'വ്യവസായ മേഖലയിൽ ഒരു നിശബ്ദ വിപ്ലവം, ഏഴു മാസം എഴുപത്തി മൂവായിരത്തോളം സംരംഭങ്ങൾ'
കൊച്ചി: സംസ്ഥാനത്തെ വ്യവസായ രംഗത്ത് മന്ത്രി പി രാജീവിന് കീഴിൽ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. പൂട്ടിക്കിടന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നത് സനോജ് ചൂണ്ടിക്കാട്ടുന്നു. വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ വൻ വിജയത്തിലേക്ക് പോകുന്നതും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വികെ സനോജ് എടുത്ത് പറയുന്നു.
കുറിപ്പ് വായിക്കാം: 'കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പ് എന്നായിരുന്നു ഒരു കാലത്ത് മലയാളത്തിലെ ഒരു പ്രമുഖ പത്രം നൽകിയ തലക്കെട്ട്. ചില സങ്കുചിത വ്യവസായ താല്പര്യക്കാരുടെ പരിഭവങ്ങൾ പൊലിപ്പിച്ച് കേരളത്തെ വ്യവസായ വിരുദ്ധ സംസ്ഥാനമാക്കി ചിത്രീകരിക്കാൻ എല്ലാ കാലത്തും പൊതുബോധം നിർമ്മിച്ചവരിൽ മുൻപന്തിയിലാണ് ഇവിടെയുള്ള മാധ്യമങ്ങൾ. അവർ ഇന്ന് നമ്മളോട് പറയാൻ സാധ്യതയില്ലാത്ത തരം വ്യവസായ വിപ്ലവമാണ് മന്ത്രി പി. രാജീവിന് കീഴിൽ സംസ്ഥാനത്തെ വ്യവസായ വകുപ്പിൽ നടന്ന് കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് (എച്ച്‌എൻഎൽ) ഏറ്റെടുത്ത് കേരള സർക്കാർ പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിൽ (കെപിപിഎൽ) നവംബർ ഒന്നിന് ഉൽപ്പാദനം ആരംഭിക്കുകയാണ്.

മൂന്നര വർഷത്തിലേറെ പൂട്ടിക്കിടന്ന സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പദ്ധതി തയ്യാറാക്കി തുറന്നുപ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിലാദ്യമാണ്. ഉൽപ്പാദനം ആരംഭിക്കുന്നതോടെ വർഷം 3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറും. മൂവായിരം പേർക്ക് തൊഴിലും വർഷം അഞ്ചുലക്ഷം മെട്രിക് ടൺ ഉൽപ്പാദനവുമാണ് ലക്ഷ്യമിടുന്നത്. ഉന്നത ഗുണമേന്മയുള്ള ന്യൂസ്‌പ്രിന്റും 52---70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉൽപ്പാദിപ്പിക്കും. പാക്കേജിങ്, പേപ്പർ ബോർഡുകളും നോട്ടുബുക്കുകൾക്കും ടെക്‌സ്‌റ്റ് ബുക്കുകൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും ലക്ഷ്യമിടുന്നുണ്ട്. ഈ സാമ്പത്തികവർഷംതന്നെ കമ്പനി ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. 1979ൽ കേരളം നൽകിയ 700 ഏക്കർ ഭൂമിയിൽ ആരംഭിച്ച എച്ച്എൻഎൽ രാജ്യത്തെ പ്രമുഖ ന്യൂസ്‌പ്രിന്റ് ഫാക്‌ടറിയായിരുന്നു. പിന്നീട് നഷ്‌ടത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ കമ്പനി പൂട്ടി വിൽപ്പനയ്ക്ക് വച്ചു. സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന കേന്ദ്രം പരിഗണിച്ചില്ല. തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലത്തിൽ പങ്കെടുത്ത് കേരളം കമ്പനി ഏറ്റെടുത്തു പൊതുമേഖലയിൽ നിലനിർത്തുകയാണ് ചെയ്തത്.
Skin Care: മുഖത്തെ കരുവാളിപ്പ് മാറാൻ തണ്ണിമത്തൻ മതി! എങ്ങനെയാണെന്നോ?
രണ്ടാം പിണറായി സർക്കാർ നാടിന് സമർപ്പിക്കുന്ന മറ്റൊരു ബദൽ വികസന മാതൃകയാണിത്. കേന്ദ്ര ഗവണ്മെന്റ് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കാൻ പ്രത്യേകം മന്ത്രിയെ നിയോഗിക്കുമ്പോഴാണ് സംസ്ഥാന സർക്കാർ അടച്ചു പൂട്ടിയ പൊതുമേഖലാ സ്ഥാപനം ഏറ്റെടുത്തു ലാഭത്തിലാക്കി അനേകം പേർക്ക് തൊഴിൽ നൽകുന്നത്. പിണറായി സർക്കാർ അധികാരമേറ്റ ഏറ്റെടുത്തു ലാഭത്തിലാക്കിയ ഒരു ഡസനോളം പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ കെ.പി.പി.എൽ എന്ന പേരും ചേർക്കപ്പെടും. ഇത് കൂടാതെ വ്യവസായ മേഖലയിൽ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്, ഒരു സാമ്പത്തിക വർഷം ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) തുടങ്ങുക എന്ന ലക്ഷ്യത്തിൽ കഴിഞ്ഞ എപ്രിലിൽ സംസ്ഥാന വ്യവസായവകുപ്പ് മുന്നോട്ട് വച്ച പദ്ധതിയാണ് 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'.
ഭക്ഷ്യ സംസ്കരണം,മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്ക് പ്രാധാന്യം നൽകാനായിരുന്നു ഇതിൽ സർക്കാർ തീരുമാനം.ഓരോ ജില്ലയിലും ഓരോ കാർഷിക വിളകൾ നിശ്ചയിച്ച് സംരംഭകത്വം പ്രോഹത്സാഹിപ്പിക്കാനുള്ള ശ്രമവും നടന്നു.നാലുശതമാനം പലിശനിരക്കിൽ പത്തു ലക്ഷം രൂപ വരെ വായ്‌പ നൽകുക,സംരഭക താത്പര്യമുള്ളവർക്ക് എല്ലാ തദ്ദേശ സ്ഥപനങ്ങളിലും ഹെല്പ് ഡെസ്ക് ഒരുക്കുക ഇതാണ് സ്വീകരിച്ച ആദ്യ നടപടി.
ഈ പദ്ധതി പ്രഖ്യാപിച്ച് ഏഴു മാസം പിന്നിട്ടപ്പോഴേക്കും എഴുപത്തി മൂവായിരത്തോളം സംരംഭങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു,അതുവഴി നാലായിരത്തി അഞ്ഞൂറ്റിയെഴുപത് കോടിയുടെ നിക്ഷേപമാണ് കേരളത്തിൽ നടന്നത്. രാജ്യത്ത് തന്നെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഏറ്റവും കൂടുതൽ വ്യവസായ വളർച്ച കൈവരിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പല്ല , കേരളം വ്യവസായികളുടെ പറുദീസയാണ്. കൃത്യമായ വ്യവസായ മാനദണ്ഡങ്ങളും തൊഴിൽ നിയമങ്ങളും പാലിച്ച് വ്യവസായം ചെയ്യുന്നവരുടെ ആദ്യ പ്രയോരിറ്റിയാണ് കേരളം. വരും കാലങ്ങളിൽ സുസ്ഥിരമായ വ്യവസായ വികസനത്തിന് രാജ്യത്തിന് തന്നെ മാതൃകയായി നിറഞ്ഞു നിൽക്കാൻ പോകുകയാണ് കേരളം.












Click it and Unblock the Notifications