ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന് ജാമ്യം, പ്രതി കസ്‌റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥി ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ റിമാൻഡിലുള്ള പ്രതി റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റുവൈസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷം അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
ഇന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ റുവൈസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിക്കുകയായിരുന്നു.

ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോഴും റുവൈസ് ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിച്ചതിൽ നിന്ന് രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചത്.
ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങളിൽ ചർച്ച നടന്നതിന് സാക്ഷികളുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുണ്ടെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടികൊണ്ടാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ചയിലേക്ക് നീട്ടിവെച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി ഉപാധികളോടെ ഇന്ന് റുവൈസിന് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനി ഷഹനയെ ഈ മാസമാദ്യമാണ് മെഡിക്കൽ കോളജിന് സമീപത്തെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് ബന്ധുക്കളാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഉൾപ്പെടെ വെളിപ്പെടുത്തി പോലീസിന് മൊഴി നൽകിയത്.
വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനാൽ വിവാഹം മുടങ്ങിയതോടെ ഇതിന്റെ മനോവിഷമത്തിലാണ് ഡോക്‌ടറായ ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പങ്ക് വ്യക്തമായിരുന്നു. മരിക്കും മുൻപ് റുവൈസിന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഷഹ്‌ന സന്ദേശമയച്ചുവെങ്കിലും ഇയാൾ പ്രതികരിച്ചില്ലെന്നും, പകരം ബ്ലോക്ക് ചെയ്‌തുവെന്നുമായിരുന്നു പോലീസ് അറിയിച്ചത്.
ഷഹാന റുവൈസുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ മൊഴിയിൽ പറയുന്നത്. ഇതിനെ ശരിവയ്ക്കുന്ന ആത്മഹത്യാ കുറിപ്പും പോലീസിന് കിട്ടിയിരുന്നു. കേസിൽ കഴിഞ്ഞ ആഴ്‌ചയാണ് പ്രതി റുവൈസ് ജാമ്യാപേക്ഷ സമർപ്പിച്ചത്.












Click it and Unblock the Notifications