മകളുടെ മരണത്തില്‍ സംശയമുണ്ട്; പലതും വിശ്വാസ യോഗ്യമല്ല, അപ്പീല്‍ നല്‍കുമെന്ന് വന്ദനയുടെ പിതാവ്
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച് പിതാവ് മോഹന്‍ദാസ്. സിബിഐ അന്വേഷണം വേണ്ടന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ഇത്ര ശക്തമായി എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വന്ദനയുടെ അന്വേഷണം സിബി ഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സി തന്നെ വേണമെന്ന് മോഹന്‍ദാസ് വ്യക്തമാക്കി.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതിയെ സമീപിച്ചത് ഇതില്‍ യാതൊരു നടപടിയും ഉണ്ടാവാത്തത് കൊണ്ടാണ്. ഹര്‍ജി ഇരുപത് തവണയാണ് മാറ്റിവെച്ചത്. ആറ് ജഡ്ജിമാര്‍ മാറി വന്നു. ഇതിനൊക്കെ ശേഷമാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്. സര്‍ക്കാരിനെ ഞങ്ങള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
പക്ഷേ അതിശക്തമായിട്ടാണ് കോടതിയില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത്. എന്തിനായിരുന്നു അതെന്ന് മനസിലാകുന്നില്ല. എഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് കോടതിയില്‍ നേരിട്ട് ഹാജരായതും, ഞങ്ങളുടെ വാദത്തെ എതിര്‍ത്തതും. അപ്പീല്‍ ഡിവിവിഷന്‍ ബെഞ്ചിന് നല്‍കുമെന്നും വന്ദനയുടെ പിതാവ് പറഞ്ഞു.
അതേസമയം കടുത്ത ആരോപണങ്ങളാണ് മോഹന്‍ദാസ് ഉന്നയിച്ചിരിക്കുന്നത്. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. സര്‍ക്കാര്‍ അത് അനുവദിച്ച് കൊടുക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചിരുന്നു. എന്നിട്ടും എതിര്‍ത്തതെന്തിനെന്ന് അറിയില്ലെന്നും മോഹന്‍ദാസ് പറയുന്നു.
ആക്രമണം നടന്ന് നാലര മണിക്കൂറോളം മകള്‍ക്ക് ചികിത്സ ലഭിച്ചില്ല. അക്രമിയെ പോലീസ് പോലും പിടിച്ച് മാറ്റിയില്ല. എല്ലാവരും ഓടി. മകള്‍ നിലവിളിച്ചിട്ടും ആരും വന്നില്ല. പോലീസിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കുത്തുകൊണ്ട് ഒരു മണിക്കൂര്‍ വരെ വന്ദന പോലീസ് എയ്ഡ് പോസ്റ്റില്‍ ഇരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന കൊലപാതകമാണിത്. ആശുപത്രിയില്‍ എത്തിക്കുന്നത് ഒന്നര മണിക്കൂര്‍ എടുത്തുവെന്ന് എഫ്‌ഐആറ് തിരുത്തിയിട്ടുണ്ട്. അരമണിക്കൂര്‍ കൊണ്ട് എത്തേണ്ടതായിരുന്നു എന്നതാണ് മാറ്റിയത്. ആശുപത്രി സംരക്ഷണ ബില്‍ ഉണ്ടാക്കിയതിലും സംശയമുണ്ട്.
ചികിത്സ വൈകിയത് മെഡിക്കല്‍ ബില്ല് പാസാക്കാനുള്ള ശ്രമമാണോ എന്നാണ് സംശയിക്കുന്നു. ഐഎംഎ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംശയമുണ്ട്. ഒരു ഡോക്ടര്‍ പോലും ആംബുലന്‍സില്‍ ഒപ്പം പോയില്ല. പോലീസിന് വീഴ്ച്ചയില്ലെന്ന് ഹൈക്കോടതി പറഞ്ഞ എങ്ങനെ ശരിയാവും. ഏക മകളല്ലേ, ഞങ്ങള്‍ക്ക് സത്യം അറിയണമെന്നും മോഹന്‍ദാസ് പറഞ്ഞു.












Click it and Unblock the Notifications