'പീഡന പരാതിയും ലഹരിക്കേസിലും ഒക്കെ ജാതി മാറ്റിവയ്ക്കണം, ആ കാര്യങ്ങളൊക്കെ കോടതി ചോദിക്കും'; സായ് കൃഷ്‌ണ
അടുത്തിടെയാണ് പ്രമുഖ റാപ്പർ വേടനെതിരെ ലഹരിക്കേസും അതുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നത്. വേടനും സംഘവും കഴിഞ്ഞിരുന്ന ഫ്ലാറ്റിൽ നിന്നും ലഹരി പിടികൂടിയതിന് പിന്നാലെ ഇത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെ വേടനെ അറസ്‌റ്റ് ചെയ്തെങ്കിലും വൈകാതെ ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് തന്നെ വേടന്റെ കഴുത്തിലെ പുലിപല്ല് മാലയുമായി ബന്ധപ്പെട്ടും അന്വേഷണം നടന്നിരുന്നു.
എന്നാൽ ഇവയൊക്കെ പിന്നീട് കെട്ടടങ്ങി. ഇതിന് ശേഷം വീണ്ടും വേടൻ തന്റെ പരിപാടികളിൽ മുഴുകിയിരുന്നു. ഇപ്പോഴിതാ വീണ്ടും വേടനെതിരെ മറ്റൊരു പരാതി വന്നിരിക്കുകയാണ്. യുവ ഡോക്‌ടറുടെ ബലാത്സംഗ പരാതിയാണ് വന്നിരിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി തന്നെ വേടൻ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഈ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുമുണ്ട്.

വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബർ സീക്രട്ട് ഏജന്റ് എന്ന് വിളിക്കുന്ന സായ് കൃഷ്‌ണ. വേടനെതിരെ പരാതി വരുമ്പോൾ രണ്ട് വശത്ത് നിന്നും പല വിധത്തിലുള്ള ന്യായീകരണങ്ങൾ ഉണ്ടാവുന്നത് പതിവാണെന്നും പക്ഷേ ഇത്തരം ആരോപണങ്ങൾ വരുമ്പോൾ ജാതിയെ കൂട്ടുപിടിക്കുന്നത് ഒഴിവാക്കണമെന്നും സായ് കൃഷ്‌ണ പറഞ്ഞു.
സായി കൃഷ്‌ണയുടെ വാക്കുകൾ
വീണ്ടും വേടനാണ് വിഷയം. വേടന് എതിരെ പീഡന പരാതിയാണ് വന്നിരിക്കുന്നത്. ഇതിന് മുൻപും വേടനെതിരെ പല ആരോപണങ്ങളും വന്നിരുന്നു. മീടൂ ആരോപണങ്ങൾ നിലവിലുണ്ടായിരുന്നു. അതിനിടയിലാണ് പുലിപ്പല്ല്, ലഹരിക്കേസുകൾ ഒക്കെ വന്നത്. അതിന് ശേഷം നമ്മൾ കണ്ടതാണ് വേടന്റെ ജാതിയാണോ വിഷയം എന്നൊക്കെ ചോദിച്ചുള്ള ക്യാമ്പയിനുകൾ. ഈ പീഡന പരാതി, ലഹരിക്കേസ് എന്നിവയിൽ ഒക്കെ കുറഞ്ഞത് ജാതി മാറ്റിവച്ചിട്ട് കാര്യം ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യുക.
അല്ലാത്തത് ആണെങ്കിൽ അത് ആസൂത്രണം ചെയ്‌തത് ആരാണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുക. ഇപ്പൊ വേടന്റെ വിഷയം എടുത്താൽ ആര് എങ്ങനെ സംസാരിക്കാൻ വന്നാലും ഇതാണ് പ്രശ്‌നം. ഒരു വശത്ത് അയാളുടെ ജാതിയാണോ പ്രശ്‌നം എന്നുള്ള ചോദ്യം. മറുവശത്ത് ജാതി കാർഡ് ഇറക്കി അതൊക്കെ മുക്കുന്നു എന്നുള്ള ആരോപണം. ഇതിന്റെ കാതലായ വിഷയം ആരും ചർച്ച ചെയ്യാൻ തയ്യാറാവുന്നില്ല.
ഒരു ലേഡി ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പല സ്ഥലത്തും കൊണ്ട് പോയി, ഈ ഡോക്‌ടർ ഉള്ള സ്ഥലത്തേക്ക് വേടൻ ചെന്ന് പീഡിപ്പിച്ചു എന്നുള്ളതാണ് പരാതി. അതായത് ഈ കേസ് അടുത്തിടെ ഉണ്ടായ സംഭവം തന്നെ ആയതിനാൽ പ്രഥമദൃഷ്ട്യാ അത് നിലനിൽക്കുമോ ഇല്ലയോ എന്നൊക്കെ പൊലീസിന് കണ്ടുപിടിക്കാൻ സാധിക്കും.
അന്വേഷണം തുടങ്ങിയാൽ അവരുടെ കൈയിലുള്ള തെളിവുകൾ കൊടുക്കാം. അവരുടെ കൈയിൽ ഡിജിറ്റൽ പ്രൂഫുകൾ കൊടുക്കാം. പിന്നെ വേടന്റെ കുടുംബം പറയുന്നത് ആസൂത്രിതമാണ് ഇതെന്നതിന്റെ തെളിവുണ്ടെന്നാണ്. നിയമപരമായി നീങ്ങുമെന്നാണ് അവർ പറയുന്നത്. സാധാരണ കോടതിയിലേക്ക് പോവുന്ന കേസുകളിൽ ഉള്ളത് പോലെയല്ല ഇത്. എവിടെയാണ് പീഡനം എന്ന് കോടതി ചോദിയ്ക്കാൻ സാധ്യത ഉണ്ട്.
പക്ഷേ അതിനെ കൗണ്ടർ ചെയ്യാൻ പറ്റിയ കാര്യങ്ങൾ ഇതിലുണ്ട്. ആദ്യം വേടൻ ഇവരെ അപ്രോച്ച് ചെയ്യുന്ന സമയത്ത് പീഡനം നടന്നുവെന്നാണ് പറയുന്നത്. അത് പുറത്തുപറയാതിരിക്കാൻ വിവാഹ വാഗ്‌ദാനം നൽകി എന്ന നിലയിലാണ് പരാതി. ഇവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ അത് അവർക്ക് കൊടുക്കാം. കോടതി എല്ലാ കാര്യങ്ങളും ചോദിക്കും.












Click it and Unblock the Notifications