ഗതാഗത കമ്മീഷണർക്ക് ഗണേഷിന്റെ ശാസന; മന്ത്രിയുടെ ചേംബറിൽ മേശപ്പുറത്തടിച്ച് കമ്മീഷണറുടെ മറുപടി
തിരുവനന്തപുരം: ഗതാഗത കമ്മീഷണറുമായുള്ള മന്ത്രിയുടെ ഭിന്നത മറനീക്കി പുറത്തേക്ക്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ പുറത്തുപോയ ബിജു പ്രഭാകറിന് പിന്നാലെയാണ് അടുത്ത അസ്വാരസ്യം വകുപ്പിൽ പുകയുന്നത്. ഇന്നലെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ യോഗത്തിൽ ഗതാഗത കമ്മിഷണർ എസ് ശ്രീജിത്തിനെ മന്ത്രി പരസ്യമായി ശാസിക്കുകയായിരുന്നു.
ഇതിന് ശേഷം ശ്രീജിത്തിന് മറുപടി പറയാനുള്ള അനുമതി മന്ത്രി നൽകിയതുമില്ല. ഇത് വിശദീകരിക്കാനായി പിന്നീട് മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴും ഉയർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ സാന്നിധ്യത്തിൽ മന്ത്രി ശകാരിക്കാൻ മുതിർന്നപ്പോഴായിരുന്നു സംഭവം. ഗതാഗത കമ്മിഷണർ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയായിരുന്നു.

ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കുതർക്കം അഞ്ചു മിനിറ്റോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിഷേധിച്ച് മന്ത്രിയുടെ മേശപ്പുറത്ത് ശക്തമായി അടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ശ്രീജിത്തിനെ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. യോഗം കഴിഞ്ഞ് കമ്മീഷണർ മന്ത്രിയുടെ ചേംബറിലെത്തിയപ്പോഴാണ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്.
അതേസമയം, കേന്ദ്ര നിയമപ്രകാരമുള്ള അക്രഡിറ്റഡ് ഡ്രൈവിങ് സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. 2023ൽ തുടങ്ങുമെന്ന് പല ഉറപ്പുകളും സംസ്ഥാനം കേന്ദ്രത്തിന് നൽകിയെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
നിലവിലുള്ള 6131 ഡ്രൈവിങ് സ്‌കൂളുകളെയും തീരുമാനം ബാധിക്കുമെന്നതിനാൽ ഡ്രൈവിങ് സ്‌കൂളുകളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച ശേഷം അവർ മൂലധനമിറക്കി കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങാമെന്നതായിരുന്നു ഗതാഗതവകുപ്പിന്റെ അന്നത്തെ നിർദേശം.
എന്നാൽ അത് സർക്കാരിനു ബാധ്യതയാകുമെന്നും കോർപറേറ്റ് കമ്പനികൾ ഉൾപ്പെടെ ആർക്കും വരാവുന്ന രീതിയിൽ കരാർ വിളിക്കുന്നതാണ് നല്ലതെന്നുമായിരുന്നു അന്നത്തെ ചീഫ് സെക്രട്ടറി നിർദേശിച്ചത്. പിന്നീട് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരുന്നു. എന്നാൽ ഇതിൽ ഇപ്പോഴും അന്തിമ തീരുമാനമാനം ആയിട്ടില്ല.
മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം നിരന്തര വിവാദങ്ങളിലാണ് ഗണേഷ് കുമാർ ചെന്ന് ചാടുന്നത്. ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും, എന്നാൽ കെഎസ്ആര്‍ടിസി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്‌തതോടെ ബിജു പ്രഭാകറുമായി മന്ത്രി ഇടഞ്ഞിരുന്നു. ഇതോടെയാണ് ബിജു പ്രഭാകർ പുറത്തേക്ക് പോയത്. ഇതിന് പിന്നാലെയാണ് എസ് ശ്രീജിത്തുമായും മന്ത്രി കൊമ്പുകോർത്തത്.












Click it and Unblock the Notifications