ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കരണം; ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്ക് അതൃപ്‌തി, ഇന്നും ടെസ്‌റ്റുകൾ മുടങ്ങി
തിരുവനന്തപുരം: വീണ്ടും കീറാമുട്ടിയായി ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരങ്ങൾ. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്നും ടെസ്‌റ്റ് മുടങ്ങി. ടെസ്‌റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ഉണ്ടാകണമെന്ന ഉത്തരവാണ് ഇന്ന് പ്രതിഷേധത്തിനും അതൃപ്‌തിക്കും ഇടയാക്കിയത്.
മുട്ടത്തറയിൽ രാവിലെ നടന്ന ടെസ്‌റ്റ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ബഹിഷ്‌കരിക്കുകയായിരുന്നു. ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പൂർണ തൃപ്‌തരല്ലെന്നാണ് സൂചന.

ഇന്ന് 80 പേർക്ക് സ്ലോട്ട് ഉണ്ടായിരുന്നെങ്കിലും കേവലം 6 പേർ മാത്രമാണ് ടെസ്‌റ്റിന് ഹാജരായത്. സ്വകാര്യ വാഹനങ്ങളിൽ എത്തുന്ന അപേക്ഷകർക്ക് നിബന്ധന ബാധകമല്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഡ്രൈവിംഗ് ടെസ്‌റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം കഴിഞ്ഞ ദിവസമാണ് നിർബന്ധമാക്കിയത്.
ശനിയാഴ്‌ചയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉദ്യോഗാർത്ഥികളെ ടെസ്‌റ്റിനായി എത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവർ രജിസ്‌റ്ററില്‍ ഒപ്പിടണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നേരത്തെ, ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് കെബി ഗണേഷ് കുമാർ കേരളത്തിലെ കാലഹരണപ്പെട്ട ഡ്രൈവിംഗ് പരിശീലന സമ്പ്രദായവും ലൈസൻസ് നൽകാനുള്ള ടെസ്‌റ്റും ഒക്കെ മാറ്റുമെന്ന നിർണായക പ്രഖ്യാപനം നടത്തിയത്. വലിയ രീതിയിലുള്ള വെല്ലുവിളിയാണ് ഇക്കാര്യത്തിൽ വിവിധ കോണുകളിൽ നിന്ന് ഉയർന്നത്.
എന്നാൽ ആഗോള തലത്തിൽ പോലും പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയിലുള്ള പരിശീലന സമ്പ്രദായങ്ങളാണ് ആവശ്യമെന്നും അതുകൊണ്ട് തന്നെ കൂടുതൽ കർശനമായ നടപടികൾ വേണമെന്നുമായിരുന്നു മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട്. ഇതിന്റെ തുടർച്ചയായാണ് പല പരിഷ്‌കാരങ്ങളും വകുപ്പ് നടപ്പാക്കി വരുന്നത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ശനിയാഴ്‌ച വന്ന ഉത്തരവ്.
നേരത്തെ സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കരിച്ച് സര്‍ക്കാര്‍ മെയ് മാസത്തിൽ ഉത്തരവ് പുറത്തിറക്കിയിരുന്നു. പരിഷ്‌കരണത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ പരിഗണിച്ചാണ് അന്ന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ അതിലൊന്നും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ തൃപ്‌തരല്ലെന്നാണ് പുതിയ സംഭവങ്ങൾ നൽകുന്ന സൂചന.












Click it and Unblock the Notifications