വരാപ്പുഴ അതിരൂപതയ്ക്ക് പുതിയ ഇടയന്‍; ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു
ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വരാപ്പുഴയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു. വല്ലാര്‍പാടത്തെ ഔവര്‍ ലേഡി ഓഫ് റാന്‍സം ബസലിക്കയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍.
കൊച്ചി: അജപാലനത്തിന്റെ പുതിയ ദൗത്യം ഏറ്റെടുത്ത് വരാപ്പുഴ അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. പതിനായിരത്തില്‍ പരം വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസലിക്കയുടെ അങ്കണത്തില്‍ ക്രമീകരിച്ച പ്രത്യേക വേദിയിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. സ്ഥാനമൊഴിഞ്ഞ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ശുശ്രൂഷകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു.

ബസിലിക്കിയല്‍ നിന്നും പ്രദക്ഷിണമായാണു മെത്രാപ്പോലീത്തമാരും വൈദീകരും വേദിയിലെത്തിയത്. പുതിയ മെത്രാപ്പോലീത്തയുടെ നിയമന ഉത്തരവ് ഭാരതത്തിന്റെ അപ്പോസ്‌തോലിക നുണ്‍ഷ്യ ചുമതലയുള്ള ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്‌കി വായിച്ചു. തുടര്‍ന്ന് മുഖ്യകാര്‍മികന്‍ നിയുക്ത ആര്‍ച്ച് ബിഷപ്പിനെ സിംഹാസനത്തിലേക്ക് ആനയിച്ച് അംശവടി കൈമാറി. വൈദീകരും സന്യസ്തരും അത്മായ പ്രതിനിധികളും വേദിയിലെത്തി പുതിയ ആര്‍ച്ചു ബിഷപ്പിനോടുള്ള ആദരവും വിധേയത്വവും പ്രഖ്യാപിച്ചു.

നിലവിലെ ആര്‍ച്ചു ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പായി നവംബര്‍ നാലിന് തെരഞ്ഞെടുത്തത്.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മോര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം എന്നിവര്‍ ശുശ്രൂഷകളില്‍ സംബന്ധിച്ചു. രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജിയുടെ സന്ദേശം അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരം വായിച്ചു.












Click it and Unblock the Notifications