'പറഞ്ഞതിൽ വസ്‌തുത ഉണ്ടോയെന്ന് നോക്കണം, അല്ലാതെ ബബ്ബബ്ബ പറയരുത്'; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ രാജി ചോദിച്ചു വരണ്ടെന്ന് പ്രതിപക്ഷത്തോട് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞതിൽ വസ്‌തുത ഉണ്ടോയെന്ന് നോക്കുകയാണ് വേണ്ടതെന്നും അല്ലാതെ ബബ്ബബ്ബ പറയുകയല്ലെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് സഭയിൽ മുഖ്യമന്ത്രി പ്രതികരിച്ചു. പ്രസംഗത്തിനിടെ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ക്ഷുഭിതനാവുകയും ചെയ്‌തു.
മോദിയെ മാറ്റി നിർത്തണം എന്ന് മാത്രമാണ് ജനങ്ങൾ ചിന്തിച്ചതെന്നും മുഖ്യമന്ത്രി തോൽവിയെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു. അതിനെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. യുഡിഎഫിന്റെ ജയത്തിൽ വേവലാതി ഇല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് കിട്ടിയതിൽ മാത്രമാണ് വേവലാതിയെന്നും പിണറായി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് ഫലത്തിൽ യുഡിഎഫിന് ആവേശം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് അപ്രമാദിത്യമില്ല. വിജയത്തിൽ വല്ലാതെ അഹങ്കരിക്കരുതെന്നും അദ്ദേഹം യുഡിഎഫിന് മുന്നറിയിപ്പ് നൽകി. തൃശൂർ തോൽവിയെ കുറിച്ചും മുഖ്യമന്ത്രി സൂചിപ്പിച്ചു.
പലയിടത്തും നിങ്ങൾക്കൊപ്പം നിന്നവർ തൃശൂരിൽ മാത്രം കൂടെ നിന്നില്ലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ക്രിസ്‌തീയ സഭകളെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്‌താവന. യുഡിഎഫിന്റെ വിജയം താൽക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ടു കുറഞ്ഞുവെന്നാണ് പരിശോധിക്കേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.
വോട്ട് കണക്കുകൾ ഉൾപ്പെടെ നിരത്തിയായിരുന്നു പിണറായി വിജയന്റെ സഭയിലെ മറുപടി എന്നതാണ് ശ്രദ്ധേയമായ കാര്യം. ചില ഘട്ടങ്ങളിൽ നിയന്ത്രണം കൈവിട്ട അദ്ദേഹം പ്രതിപക്ഷത്തിന് നേരെ കയർക്കുന്ന സാഹചര്യവുമുണ്ടായി.
'ഞാൻ കണ്ട കാര്യമാണ് പറയുന്നത്. അത് കേട്ട് അതിൽ എന്തെങ്കിലും വസ്‌തുത ഉണ്ടോ എന്ന് ആലോചിക്കുകയാണ് വേണ്ടത്. അല്ലാതെ ബബ്ബബ്ബ പറയരുത്. 10 ശതമാനം വോട്ട് യുഡിഎഫിന് കുറഞ്ഞു. താൻ പറയാനുള്ളത് പറയും. നിങ്ങൾ അസ്വസ്ഥത പെട്ടിട്ട് കാര്യമില്ല' മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിതര പാർട്ടികളുടെ മുന്നേറ്റം കൃത്യമായി മുഖ്യമന്ത്രി എടുത്തുപറയുകയും ചെയ്‌തു.
'രാജ്യത്ത് ബിജെപി മുഖ്യ ശത്രുവായി കാണുന്നത് ഇടതുപക്ഷത്തെയാണ്. വെല്ലുവിളികളെ മറികടന്നാണ് ഇടതുപക്ഷം പ്രവർത്തിച്ചത്. തമിഴ്‌നാട്ടിൽ ഡിഎംകെയും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമാണ് പോരാട്ടം നയിച്ചത്. യുപിയിൽ സമാജ്‌വാദി പാർട്ടിയും ബിജെപി വിരുദ്ധ പോരാട്ടം നയിച്ചു' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.












Click it and Unblock the Notifications