വീണ്ടും ഞെട്ടിച്ച് സിപിഎം, കോണ്‍ഗ്രസിലെയും ലീഗിലെയും അസംതൃപ്തര്‍ എത്തുമെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ച പരാമര്‍ശത്തിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് സിപിഎം. മന്ത്രി മുഹമ്മദ് റിയാസാണ് ഇത്തവണ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും അസംതൃപ്തര്‍ വൈകാതെ ഇടതുപക്ഷത്തേക്ക് വരുമെന്നാണ് മന്ത്രിയുടെ പരാമര്‍ശം.
മതനിരപേക്ഷ മനസ്സുള്ളവരൊന്നും യുഡിഎഫില്‍ തൃപ്തരല്ലെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണ്. അവരുടെ നിലപാടുകളും അത്തരത്തിലുള്ളതാണ്. ഇതില്‍ കോണ്‍ഗ്രസിലും ലീഗിലും ഉള്ളവര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. അവര്‍ വൈകാതെ ഇടതുപക്ഷത്തെത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേരളത്തില്‍ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. യുഡിഎഫിനകത്ത് മതനിരപേക്ഷ മനസ്സുള്ളവര്‍ തൃപ്തരല്ല. ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിന് വിരുദ്ധമായി ഇവിടെ ബിജെപി ആഗ്രഹിക്കുന്നത് പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാന്ദ് വിളിച്ചു പോരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ഇതില്‍ കടുത്ത അസംതൃപ്തി കോണ്‍ഗ്രസിലുണ്ട്. അതിന്റെ ഭാഗമായി പലരും ഭാവിയില്‍ ഇടതുപക്ഷത്തിലേക്ക് ത്തെും. ഇത് സ്വഭാവികമായി സംഭവിക്കാനിരിക്കുന്ന കാര്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. ബിജെപിക്കും, കോണ്‍ഗ്രസിനും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ അതൃപ്തരാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൗനമാണ്.
രാമക്ഷേത്ര നിര്‍മാണത്തിന് വെള്ളി ഇഷ്ടിക അയച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളും, പല സംസ്ഥാന ഘടകങ്ങളും. കശ്മീര്‍, ബീഫ് വിഷയങ്ങളില്‍, പാര്‍ലമെന്റില്‍ നിന്ന് അവര്‍ ഒളിച്ചോടി. ബിജെപിയോടുള്ള കടുത്ത വിരുദ്ധതയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
ഹിമാചലില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിവില്‍ പോയി. അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് നേതൃത്വമെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ നിരാശയിലാവാന്‍ കാരണമുണ്ട്.
തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിഞ്ഞു. ഇടതുപക്ഷമാണ് ശരിയായ നിലപാട് സ്വീകരിക്കുന്നതെന്ന ചിന്ത അവര്‍ക്കുണ്ട്. അങ്ങനെ ചിന്തിക്കുന്നവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നത് സ്വാഭാവികമാണ്. തെറ്റ് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് തകരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.












Click it and Unblock the Notifications