'നിശബ്ദത പരിഹാരമാകില്ല'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഗൗരവതരം, നടപടി വേണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഹേമാ കമ്മിറ്റി മുന്‍പാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന്
അടിയുറച്ചു വിശ്വസിക്കുന്നു എന്നും നിശബ്ദത ഇതിന് പരിഹാരമാകില്ല എന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണവും മദ്യ-മയക്കുമരുന്ന് ഉപയോഗവുമെല്ലാം അടിവരയിടുന്ന റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മയോ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിനയനൊഴികെയുള്ള സംവിധായകരും സംഭവത്തില്‍ പ്രതികരണത്തിന് തയ്യാറായിട്ടില്ല. അതിനിടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണം. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സാന്ദ്ര തോമസും രംഗത്തെത്തിയിരുന്നു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയെന്നായിരുന്നു സാന്ദ്രയുടെ ചോദ്യം.
'എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവര്‍ക്കും അറിയാം,' സാന്ദ്ര പറഞ്ഞു.
ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതുസമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ് എന്നും ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട് എന്നും സാന്ദ്ര ചൂണ്ടിക്കാട്ടി. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും എന്നും അവര്‍ വ്യക്തമാക്കി.
മീരയോ ഭാവനയോ മഞ്ജുവോ? നേർക്കുനേർ നിൽക്കുമ്പോൾ ആര് നേടും,നാളെ ആരുടെ ദിവസം?
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണം എന്നും സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകരിച്ച മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.
മുന്‍ ജസ്റ്റിസ് ഹേമ, ബി വത്സലകുമാരി, നടി ശാരദ എന്നിവര്‍ അടങ്ങിയ ഹേമ കമ്മിറ്റി 2019 ഡിസംബര്‍ 31 നാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആകെ 233 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന പേജുകളും ഭാഗങ്ങളും ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications