ആരതിയുടെ ചുണ്ടിലെ ചായത്തിന്റെ അളവ് നോക്കുന്നവരോടാണ്...; കുറിപ്പുമായി ഡോ സൗമ്യ സരിൻ
കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച എൻ രാമചന്ദ്രന്റെ മകൾ ആരതിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഡോ. സൗമ്യ സരിൻ. ആരതി ഒരു വിഷമവും ഇല്ലാതെയാണ് സംസാരിക്കുന്നത്, അച്ഛൻ മരിച്ച് കിടക്കുമ്പോഴും ലിപ്സ്റ്റിക്ക് ഇട്ടാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത് എന്നിങ്ങനെയുള്ള പരാമർശങ്ങളായിരുന്നു ആരതി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയ്ക്ക് താഴെവന്നത്.
ഈ വിമർശനങ്ങൾക്ക് സൗമ്യ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മറുപടി പറയുന്നു. നഷ്ടപ്പെട്ടത് ആരതിക്കാണെന്നും അതുകൊണ്ട് എങ്ങനെ സങ്കടപെടണം, എങ്ങനെ ദുഃഖം ആചരിക്കണം എന്നൊന്നും ആരതിയെ പഠിപ്പിക്കേണ്ടയെന്നും അവർ നോക്കിക്കോളുമെന്നും സൗമ്യ പറയുന്നു.

സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പ്....
എനിക്ക് എന്റെ അമ്മയെ നഷ്ടപെട്ടത് 2021 ഫെബ്രുവരിയിൽ ആണ്. ഒരു പരിധി വരെ ആരതിക്ക് അവളുടെ അച്ഛനെ നഷ്ടപെട്ട പോലെ... നിനച്ചിരിക്കാത്ത നിമിഷത്തിൽ...ആകെക്കൂടി ഒരു മരവിപ്പ് ആയിരുന്നു. ഞാൻ കരഞ്ഞിരുന്നോ? സാധ്യതയില്ല! വരുന്നവരുടെയും പോകുന്നവരുടെയും നൂറു നൂറു ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു മറുപടി പറഞ്ഞു ഞാൻ എനിക്ക് ഒട്ടുമേ അറിയാത്ത ഒരു ലോകത്തു ഉഴറുകയായിരുന്നു.
കരഞ്ഞതായി ഓർമയില്ല. കണ്ണിൽ നിന്നും അറിയാതെ രണ്ടു തുള്ളി കണ്ണീർ വീണത് അമ്മയുടെ ചിതക്ക് തീ കൊളുത്തിയപ്പോൾ ആണ്... അവിടെ ഞാനും അച്ഛനും അനിയനും അമ്മാമയും ഒക്കെയേ ഉണ്ടായിരുന്നുള്ളു. പറഞ്ഞു വന്നത് അതല്ല. അമ്മ മരിച്ചിട്ട് ഇന്നേക്ക് നാല് വർഷം കഴിഞ്ഞു. ഇന്നും എന്റെ നല്ലൊരു ഫോട്ടോക്കോ വീഡിയോക്കോ താഴെയും നിങ്ങൾക്ക് എന്റെ ചില " അഭ്യൂദയകാംഷികളെ " കാണാൻ സാധിക്കും. അവർ എന്റെ അമ്മയുടെ ഓർമ്മകൾ "വേദനയോടെ" അയവിറക്കുന്നത് നോക്കി എനിക്ക് ചിരി വരാറുണ്ട്.
" എന്നാലും ടീച്ചറുടെ കാര്യം ഓർക്കുമ്പോഴാണ്... " " അമ്മയുടെ ഓർമ്മകൾ വേദനിപ്പിക്കുന്നു"
"അമ്മയെ ഇപ്പോൾ ഓർക്കാറുണ്ടോ?" എന്നിങ്ങനെ പോകുന്നു അവരുടെ 'അമ്മ' വിചാരങ്ങൾ
ആരുടെ അമ്മ? എന്റെ അമ്മ! അമ്മയെ പറ്റി ഇങ്ങനെ സങ്കടത്തോടെ പറയുന്നത് തെറ്റാണോ എന്ന് നിങ്ങൾക്ക് സ്വാഭാവികമായും തോന്നണം. അമ്മയോടുള്ള സ്നേഹം കൊണ്ടാവില്ലേ? അവിടെ ആണ് ട്വിസ്റ്റ്
എന്റെ അമ്മയുടെ മൃതശരീരം ചിതയിലേക്ക് എടുക്കുമ്പോൾ വീട് നിറയെ ആളായിരുന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ അങ്ങിനെ നിറയെ ആളുകൾ... പലരും കരയുന്നു. നമ്മളെ കെട്ടിപിടിച്ചു പതം പറയുന്നു. ആശ്വസിപ്പിക്കുന്നു. നൂറു ചോദ്യങ്ങൾ ചോദിക്കുന്നു. ആകെ ബഹളം!
പക്ഷെ തിരിച്ചു വന്നപ്പോ വീട് ശൂന്യമായിരുന്നു. എല്ലാവരും പോയി. അടുത്ത ബന്ധുക്കൾ അടക്കം. ബാക്കി വന്നത് ഞങ്ങളും വിരലിൽ എണ്ണാവുന്ന കുറച്ചു പേരും.
അന്നെനിക്ക് ഒരു കാര്യം മനസ്സിലായി. നഷ്ടപെട്ടത് ഇത്രയും പേർക്ക് മാത്രമാണ്. നമ്മുടെ ആളുകൾ ഇത്രയും പേര് മാത്രമാണ്.
അതിന് ശേഷം ഈ സമൂഹത്തിന്റെ തിട്ടൂരങ്ങൾക്ക് പുല്ലു വിലയെ കൊടുത്തിട്ടുള്ളൂ...അന്ന് തിരിഞ്ഞു പോലും നോക്കാതിരുന്ന ആളുകൾ ആണ് ഇന്ന് എന്റെ അമ്മയെ അനുസ്മരിക്കുന്നത് ..
ഉദ്ദേശം ഒന്നേ ഉള്ളു...നമ്മുടെ മുഖത്തെ സന്തോഷം അവരെ ആസ്വസ്ഥരാക്കുന്നു. അപ്പോൾ എന്തെങ്കിലും പറഞ്ഞു അത് കെടുത്താൻ അവർ വൃഥാ ഒരു ശ്രമം നടത്തുന്നു...അത്രയേയുള്ളൂ. അപ്പോൾ ആരതിയുടെ ചുണ്ടിലെ ചായത്തിന്റെ അളവ് നോക്കുന്നവരോടാണ്..
പോയത് അവർക്കാണ്... നിങ്ങൾക്കല്ല! അതുകൊണ്ട് എങ്ങിനെ സങ്കടപെടണം, എങ്ങിനെ ദുഃഖം ആചരിക്കണം എന്നൊന്നും നിങ്ങൾ അവരെ പഠിപ്പിക്കേണ്ട... അവർ നോക്കിക്കോളും...അവർ അതിനുള്ള ആളുണ്ട്!












Click it and Unblock the Notifications