മോദി അധികാരത്തിൽ വന്നശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കെന്ന് തോമസ് ഐസക്
ആഗോള പട്ടിണി സൂചിക പ്രകാരം ഇന്ത്യ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. 121 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 107ാം സ്ഥാനത്താണ്. അയൽരാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയ്ക്കും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.മോദി അധികാരത്തിൽ വന്നശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കാണ് എന്ന് സംസ്ഥാനത്തെ മുൻ ധനകാര്യ മന്ത്രിയായ ഡോ. ടിഎം തോമസ് ഐസക് കുറ്റപ്പെടുത്തി.
തോമസ് ഐസകിന്റെ പ്രതികരണം: 'ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പുറകോട്ട്. 2022-ലെ റാങ്ക് 107. ഏഷ്യയിൽ നമുക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ മാത്രം. ശ്രീലങ്ക (64), നേപ്പാൾ (81), ബംഗ്ലാദേശ് (84), പാകിസ്ഥാൻ (99) തുടങ്ങിയ അയൽ രാജ്യങ്ങളുടെയെല്ലാം റാങ്ക് നമുക്ക് മുകളിലാണ്. ഇതുപോലെ മാനവ വികസന സൂചിക, സുസ്ഥിര വികസന സൂചിക തുടങ്ങി ഒരു ഡസൻ വികസന സൂചികകളുണ്ട്. മോദി അധികാരത്തിൽ വന്നശേഷം എല്ലാ സൂചികകളിലും ഇന്ത്യയുടെ റാങ്ക് താഴേക്കാണ്. ഓരോ തവണ റിപ്പോർട്ടുകൾ വരുമ്പോഴും ഇന്ത്യാ സർക്കാർ ശക്തമായി പ്രതിഷേധിക്കുകയും റിപ്പോർട്ട് നിരാകരിക്കുകയും ചെയ്യുക പതിവായിട്ടുണ്ട്. ഉദാഹരണത്തിന് പട്ടിണി സൂചികയെക്കുറിച്ച് ജൂലൈ മാസത്തിൽ ലോക്സഭയിൽ നൽകിയ മറുപടിയിൽ ഇതാണ് പറയുന്നത്: "ആഗോള പട്ടിണി സൂചിക ഇന്ത്യയുടെ യഥാർത്ഥ ചിത്രം നൽകുന്നില്ല. കാരണം പട്ടിണിക്ക് ഉപയോഗിക്കുന്ന അളവുകോൽ തെറ്റാണ്.

സൂചിക തയ്യാറാക്കാൻ ഉപയോഗിക്കുന്ന നാല് ഘടകങ്ങളിൽ പോഷകാഹാരക്കുറവ് എന്ന ഏക ഘടകം മാത്രം പട്ടിണിയുമായി നേരിട്ട് ബന്ധമുള്ളൂ. കുട്ടികളുടെ മുരടിപ്പും (stunting) ക്ഷയിക്കലും (wasting) ആണ് മറ്റു രണ്ട് ഘടകങ്ങൾ. ഇവ രണ്ടും മറ്റു പല ഘടകങ്ങളുടെയും പ്രതിപ്രവർത്തനത്തിന്റെ ഫലമാണ്.... നാലാമത്തെ ഘടകമായ ശിശുമരണ നിരക്കാവട്ടെ പട്ടണിയുമായി ബന്ധമില്ല." ഇത്തരം സൂചികകൾ ഉണ്ടാക്കുന്നതുതന്നെ പ്രതിശീർഷ ഭക്ഷണം, പ്രതിശീർഷ ഭക്ഷണച്ചെലവ് തുടങ്ങിയ നേരിട്ടുള്ള അളവുകളേക്കാൾ ഫലപ്രദം നന്നായി ഭക്ഷണം കഴിച്ചാൽ ഉണ്ടാകുന്ന പരിണിതഫലത്തെ (outcome) അളക്കുന്നതാണെന്ന ബോധ്യത്തിൽ നിന്നാണ്. അതുകൊണ്ടാണ് വെറും ജിഡിപി ഉപയോഗിക്കാതെ മാനവവികസന സൂചിക അല്ലെങ്കിൽ സുസ്ഥിരവികസന സൂചിക സൃഷ്ടിക്കാൻ മെനക്കെടുന്നത്. ഇത് ഇന്ത്യാ സർക്കാരിന് ഇതുവരെ മനസിലായിട്ടില്ല.
പട്ടിണിയെന്നാൽ ഭക്ഷണം കഴിക്കാത്ത അവസ്ഥ മാത്രമല്ല, തുടർച്ചയായി നല്ല ഭക്ഷണം കഴിക്കാതിരുന്നാൽ അത് ആരോഗ്യത്തെയും ജീവിതത്തെത്തന്നെയും പ്രതികൂലമായി ബാധിക്കും. അത് അളക്കാനാണ് പട്ടിണി സൂചിക ശ്രമിക്കുന്നത്. ഈ ഘടകങ്ങളിലെല്ലാം ഇന്ത്യ തുടർച്ചയായി പിന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നുവെന്നല്ല ആഗോള പട്ടിണി സൂചിക റിപ്പോർട്ടുകൾ വാദിക്കുന്നത്. 2022-ലെ റിപ്പോർട്ടിലെ കണക്കെടുത്താൽ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്കോർ 2000-ത്തിലെ റിപ്പോർട്ടിൽ 18.74 ശതമാനം ആയിരുന്നത് 2014-ത്തിലെ റിപ്പോർട്ടിൽ 14.8 ശതമാനമായി കുറഞ്ഞു. എന്നാൽ മോദി ഭരണകാലത്തെ 2022-ലെ റിപ്പോർട്ടിൽ അത് 16.3 ശതമാനമായി വീണ്ടും ഉയർന്നു. കുട്ടികളുടെ ബലക്ഷയത്തിൽ (child wasting) 2000-ത്തിൽ ഇന്ത്യയിലെ നിരക്ക് 17.1 ശതമാനം ആയിരുന്നത് 2014-ൽ 15.1 ശതമാനമായി ഉയർന്നു. 2022-ൽ അത് വീണ്ടും 19.3 ശതമാനമായി ഉയർന്നു.
Vastu tips: വീട്ടിലെ കിടപ്പുമുറി ശരിയായ രീതിയിലാണോ, അല്ലെങ്കില്‍ സംഭവിക്കുന്നത്
2000-ത്തിൽ കാലത്ത് കുട്ടികളുടെ മുരടിപ്പ് (child stunting) 54.2 ശതമാനം ആയിരുന്നത് തുടർച്ചയായി കുറഞ്ഞ് 2022-ൽ 35.5 ശതമാനമായി. ശിശുമരണ നിരക്കാവട്ടെ 2000-ത്തിൽ 9.2 ശതമാനം ആയിരുന്നത് തുടർച്ചയായി കുറഞ്ഞ് 2022-ൽ 3.3 ശതമാനമായി.
മേൽപ്പറഞ്ഞ കണക്കുകളുടെ അടിസ്ഥാനത്തിൽ രണ്ട് കാര്യങ്ങൾ വ്യക്തമാണ്. പൊതുവിൽ ശിശു ബലക്ഷയവും പോഷകാഹാരക്കുറവും ഒഴികെയുള്ള കാര്യങ്ങളിൽ ഇന്ത്യയുടെ സ്ഥിതി ചെറുതായി മെച്ചപ്പെട്ടു. ഇന്ത്യയുടെ ശരാശരി സ്കോർ 2000-ത്തിൽ 38.8 ആയിരുന്നത് 2014-ൽ 28.2 ആയി കുറഞ്ഞു. പക്ഷേ, മോദി സർക്കാരിന്റെ ശിശുക്കളുടെ ബലക്ഷയവും മുരടിപ്പും രൂക്ഷമായപ്പോൾ ഇന്ത്യയുടെ സ്കോർ 29.1 ആയി ഉയർന്നു. ഇതിന്റെ ഫലമായിട്ടാണ് ഇന്ത്യയുടെ റാങ്ക് ഇടിഞ്ഞത്. ഇതിനേക്കാൾ വേഗതയിൽ മറ്റു രാജ്യങ്ങളിലെ കുട്ടികളുടെ നില മെച്ചപ്പെട്ടു. അങ്ങനെ 2014-ൽ 93 ആയിരുന്ന ഇന്ത്യയുടെ ആഗോള റാങ്ക് ഇന്ന് 107 ആയി താഴ്ന്നിരിക്കുകയാണ്. ഈ യാഥാർത്ഥ്യം മനസിലാക്കി കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിനുപകരം കണ്ണടച്ച് ഇരുട്ടാക്കാനാണ് ഇന്ത്യാ സർക്കാരിന്റെ ശ്രമം'.












Click it and Unblock the Notifications