'രാജീവ് ചന്ദ്രശേഖർ കേരളത്തിൽ മോദിയുടെ പരീക്ഷണം', സുരേന്ദ്രൻ പക്ഷം മുഖം തിരിച്ചപ്പോൾ പിന്തുണച്ച് ഇവർ
തിരുവനന്തപുരം: വി മുരളീധരന് ശേഷം രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെ കൂടി കിട്ടിയിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായതില്‍ കേരള ബിജെപിയിലെ വി മുരളീധരന്‍ വിഭാഗം അതൃപ്തിയിലാണെന്നാണ് സൂചന. കെ സുരേന്ദ്രനടക്കമുളള നേതാക്കളൊന്നും രാജീവ് ചന്ദ്രശേഖറിന് അഭിനന്ദനവുമായി മുന്നോട്ട് വന്നില്ലെന്നത് ശ്രദ്ധേയമാണ്.
അതേസമയം മറുപക്ഷത്തുളള ശോഭാ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുമുണ്ട്. മാത്രമല്ല ബിജെപിയോട് ചേര്‍ന്ന് നില്‍ക്കുന്ന സംവിധായകരായ പ്രിയദര്‍ശനും മേജര്‍ രവിയും പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
പുതിയ സന്തോഷവുമായി നിമിഷ സജയന്‍; പുതിയ ചുവട് വയ്പ്പിന് തയ്യാറായി നടി

രാജീവ് ചന്ദ്രശേഖറിന് ഇക്കുറി മന്ത്രിസ്ഥാനം ലഭിക്കുമെന്നുളള അഭ്യൂഹങ്ങൾ പുനസംഘടനയ്ക്ക് മുൻപ് തന്നെ ഉണ്ടായിരുന്നു. വി മുരളീധരന് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചുവെങ്കിലും ലഭിച്ചില്ല. കേരള ബിജെപിയിലെ പ്രമുഖർ മുഖം തിരിച്ചപ്പോഴാണ് പ്രിയദർശൻ അടക്കമുളളവർ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. പ്രിയദർശന്റെ പ്രതികരണം ഇങ്ങനെ: ''കേന്ദ്രമന്ത്രി സഭയില്‍ വീണ്ടും ഒരു മലയാളി സാന്നിധ്യം ഉണ്ടാകുന്നത് സന്തോഷമാണ്. രാഷ്ട്രീയത്തിനും വ്യവസായത്തിനും അപ്പുറം ടെക്നോക്രാറ്റ് ആയ ഒരാള്‍ മന്ത്രിയാകുമ്പോള്‍, പ്രത്യേകിച്ചും IT മന്ത്രി ആകുമ്പോള്‍ കേരളത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വിനോദ് ധാം നേരിട്ട് ഇന്‍റലില്‍ റിക്രൂട്ട് ചെയ്ത രാജീവിനെ പോലൊരാള്‍ ആ വകുപ്പില്‍ തന്നെ മന്ത്രിയാകുന്നത് രാജ്യപുരോഗതിയ്ക്കും കാര്യമായ മുതല്‍ക്കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു. Rajeev Chandrasekhar, MP എല്ലാവിധ ആശംസകളും, ഒപ്പം മന്ത്രിസഭയില്‍ മലയാളി സാന്നിധ്യം തന്ന പ്രധാനമന്ത്രിക്കും നന്ദി''.

മേജർ രവിയുടെ പ്രതികരണം: '' കേരളത്തില്‍ ഒരു പുതിയ പരീക്ഷണം രാജീവ് ചന്ദ്രശേഖറിലൂടെ പ്രധാനമന്ത്രി നടത്തുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതെങ്കിലും ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു. ഏഷ്യാനെറ്റിലേക്ക് ചുരുക്കി കാണേണ്ട വ്യക്തിയല്ല രാജീവ് ചന്ദ്രശേഖര്‍. പെന്‍ഡിയം ചിപ്പിന്‍റെ പിതാവ് വിനോദ് ധാം നേരിട്ട് ഇന്‍റലിലേക്ക് റിക്രൂട്ട് ചെയ്ത, ബില്‍ ഗേറ്റ്സും, സ്റ്റീവ് ജോബ്സും ഒക്കെ സിലിക്കണ്‍ വാലിയില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് മേക്രോപ്രോസസര്‍ ചിപ്പ് ഡിസൈനറായി അവിടെ പ്രവര്‍ത്തിച്ച വ്യക്തിയെ തന്നെ ഇന്ത്യയുടെ ഐ.റ്റി മന്ത്രിയായി കൊണ്ടു വരുംബോള്‍ മാനങ്ങള്‍ ഏറെയാണ്.

ഒരു മുന്‍ സൈനികന്‍ എന്ന നിലയിലും എന്നെ സംബന്ധിച്ചിടത്തോളം രാജീവിന്‍റെ വരവിനെ ഞാന്‍ കാണുന്നത് മറ്റൊരു തലത്തിലാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന് വേണ്ടി എം.പി എന്ന നിലയില്‍ രാജീവ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അതോടൊപ്പം Flags of Honour എന്ന പേരില്‍ സൈനികര്‍ക്ക് വേണ്ടി ഒരു NGO നടത്തുന്നുണ്ട് രാജീവ്. സൈനിക സേവനത്തിനിടയില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന സൈനികരേയും രക്തസാക്ഷിത്വം വരിക്കുന്ന സൈനികരേയും Flags of Honour ലൂടെ രാജീവ് സഹായിക്കുന്നുണ്ട്.

അച്ഛന്‍ എയര്‍ഫോഴ്സിലായിരുന്നതും, വളര്‍ന്നത് സൈനിക കാംപുകളിലായിരുന്നതും ആകണം വളര്‍ന്നിട്ടും സൈന്യം രാജീവിന് ഒരു വികാരമാകാന്‍ കാരണം.അതിലുപരി പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉന്നയിച്ച് പാര്‍ലമെന്‍റില്‍ ആദ്യമായി പ്രൈവറ്റ് ബില്‍ അവതരിപ്പിച്ചതും രാജീവാണ്. ഒരു മുന്‍ സൈനികന്‍റെ അല്ലെങ്കില്‍ മനസ്സ് കൊണ്ട് സൈനികനായിരിക്കുന്ന എൻ്റെ കാഴ്ച്ചപ്പാടില്‍ മതിപ്പുളവാക്കുന്നതാണ് ഇതെല്ലാം.

വിശ്വപൗരനായി തന്നെ കാണേണ്ട മലയാളിയാണ്. കേരളത്തിന്‍റെ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും ഇവിടത്തെ യുവാക്കള്‍ക്കു ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധിക്കുമെന്നും വിശ്വസിക്കുന്നു. ഏതായാലും ഇവിടുള്ള പലരെയും പരീക്ഷിച്ച് പരാജയപ്പെട്ടിടത്തേക്കാണ് പ്രധാനമന്ത്രി മറ്റൊരു പരീക്ഷണം നടത്തുന്നത്. നമുക്ക് നല്ലത് പ്രതീക്ഷിക്കാം. Rajeev Chandrasekhar, MP ആശംസകള്‍... ഒപ്പം മലയാളി പ്രാതിനിധ്യം കേന്ദ്രമന്ത്രിസഭയില്‍ തന്ന പ്രധാനമന്ത്രിക്കും നന്ദി'.












Click it and Unblock the Notifications