'ഷെയ്‌നും ഭാസിയുമല്ല, യഥാര്‍ത്ഥ നായകന്‍ ഒളിച്ചിരിക്കുകയാണ്.. വൃത്തികെട്ടവന്‍'; ഗുരുതരമായ ആരോപണവുമായി ജൂഡ്
കൊച്ചി: നടന്‍ ആന്റണി വര്‍ഗീസ് പെപ്പെയ്ക്ക് എതിരെ ഗുരുതരമായ ആരോപണവുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. നിര്‍മാതാവില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് പിന്മാറിയ ആളാണ് ആന്റണി വര്‍ഗീസ് എന്ന പെപ്പെ എന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് ജൂഡ് ആന്തണി ജോസഫിന്റെ വെളിപ്പെടുത്തല്‍.
അഡ്വാന്‍സ് വാങ്ങിയ പണം കൊണ്ട് സഹോദരിയുടെ വിവാഹം നടത്തിയ പെപ്പെ പിന്നീട് തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് സിനിമയില്‍ നിന്ന് പിന്മാറുകയായിരുന്നു എന്ന് ജൂഡ് ആന്തണി ജോസഫ് പറഞ്ഞു. അര്‍ഹതയില്ലാത്തവര്‍ മലയാള സിനിമയില്‍ ഉണ്ടെന്നും അവരാണ് പ്രശ്‌നക്കാര്‍ എന്നും ജൂഡ് ആന്തണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക എന്നൊക്കെ പറയുന്നത് ശരിയായ കാര്യമല്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി ഇവരുടെ പേരിലൊക്കെ പറയുന്ന കുറ്റം കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചക്ക്, സാധാരണ മനുഷ്യനായിട്ടൊരു പെപ്പെ എന്നൊരുത്തന്‍ ഉണ്ട്, ആന്റണി വര്‍ഗീസ്. അയാള്‍ ഭയങ്കര സംഭവമായിട്ട് നല്ലവനാണെന്ന് വിചാരിച്ചിരിക്കുകയാണ് എല്ലാവരും.
ഞാന്‍ നിര്‍മ്മിക്കാന്‍ കരുതിയിരുന്ന എന്റെ അസോസിയേറ്റ് ആയിരുന്ന നിധീഷ് സംവിധാനം ചെയ്യുന്ന സിനിമയുണ്ടായിരുന്നു. എന്റെ സിനിമ ചെയ്യാന്‍ വന്ന അരവിന്ദ് എന്ന ഒരു നിര്‍മ്മാതാവിന് അടുത്ത് നിന്ന് പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ആന്റണി അവന്റെ പെങ്ങളുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുന്‍പ് പിന്മാറിയ ഒരുത്തനാണ് ആന്റണി പെപ്പെ.
ഞാന്‍ മിണ്ടാതിരുന്നത് എന്താണ് എന്ന് വെച്ചാല്‍ എന്റെ അസോസിയേറ്റ് ആണ് ആ സിനിമ ചെയ്തത്. അവന് ചീത്തപ്പേര് ഉണ്ടാകരുത് എന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം. മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കുകയാണ് എന്നതൊക്കെയാണ് ഏറ്റവും വലിയ പ്രശ്‌നം. കാരണം ആന്റണി പെപ്പെ എന്ന് പറയുന്നത് സാധാരണക്കാരനാണ്.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
എന്റെ വീടിന് അടുത്തുള്ള അങ്കമാലിക്കാരനാണ്. അവന്‍ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെയുള്ള വൃത്തികെട്ടവന്‍മാര്‍ സിനിമയില്‍ ഉള്ളത് കൊണ്ടാണ്. ഈ ലഹരിയും കഞ്ചാവും ഒക്കെ വേറെയാണ്. സ്വഭാവവും മനുഷ്യത്വവും ആണ് വേണ്ടത്. ആ നിര്‍മ്മാതാവും അവരുടെ ഭാര്യയും എല്ലാം ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയ്തിട്ട് 'ആരവം' എന്നൊരു സിനിമ ആന്റണി വര്‍ഗീസ് ചെയ്തു.
ഇപ്പോള്‍ 'ആര്‍ ഡി എക്‌സ്' ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. അത് ഷൂട്ട് ചെയ്തിട്ട് ആ സിനിമ പിന്നീട് വേണ്ടെന്ന് വെച്ചു, ശാപമാണ് അതൊക്കെ. എന്റെ പ്രൊഡ്യൂസര്‍ മുടക്കിയ കാശ് അവന്‍ തിരിച്ചുതന്നു. എത്രയോ കാലത്തിന് ശേഷം. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേര്‍ ഇപ്പോള്‍ വന്നിട്ടുണ്ട്. പെപ്പെ എന്ന് പറഞ്ഞാല്‍ പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിക്ക് ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല.
ഇത്തരത്തില്‍ നന്ദിയില്ലാത്ത ഒരുപാട് പേര് സിനിമയില്‍ വരുന്നുണ്ട്. എല്ലാവരും ഷെയ്ന്‍ നിഗത്തിന്റേയും ശ്രീനാഥ് ഭാസിയുടേയും പേരാണ് പറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥ നായകന്‍ അവിടെ ഒളിച്ചിരിക്കുകയാണ്. ഭയങ്കര ഉഡായിപ്പ് ആണ് അവന്‍. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാണ് സിനിമ ഉപേക്ഷിച്ചത്. പെപ്പെയെ ഞാന്‍ ഇനി ജീവിതത്തില്‍ സിനിമയിലേക്ക് വിളിക്കില്ല എന്ന് അന്നുറപ്പിച്ചതാണ്.












Click it and Unblock the Notifications