ക്ഷേമ പെൻഷൻകാർക്ക് ആശ്വാസം; ഒരുമാസത്തെ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും
സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനുള്ള ഉത്തരവിറങ്ങി. ഇന്ന് മുതൽ പെൻഷൻ വിതരണം ആരംഭിക്കാനാണ് നീക്കം. നവംബർ 26നകം ഇത് പൂർത്തിയാക്കാനാണ് നിർദ്ദേശം. നൽകാനുള്ള കുടിശ്ശികയിൽ ഒരു മാസത്തെ പണം ഉടൻ അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഉത്തരവിറങ്ങിയിരുന്നില്ല.
പെൻഷൻ വിതരണത്തിനുള്ള 900 കോടി രൂപ സമാഹരിച്ചെടുക്കുന്നതിലെ കാല താമസമാണ് നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് സൂചന. നാളെ മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന് തുടക്കം കുറിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ ആരംഭിക്കുന്ന പെൻഷൻ വിതരണം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ഒരുപരിധി വരെ തടഞ്ഞു നിർത്തും.

നാല് മാസത്തെ പെൻഷനാണ് ആകെ നൽകാനുള്ളത്. ആദ്യമായാണ് ഇടത് മുന്നണി സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ഇത്ര മാസത്തെ പെൻഷൻ കുടിശ്ശികയാവുന്നത്. 50,90,390 പേരാണ് നിലവിൽ പട്ടികയിലുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications