സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച; സ്വർണവും വജ്രവും ഉൾപ്പെടെ ഒരു കോടിയുടെ നഷ്‌ടമെന്ന് സൂചന
കൊച്ചി: മലയാള സിനിമയിലെ ഹിറ്റ് മേക്കർ സംവിധായകൻ ജോഷിയുടെ കൊച്ചിയിൽ വീട്ടിൽ വൻ മോഷണം. സിനിമയെ വെല്ലുന്ന തരത്തിൽ നടന്ന മോഷണത്തിൽ ഏതാണ്ട് ഒരു കോടിയോളം രൂപ മൂല്യമുള്ള വസ്‌തുക്കൾ നഷ്‌ടമായതായാണ് സൂചന. പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണവും ഉൾപ്പെടെയാണ് കവർന്നത്.
ഇവിടെ സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചു കഴിഞ്ഞു. ജോഷിയുടെ പനമ്പള്ളി നഗറിലുള്ള ബി സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നതെന്നാണ് ലഭ്യമായ വിവരം. എന്നാൽ രാവിലെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

വീടിന്റെ പിൻ ഭാഗത്തുള്ള അടുക്കളയുടെ ജനൽ കുത്തിത്തുറന്നായിരുന്നു മോഷ്‌ടാവ് അകത്തേക്ക് പ്രവേശിച്ചത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലെ രണ്ട് മുറികളിലാണ് മോഷ്‌ടാവ് എത്തിയത്. ഇതിൽ ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച ശേഷം 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ്, 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകൾ എന്നിവ എടുത്തു.
ഇത് കൂടാതെ പത്തു മോതിരങ്ങളും സ്വർണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണത്തിന്റെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും ഉൾപ്പെടെ മോഷണം പോയെന്നാണ് സൂചന. ഇതിന്റെയെല്ലാം മൂല്യം ചേർത്താൽ ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പണമായി എന്തെങ്കിലും നഷ്‌ടമായതായി വിവരങ്ങൾ ഒന്നുമില്ല.
മോഷണം നടക്കുമ്പോൾ ഈ വീട്ടിൽ ജോഷി, ഭാര്യ ഭാര്യ സിന്ധു, മരുമകൾ വർഷ, 3 കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. പിന്നീട് സിന്ധു ജോഷി രാവിലെ ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇതിന് പിന്നാലെ ഇവർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
എറണാകുളം സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കൂടാതെ വിരലടയാള വിദഗ്‌ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ സ്ഥിരം മോഷ്‌ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.












Click it and Unblock the Notifications