'ആര്‍ആര്‍ആറിന് ഹിന്ദുത്വ അജണ്ട', ഗോൾഡൻ ഗ്ലോബിന് പിന്നിൽ കച്ചവട താൽപര്യമെന്ന് കമൽ
കൊച്ചി: ഇന്ത്യയിലേക്ക് ഓസ്‌കര്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എസ്എസ് രാജമൗലി ചിത്രം ആര്‍ ആര്‍ ആറിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍. ആര്‍ആര്‍ആറിന് ഹിന്ദുത്വ അജണ്ടയുണ്ടെന്ന് കമല്‍ പറഞ്ഞു. സിനിമയുടെ സംവിധായകന്‍ രാജമൗലി ഇക്കാര്യം ബോധപൂര്‍വ്വം ചെയ്തതാണെന്ന് താന്‍ കരുതുന്നില്ലെന്നും ദ ഫോര്‍ത്ത് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.
സിനിമയിലെ അജണ്ടവത്ക്കരണത്തെ രണ്ട് രീതിയിലാണ് നോക്കിക്കാണേണ്ടത് എന്ന് കമല്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ സിനിമയില്‍ പല സംവിധായകരും ഉള്‍പ്പെടുന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ പ്രേക്ഷകരെ സ്വാധീനിക്കാന്‍ വേണ്ടുന്ന ഘടകങ്ങളാണ്. രാമായണം സീരിയല്‍ അതിന് ഉദാഹരണമാണെന്ന് കമല്‍ വ്യക്തമാക്കി. വളരെ ജനപ്രിയമായി മാറിയ ആ സീരിയല്‍ രാജ്യത്ത് ഹിന്ദുത്വ അജണ്ട് പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതാണെന്നും കമല്‍ പറഞ്ഞു.

ഇന്ന് പാന്‍ ഇന്ത്യന്‍ സിനിമകളും കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ഹിന്ദുത്വ അജണ്ടയാണ് സംഭവിക്കുന്നതെന്നും ആര്‍ആര്‍ആര്‍ കണ്ടവര്‍ക്ക് അത് മനസ്സിലാകുമെന്നും തന്റെ വിമര്‍ശനം പ്രമേയപരമാണ് എന്നും കമല്‍ വ്യക്തമാക്കി. ചിത്രത്തിന് ലഭിക്കുന്ന അവാര്‍ഡുകള്‍ക്ക് പിന്നില്‍ കച്ചവട താല്‍പര്യം ആണെന്നും കമല്‍ വിമര്‍ശിച്ചു.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന രാജ്യമായ ഇന്ത്യന്‍ വിപണിയിലേക്ക് അന്താരാഷ്ട്ര കമ്പനികള്‍ക്കുളള കച്ചവട താല്‍പര്യമാണ് ഗോള്‍ഡന്‍ ഗ്ലോബിനും ഓസ്‌കാറിനുമൊക്കെ പിന്നിലെന്നാണ് കമല്‍ പറയുന്നത്. ഓസ്‌കാറും ഗോള്‍ഡന്‍ ഗ്ലോബുമൊക്കെ മഹത്തായ അവാര്‍ഡുകളാണ് എന്ന് കരുതുന്നില്ല. സിനിമയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കോ വെനീസ് ഫിലിം ഫെസ്റ്റിവലിലേക്കോ എന്തുകൊണ്ട് ആര്‍ആര്‍ആര്‍ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നും കമല്‍ ചോദിച്ചു. എംഎം കീരവാണി പ്രതിഭ തന്നെയാണ്, എന്നാല്‍ നാട്ടു നാട്ടു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനമല്ലെന്നും കമല്‍ പറഞ്ഞു. നാട്ടു നാട്ടുവിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരം ലഭിച്ചിരുന്നു.












Click it and Unblock the Notifications