ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരം; ഗണേഷുമായി ഇടഞ്ഞ് സിഐടിയു, വിട്ടുവീഴ്‌ചയ്ക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരത്തിൽ മന്ത്രി കെബി ഗണേഷ് കുമാറും സിഐടിയുവും തമ്മിലുള്ള ഭിന്നത മുറുകുന്നു. ജൂലൈ ഒന്നിന് മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്നാണ് സിഐടിയു അറിയിച്ചത്. എന്നാൽ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. ഇതോടെ വിഷയം സിപിഎമ്മിനും തലവേദനയാവുകയാണ്.
ഡ്രൈവിംഗ് ടെസ്‌റ്റ് പരിഷ്‌കാരം എന്തിനാണെന്ന കാര്യം കഴിഞ്ഞ ദിവസം മന്ത്രി തന്നെ വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചിരുന്നു. അപകടം ഒഴിവാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഡ്രൈവിംഗ് ടെസ്‌റ്റുകളുടെ എണ്ണത്തിൽ പൊന്നാനിയിലെ എംവിഐ ഒരു ദിവസം 251 ടെസ്‌റ്റുകൾ വരെ നടത്തിയത് മന്ത്രി എടുത്തു പറയുകയുണ്ടായി.

ഇത്തരത്തിൽ ചെയ്യുമ്പോൾ രണ്ട് മിനിറ്റിൽ താഴെ മാത്രമാണ് ഒരു ടെസ്‌റ്റിന് എടുത്ത സമയം എന്നായിരുന്നു മന്ത്രി പറഞ്ഞത്, എന്നാൽ തലസ്ഥാനത്ത് എത്തിച്ച് വീണ്ടും ടെസ്‌റ്റ് നടത്തിച്ചപ്പോൾ ഒന്നിന് 18 മിനിറ്റ് വരെയാണ് എടുത്തതെന്നും ഗണേഷ് കുമാർ പറയുന്നു. ടെസ്‌റ്റ് കൃത്യമായി നടത്താതെയാണ് ആളുകളെ പാസാക്കുന്നത് എന്ന കാര്യം ഇതിലൂടെ വ്യക്തമാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു.
നേരത്തെ ഗണേഷ് കുമാറിനെ പരസ്യമായി വഴി നടത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി സിഐടിയു രംഗത്ത് വന്നിരുന്നു. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണ വിഷയത്തിൽ തൊഴിലാളികളുമായി ചർച്ച നടത്തി തീരുമാനത്തിൽ എത്തണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. ഇതിന് പിന്നാലെ ചർച്ച നടന്ന് താൽക്കാലിക പരിഹാരമായെങ്കിലും വീണ്ടും ഇരുകൂട്ടരും രണ്ട് തട്ടിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇതോടെ സ്വന്തം സർക്കാരിലെ മന്ത്രിക്കെതിരെ പടപ്പുറപ്പാടിന് ഇറങ്ങുകയാണ് സിഐടിയു. നേരത്തെ വിഷയത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിന് ധർണ ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു. മറ്റ് നീക്കങ്ങൾ ഒന്നും ഫലം കാണാതെ വന്നതോടെയാണ് ഇപ്പോൾ സിഐടിയു ഗണേഷിന്റെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
കേരളത്തിലെ ഡ്രൈവിംഗ് ടെസ്‌റ്റ് രീതികൾ പരിഷ്‌കരിക്കുമെന്ന് മന്ത്രിയായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ തന്നെ ഗണേഷ് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഇതിന് വിവിധ കോണുകളിൽ നിന്ന് നേരിടേണ്ടി വന്നത്. എന്നാൽ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ എതിർപ്പിന് ഇടയിലും പരിഷ്‌കാരം തുടരുമെന്നാണ് ഗണേഷ് നൽകുന്ന സൂചന.
അതേസമയം, കേരളത്തിലെ ഡ്രൈവിംഗ് പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് അന്യസംസ്ഥാന ലൈസൻസുകൾ സംഘടിപ്പിച്ചു നൽകുന്ന ഏജന്റുമാർ വ്യാപകമാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യയിൽ എവിടെ നിന്നും ലൈസൻസ് എടുക്കാമെന്നതിനാൽ തന്നെ കൂടുതൽ പണം നൽകി കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് പലരുടെയും ശ്രമം. ഇതിനെതിരെ ഗണേഷ് കുമാർ എന്ത് നടപടിയാവും സ്വീകരിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.












Click it and Unblock the Notifications