സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരവുമായി സനൽ കുമാർ ശശിധരൻ; 'ഈ സമരത്തിൽ ഒറ്റയ്ക്ക്'
തിരുവനന്തപുരം: ഏറെക്കാലമായി മുന്നോട്ട് വച്ച ആവശ്യങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ഇന്ന് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലാണ് സനൽ കുമാർ ശശിധരൻ സമരം ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കുറിപ്പും വീഡിയോയും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു.
തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ളവ തെരുവിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സനൽ കുമാർ ശശിധരൻ നിരാഹാര സമരം തുടങ്ങിയിരിക്കുന്നത്. താൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ വ്യക്തിപരമായ വിഷയങ്ങളല്ലെന്നും ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പേരിൽ നേരത്തെ രജിസ്‌റ്റർ ചെയ്‌ത കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി പുറത്തുവിടണമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നതായി താൻ ആരോപിക്കുന്ന ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും സനൽ കുമാർ ശശിധരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ നൂറ് ദിവസമായി സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുവരികയാണ്. എന്നാൽ ഇതുവരെ പൊതുസമൂഹം വിഷയത്തിൽ വേണ്ടത്ര പ്രതികരിച്ചിട്ടില്ലെന്നും കേരള സർക്കാർ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പേരിലുള്ള കേസിലും അന്വേഷണം നടക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നതെന്നും സനൽ കുമാർ ശശിധരൻ ചൂണ്ടിക്കാട്ടി. വിഷയം സാമൂഹിക പ്രസക്തിയുള്ളതാണെങ്കിലും ഇതുവരെ അനുഭാവം പ്രകടിപ്പിച്ച് ആരും മുന്നോട്ടുവന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
താൻ ഉന്നയിച്ചിരിക്കുന്നത് വളരെ ഗുരുതരമായ ആരോപണങ്ങളാണെന്നും ഇത് വ്യക്തിപരമായ പ്രശ്‌നമായി കാണരുതെന്നും സനൽ കുമാർ ശശിധരൻ പറഞ്ഞു. താൻ മാത്രമാണ് ഇപ്പോൾ സമരപ്പന്തലിലുള്ളതെന്നും മറ്റാരും ഒപ്പമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പോരാടുന്നത് വലിയൊരു മാഫിയയ്ക്കെതിരെയാണെന്നും ഏത് തരത്തിലുള്ള ആക്രമണവും നേരിടേണ്ടിവരാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഈ പോരാട്ടത്തിൽ പിന്തുണ നൽകാൻ കൂടുതൽ ആളുകൾ മുന്നോട്ടുവരണമെന്നും സമരത്തിൽ പങ്കുചേരണമെന്നും സനൽ കുമാർ ശശിധരൻ അഭ്യർഥിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, നേരത്തെ പല വിവാദങ്ങളിലും ഉൾപ്പെടെയുകയും പോലീസ് കേസ് രജിസ്‌റ്റർ ചെയ്യപ്പെടുകയും ചെയ്‌തിട്ടുള്ള ആൾ കൂടിയാണ് സനൽ കുമാർ ശശിധരൻ. സിനിമ റിലീസുമായി ബന്ധപ്പെട്ട് ചില താരങ്ങളുമായും സനൽ കുമാർ ശശിധരൻ നേരത്തെ തെറ്റിപ്പിരിഞ്ഞിരുന്നു.
ചോല സിനിമയുടെ വിതരണം അട്ടിമറിക്കപ്പെട്ടുവെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവും നായക നടനുമായ നടന്‍ ജോജു ജോര്‍ജ് ആണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വഴക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസുമായും സനൽ കുമാർ ഇടഞ്ഞിരുന്നു.


Click it and Unblock the Notifications
