തൃശൂർ സിപിഐയിൽ ഭിന്നത; യുഡിഎഫ് സ്വതന്ത്രനാവുമോ സിസി മുകുന്ദൻ? ഗീത ഗോപിക്കെതിരെ വിമർശനം
തൃശൂർ: നാട്ടികയിൽ സിപിഐ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കളമൊരുങ്ങി. പാർട്ടിയുമായി അകന്നുനിൽക്കുന്ന നിലവിലെ എംഎൽഎ സിസി മുകുന്ദൻ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ നിലവിൽ അദ്ദേഹവുമായി വിവിധ മുന്നണികൾ ചർച്ച നടത്തിയെന്നാണ് വിവരം. ആദ്യ ടേമിൽ മികച്ച വിജയം നേടിയ സിസി ,മുകുന്ദനെ മാറ്റിനിർത്താനായിരുന്നു പാർട്ടിയുടെ തീരുമാനം.
ഇത് അദ്ദേഹത്തിൽ നിന്ന് കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു. നേരത്തെ രണ്ട് തവണ ഇതേ മണ്ഡലത്തിൽ മത്സരിച്ചുജയിച്ച ഗീതാ ഗോപിക്കാണ് ഇത്തവണ മണ്ഡലം നൽകുക എന്നറിയതോടെയാണ് മുകുന്ദൻ വിമത സ്വർണവുമായി രംഗത്ത് വന്നത്. സിപിഐയിൽ ശക്തമായ വിഭാഗീയതയുടെയും ചേരിപ്പോരിന്റെയും ഫലമായാണ് ഇതെല്ലാമെന്നാണ് വിലയിരുത്തൽ.

ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന സിപിഐയുടെ മാനദണ്ഡം പരിഗണിക്കാതെയാണ് മുകുന്ദനെ അവഗണിച്ചത്. ഇതോടെയാണ് അദ്ദേഹം നേതൃത്വവുമായി അകന്നതും ഗീത ഗോപിയുടെ സ്ഥാനാര്ഥിത്വത്തെ രൂക്ഷമായി വിമർശിച്ചതും. നിലവിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിലാണ് മുകുന്ദൻ എന്നാണ് വിവരം.
ഇക്കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനം ആയിട്ടില്ല. എന്നാൽ സിസി മുകുന്ദന്റെ പ്രതിഷേധവും മണ്ഡലത്തിലെ ജയസാധ്യതയും കണക്കിലെടുത്ത് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തെ സമീപിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൂടാതെ ബിജെപി ഉൾപ്പെടെയുള്ള കക്ഷികളും അദ്ദേഹത്തിനായി വല വിരിച്ചിട്ടുണ്ടെന്നാണ് സൂചന.
മുകുന്ദനെ കൈ വിടാതിരിക്കാനുള്ള ശ്രമം സിപിഐ സംസ്ഥാന നേതൃത്വവും ശക്തമാക്കിയിട്ടുണ്ട്. സിപിഐക്കൊപ്പം നിർത്താൻ നേതാക്കൾ ചർച്ച നടത്താനൊരുങ്ങുകയാണ്. മുകുന്ദനുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കി അനുനയ സാധ്യത തേടാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും മോശം പ്രകടനം നടത്തിയ അവരെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും സിസി മുകുന്ദൻ മാധ്യമങ്ങൾക്ക് മുൻപിൽ ആരോപിച്ചിരുന്നു.
'പാർട്ടിക്ക് പണം പിരിച്ചു നൽകാൻ തനിക്കാവില്ല. ഗീതാ ഗോപിയ്ക്ക് സീറ്റ് നൽകുന്നത് സാമ്പത്തിക സ്വാധീനം മൂലമാണ്. പാർട്ടി സീറ്റ് തന്നില്ലെങ്കിലും മൽസരിക്കും. പാർട്ടിയിൽ വിഭാഗീയതയുണ്ട്. വിഭാഗീയത കാരണം താൻ ഒഴിവാക്കപ്പെടുകയാണ്. ചേർപ്പ് മണ്ഡലം കമ്മിറ്റി തന്റെ പേര് നിർദ്ദേശിക്കാത്തതിന് പിന്നിൽ വിഭാഗീയതയാണ്. തന്നെ ഒഴിവാക്കുന്നതിനെ കുറിച്ച് പാർട്ടി ഒന്നും പറഞ്ഞിട്ടില്ല' എന്നായിരുന്നു മുകുന്ദൻ പറഞ്ഞത്.
എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ടാണ് ഗീതാ ഗോപി രംഗത്ത് വന്നത്. പാർട്ടി ഏൽപ്പിച്ച ചുമതല നിർവ്വഹിക്കലാണ് ഇപ്പോൾ ലക്ഷ്യമെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു ഗീത ഗോപിയുടെ വാക്കുകൾ. ആരോപണങ്ങളെക്കുറിച്ച് പാർട്ടി മറുപടി പറയുമെന്നും രണ്ട് തവണ നെഞ്ചേറ്റിയ നാട്ടികയിലെ ജനങ്ങൾ ഇത്തവണയും തന്നെ സ്വീകരിക്കുമെന്നും അവർ പറയുമ്പോൾ നേതൃത്വത്തിന് പിന്തുണ ഉറപ്പാണെന്ന് വാക്കുകളിൽ നിന്ന് വ്യക്തമാണ്.












Click it and Unblock the Notifications