സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ശസ്ത്രക്രിയ നടത്തിയെന്ന് ബി ഉണ്ണികൃഷ്‌ണൻ
കൊച്ചി: സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധയകനുമായ ബി ഉണ്ണികൃഷ്‌ണന്‍. ഇപ്പോഴും വെന്റിലേറ്ററില്‍ ചികിത്സ തുടരുകയാണെന്നും ശസ്ത്രക്രിയ നടത്തിയെന്നും ബി ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. സാധ്യമായ എല്ലാ ചികിത്സയും ഷാഫിക്ക് നൽകി വരുന്നുണ്ടെന്നാണ് ഉണ്ണികൃഷ്‌ണൻ മാധ്യമങ്ങളോട് പറഞ്ഞത്.
നിലവിൽ വെന്റിലേറ്റര്‍ സഹായമുണ്ടെന്നും രോഗം ഉടന്‍ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങള്‍ ഡോക്‌ടര്‍മാരുമായി സംസാരിച്ചു. ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന എല്ലാ ചികിത്സയിലും നൽകാനാണ് ശ്രമം. ആരോഗ്യനില മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷാഫിയെ നടന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. നിര്‍മ്മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് വൈകീട്ടോടെയാണ് മമ്മൂട്ടി ആശുപത്രിയിൽ എത്തി ഷാഫിയെ കണ്ടത്.
കൊച്ചി ആസ്‌റ്റര്‍ മെഡിസിറ്റി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ ചികിത്സ തുടരുന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. തുടർന്ന് തലവേദന വന്നതോടെ കഴിഞ്ഞയാഴ്‌ച ആശുപത്രിയിൽ എത്തിയപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. മമ്മൂട്ടിക്ക് പുറമേ എംവി ഗോവിന്ദൻ അടക്കമുള്ളവരും ആശുപത്രിയിൽ എത്തിയിരുന്നു.
മലയാള സിനിമയിലെ കോമഡി ചിത്രങ്ങൾക്ക് പുതിയ രൂപവും ഭാവവും നൽകിയ സംവിധായകരിൽ പ്രധാനിയായിരുന്നു ഷാഫി. 1995-ല്‍ ജയറാം-രാജസേനൻ ചിത്രമായ ആദ്യത്തെ കണ്‍മണിയിലൂടെ സഹസംവിധായകനായാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. 2001-ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി ഷാഫി മാറിയത്.
പത്തോളം സിനിമകളാണ് ഷാഫി സംവിധാനം ചെയ്‌തത്. അതിൽ ഭൂരിഭാഗവും സൂപ്പർഹിറ്റുകളും മലയാളികൾ എന്നും ഓർക്കുന്ന ചിത്രങ്ങളുമാണ്. ദിലീപിന്റെ കോമഡി ഹിറ്റ് ചിത്രം കല്യാണ രാമന്‍, ജയസൂര്യ ചിത്രം പുലിവാല്‍ കല്യാണം, മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ദിലീപ് നായകനായ ടു കണ്‍ട്രീസ് എന്നിവ ഷാഫിയുടേതായിരുന്നു. ഇവയെല്ലാം തിയേറ്ററിൽ വൻ ഹിറ്റായിരുന്നു.
ഷറഫുദീനെ നായകനാക്കി ഒരുക്കിയ ആനന്ദം പരമാനന്ദം എന്ന ചിത്രമാണ് അദ്ദേഹം സംവിധാനം ചെയ്‌ത് തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. പിന്നീട് ആരോഗ്യ കാരണങ്ങളാൽ വിട്ടു നിൽക്കുകയായിരുന്നു. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിലെ റാഫിയുടെ സഹോദരനും സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് ഷാഫിയുടെ അമ്മവാനുമാണ്.












Click it and Unblock the Notifications