ദ്രൗപതി മുർമു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി: മൂന്നാം റൗണ്ടില്‍ തന്നെ 50% ലേറെ വോട്ടുകളുമായി മുന്നേറ്റം
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ടില്‍ തന്നെ വിജയം ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു. മൂന്നാം റൗണ്ട് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ മൊത്തം സാധുവായ വോട്ടുകളുടെ 50% നേടാന്‍ മുർമുവിന് സാധിച്ചു. നാലാം റൗണ്ട് വോട്ടെണ്ണല്‍ കൂടി കഴിഞ്ഞതിന് ശേഷം വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും. കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡീഷ പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് മൂന്നാം റൌണ്ടില്‍ എണ്ണിയത്. ഈ റൗണ്ടിൽ ആകെ സാധുവായ വോട്ടുകൾ 1,333 ഉം വോട്ടുകളുടെ ആകെ മൂല്യം 1,65,664 ആയിരുന്നു. ഇതില്‍ ദ്രൗപതി മുർമുവിന് 812 വോട്ടും യശ്വന്ത് സിൻഹയ്ക്ക് 521 വോട്ടും ലഭിച്ചു.
ഒന്നും രണ്ടും റൌണ്ടിലും വ്യക്തമായ ഭൂരിപക്ഷം നേടി മുർമു ഏറെ മുന്നിലായിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണൽ അവസാനിച്ചപ്പോഴും യശ്വന്ത് സിൻഹയ്‌ക്കെതിരെ ദ്രൗപതി മുർമുവിന് വ്യക്തമായ ലീഡ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ആദ്യ റൌണ്ടില്‍ മുർമു 3,78,000 മൂല്യമുള്ള 540 വോട്ടുകൾ നേടി സിന്‍ഹ 1,45,600 മൂല്യമുള്ള 208 വോട്ടുകൾ കരസ്ഥമാക്കി. 15 വോട്ടുകള്‍ അസാധുവായി. പാർലമെന്റിലെ വോട്ടുകളാണ് ആദ്യ റൌണ്ടില്‍ എണ്ണിയത്. എംപിമാരില്‍ 17 പേർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തുവെന്നാണ് വാർത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോർട്ട് ചെയ്യുന്നത്.

രണ്ടാം റൌണ്ട് മുതലാണ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണാന്‍ ആദ്യം 10 സംസ്ഥാനങ്ങളുടെ ബാലറ്റ് പേപ്പർ അക്ഷരമാലാക്രമത്തിൽ എണ്ണിയപ്പോള്‍ ആകെ സാധുവായ1138 വോട്ടുകളില്‍ ( വോട്ട് മൂല്യം 1,49,575) 809 ഉം മുർമുവിന് ലഭിച്ചു. 1,05,299 മൂല്യമുള്ള വോട്ടുകളാണ് ഈ ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാർത്ഥി കരസ്ഥമാക്കിയത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 44,276 മൂല്യമുള്ള 329 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
രാവിലെ 11 മണിയോടെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടപടികൾ ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30ന് വോട്ടെണ്ണി തുടങ്ങി. വൈകിട്ട് 4 മണിയോടെ ഫലം അറിയാം. വിജയം ഉറപ്പിച്ച ദ്രൗപതി മുര്‍മുവിനെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം തീന്‍ മുക്തി മാര്‍ഗിലുളള താല്‍ക്കാലിക വസതിയിലേക്ക് എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്രൗപതി മുര്‍മുവിനെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications