'മേയറെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തിട്ടില്ല, എന്നാൽ നിലപാടുകളിൽ വിയോജിപ്പുണ്ട്'; കെകെ വൽസരാജ്
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃശൂർ മേയർ വർഗീസും സിപിഐയും തമ്മിൽ നിലനിൽക്കുന്ന ശീതയുദ്ധത്തിൽ പ്രതികരിച്ച് സിപിഐ ജില്ലാ സെക്രട്ടറി കെകെ വൽസരാജ്. മേയറെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ വൽസരാജ് പക്ഷേ അദ്ദേഹത്തിന്റെ നടപടികളിൽ കൃത്യമായ വിയോജിപ്പ് പാർട്ടി അറിയിച്ചിട്ടുണ്ടെന്നും വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം മേയർ പങ്കെടുത്ത കോർപറേഷൻ പരിപാടിയിൽ നിന്ന് സിപിഐ എംഎൽഎ പി ബാലചന്ദ്രനും കൗൺസിൽ അംഗങ്ങളും വിട്ടുനിന്ന സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ' ഇത്തരം വിഷയങ്ങൾ പൂർണമായും ഞങ്ങൾക്കുള്ളിൽ ഒതുങ്ങുന്നതാണ്. ചർച്ചകൾ നടക്കുന്നുണ്ടാവും സ്വാഭാവികമാണ്. അതിൽ മാധ്യമങ്ങളെ അറിയിക്കേണ്ടത് കൃത്യമായി അറിയിച്ചിട്ടുണ്ട്' വൽസരാജ് പറഞ്ഞു.

'മേയറുടെ ചില നിലപാടുകളിൽ നേരത്തെ തന്നെ ഞങ്ങൾ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തി എന്നതല്ല ഇവിടുത്തെ വിഷയം. ഇടതുമുന്നണിക്ക് ഒപ്പം ചേർന്നു പ്രവർത്തിക്കുന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ബിജെപി സ്ഥാനാർത്ഥിയാണ് കൂടുതൽ യോഗ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണങ്ങളാണ് വിഷയം' സിപിഐ ജില്ലാ സെക്രട്ടറി പറയുന്നു.
'അത് അദ്ദേഹം പിന്നീട് തിരുത്തി എന്നത് കൊണ്ടായില്ല. തിരഞ്ഞെടുപ്പ് സമയത്താണ് ഇത്തരമൊരു വിവാദമുണ്ടായത്. അത് ഫലത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. മേയർ വീണ്ടും ഇതേ നിലപാട് തന്നെയാണ് ആവർത്തിക്കുന്നത്. അതിലും ഞങ്ങൾക്ക് കൃത്യമായ വിയോജിപ്പുണ്ട്' വൽസരാജ് പാർട്ടി നിലപാട് വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നേരിടേണ്ടി വന്ന തോൽവി അപ്രതീക്ഷിതമായിരുന്നു എന്ന് വത്സരാജ് സമ്മതിക്കുകയുണ്ടായി. പാർട്ടി ജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു തൃശൂർ. എന്നാൽ ഫലം മറിച്ചായിരുന്നു. ഇതിൽ കൃത്യമായി പരിശോധന പാർട്ടിയുടെ ദേശീയ കൗൺസിൽ വരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും അത് തുടരുകയുമാണെന്നും വൽസരാജ് പറയുന്നു.
തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം ഒരിക്കലും ബിജെപിയുടെ ജനസമ്മിതിയുടെ അളവുകോലായി പരിഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സുരേഷ് ഗോപി ഒരു രാഷ്ട്രീയ നേതാവല്ല, ഒരു സെലിബ്രിറ്റിയാണ്. ആ നിലയ്ക്ക് തന്നെ ഈ ജയത്തെ നോക്കി കാണണം. അതൊരിക്കലും ബിജെപിയുടെ സ്വീകാര്യതയുടെ സൂചനയല്ല.' സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.
തൃശൂരിൽ സാമുദായിക ധ്രുവീകരണമോ വോട്ടുകൾ അത്തരത്തിൽ ഭിന്നിപ്പിക്കപ്പെടുകയോ ഉണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഏതെങ്കിലും മത-സമുദായ നേതാക്കളുടെ വാക്കുകൾ കേട്ട് പൂർണമായും ആ വിഭാഗത്തിലുള്ളവർ ഒരു കക്ഷിക്കെതിരെ വോട്ട് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. മുൻപ് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി ഇത്തരത്തിൽ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്‌തപ്പോഴും അവരുടെ വോട്ടുകൾ സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്.' എന്നും വൽസരാജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications