഭിനയിക്കുന്നത് കണ്ടു, സജി ചെറിയാന് രാഷ്ട്രീയ വിവരമില്ല'; ആഷിഖ് അബു
കൊച്ചി: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ഗുരുതര ആരോപണത്തിൽ മന്ത്രി സജി ചെറിയാന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ആഷിഖ് അബു. സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവും ഇല്ലെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. കൂടാതെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടിനോട് ചേർന്ന് നിൽക്കുന്നതല്ല മന്ത്രിയുടെ നിലപാടെന്നും ആഷിഖ് ചൂണ്ടിക്കാട്ടി.
രഞ്ജിത്തിനെതിരായ ശ്രീലേഖ മിത്രയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടതിന് പിന്നാലെയാണ് യുവ സംവിധായകന്റെ പ്രസ്‌താവന. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെയെങ്കിലും നിർത്തണമെന്നും ആഷിഖ് അബു പരിഹസിച്ചു. പരാതിയെപ്പറ്റി അന്വേഷിക്കാൻ നിൽക്കാതെ വേട്ടക്കാരന്റെ വിശദീകരണം ഏറ്റുപിടിക്കുകയാണ് മന്ത്രിയെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.

സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നും നദിയുടേത് ഒരിക്കലും ആരോപണം അല്ലെന്നും വെളിപ്പെടുത്തൽ ആണെന്നും സംവിധായകൻ നിലപാടെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇടത് മന്ത്രിമാർക്ക് തുടക്കം മുതൽ ആശയക്കുഴപ്പം ഉണ്ടെന്നും സജി ചെറിയാൻ വലിയൊരു മൂവ്മെന്റിന് എതിരെയാണ് നിൽക്കുന്നതെന്നും ആരെങ്കിലും അദ്ദേഹത്തെ ഉപദേശിക്കണമെന്നും ആഷിഖ് അബു പറയുന്നു.
മന്ത്രിയുടെ നിലപാട് ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്നതല്ല. പരാതിയെ കുറിച്ച് അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിനാണ് മന്ത്രി പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞ ആഷിഖ് അബു പരാതിപ്പെട്ട നടിയും ഇടത് സഹയാത്രികയാണെന്നും ചൂണ്ടിക്കാട്ടി.മന്ത്രിയുടെ നിലപാടിൽ കടുത്ത പ്രതിഷേധം ഉണ്ടെന്നും സംവിധായകൻ അറിയിച്ചു.
സജി ചെറിയാന് ആരെയും സംരക്ഷിക്കാൻ കഴിയില്ല. സർക്കാരിന്റെ പ്രഖ്യാപിത നിലപാടല്ല ഇത്. ഒന്നോ രണ്ടോ പേർ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് താൻ ആശ്ചര്യപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് പറഞ്ഞ ആഷിഖ് അബു സിദ്ദിഖ് നല്ല അഭിനേതാവാണെന്നും ഇന്നലെയും നന്നായി അഭിനയിച്ചെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ആക്ഷേപത്തിൽ കേസടുക്കാൻ ആവില്ലെന്നും രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകൻ ആണെന്നുമായിരുന്നു സജി ചെറിയാന്റെ പ്രസ്‌താവന. പരാതി കിട്ടിയാൽ കേസ് എടുക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണത്തിൽ രഞ്ജിത് തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് വലിയ രീതിയിൽ വിമർശനം ഉയർന്നത്. ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഇടത് സഹയാത്രികൻ കൂടിയായ ആഷിഖ് അബു കടുത്ത ഭാഷയിൽ മന്ത്രിയെ വിമർശിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഇത് സർക്കാരിനും പാർട്ടിക്കും വലിയ ക്ഷീണമാകും എന്നുറപ്പാണ്.












Click it and Unblock the Notifications