• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് കാല കേരളത്തിലെ പൊതുവിദ്യാഭ്യാസം, യൂനിസെഫ് റിപ്പോർട്ട് നാടിന് സമർപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡ് 19 കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ വരച്ചു കാട്ടുന്ന യൂനിസെഫ് റിപ്പോർട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ ഐ. എ. എസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറി. റിപ്പോർട്ട് കേരളീയ സമൂഹത്തിന് സമർപ്പിക്കുന്നതായി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു. കെ. ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ ഡോ. സി.രാമകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് 19 കാലഘട്ടത്തിൽ ലോകം മുഴുവൻ പകച്ചു നിന്നപ്പോൾ കേരളം എങ്ങനെയാണ് പുതുവഴികൾ തേടിയത് എന്ന സംക്ഷിപ്ത വിവരണമാണ് റിപ്പോർട്ടിലുള്ളത് എന്ന് മന്ത്രി വ്യക്തമാക്കി. ''കൊവിഡ്19 മഹാമാരി മനുഷ്യജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി. രോഗവാഹകർ മനുഷ്യൻ തന്നെ ആയതിനാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാവരും വീടുകളിൽ തന്നെ കഴിയാൻ നിർബന്ധമായി. ലോകരാജ്യങ്ങൾ മിക്കവയും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മനുഷ്യകുലത്തിന് പരിചിതമല്ലാത്ത സാഹചര്യമാണ് ഇതുവഴി സംജാതമായത്''.

''കൂട്ടം കൂടുക, കളിക്കുക എന്നിവ കുട്ടികളുടെ സഹജവാസനയും ജീവിതശീലവുമാണ്. ഇത് നിഷേധിക്കപ്പെട്ടു. കുട്ടികൾ ഏറെ സുരക്ഷിതർ ആകുന്നത് കൂട്ടങ്ങളിലാണ്. പ്രത്യേകിച്ചും സ്കൂൾ ക്യാമ്പസുകളിൽ. സ്കൂളുകൾ അനിശ്ചിതമായി അടച്ചുപൂട്ടിയത് കുട്ടികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇത് കുട്ടികളിലുണ്ടാക്കിയ ആകാംക്ഷയും സമ്മർദവും പിരിമുറുക്കവും വളരെ വലുതാണ്. ഈ കാലഘട്ടത്തിലാണ് കുട്ടികളുടെ മാനസികോല്ലാസത്തിനും ആത്മവിശ്വാസം വികസിപ്പിക്കാനും ഉതകുന്ന പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവന്നത്''; മന്ത്രി വ്യക്തമാക്കി.

'' പ്രതിസന്ധിഘട്ടങ്ങളിൽ നവപാതകൾ വികസിപ്പിക്കാനുള്ള കേരളീയ സമൂഹത്തിന്റെ കഴിവും മികവും ഈ ഘട്ടത്തിൽ പ്രകടമായി. ഇക്കാര്യം വളരെ സൂക്ഷ്മമായി യൂണിസെഫ് ഡോക്യുമെന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ആമുഖക്കുറിപ്പിൽ യൂനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻട്രിയേറ്റ ഫോറെയുടെ നിരീക്ഷണം പ്രധാനമാണ്. 'മഹാമാരികൾ അസമത്വങ്ങൾ വർദ്ധിപ്പിക്കും, ആരോഗ്യസുരക്ഷയെ ബാധിക്കും, ആക്രമം വർദ്ധിപ്പിക്കും, ബാലവേല,ശിശു വിവാഹങ്ങൾ എന്നിവയെല്ലാം വർദ്ധിക്കും. കൊഴിഞ്ഞുപോക്ക് നിരക്ക് കൂടും. വിദ്യാഭ്യാസരംഗത്ത് നേടിയ നേട്ടങ്ങളെയെല്ലാം ദോഷകരമായി ബാധിക്കും''.

'' ഇത്തരമൊരു ഭീതി നിലനിൽക്കുമ്പോഴാണ് എല്ലാ കുട്ടികളെയും ചേർത്തുപിടിച്ചുകൊണ്ട് കേരളം ജൂൺ ഒന്നിന് തന്നെ ഡിജിറ്റൽ ക്ലാസ് ആരംഭിച്ചത്. ഡിജിറ്റൽ പ്രാപ്യത ഇല്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്ന് ബഹു.മുഖ്യമന്ത്രി അഭ്യർത്ഥിച്ചപ്പോൾ കേരളീയസമൂഹം കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രതികരിച്ച രീതി ലോകത്തിനു തന്നെ നവ്യമായ അനുഭവമായി മാറിയെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. അതുപോലെ കേരളത്തിലെ പൊതുവിദ്യാഭ്യാസ അവസ്ഥയും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്''.

''യൂണിസെഫ് രേഖ വിശദമാക്കുന്ന മറ്റൊരുകാര്യം കോവിഡ്19 പ്രോട്ടോകോൾ നിലവിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ നടത്തിയ പൊതുപരീക്ഷകൾ സംബന്ധിച്ചാണ്. എല്ലാവകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ട് എങ്ങനെയാണ് ഏറ്റവും മികച്ച നിലയിൽ പ്രോട്ടോകോൾ എല്ലാം പാലിച്ചുകൊണ്ട് പരീക്ഷ നടത്തിയത് എന്ന കാര്യം റിപ്പോർട്ട് വിശദീകരിക്കുന്നു. നാട് കോവിഡ് മൂലം ഗുരുതരമായ പ്രതിസന്ധിയിൽപ്പെടുമ്പോൾ പൊതുഇടങ്ങൾ എങ്ങനെയാണ് രക്ഷാമാർഗങ്ങൾ ആകുന്നത് എന്ന് യൂണീസെഫ് റിപ്പോർട്ട് വിശദീകരിക്കുന്നു. ലോകം എങ്ങനെയാണ് കേരളത്തെ കാണുന്നതെന്നറിയാൻ യൂനിസെഫ് റിപ്പോർട്ട് എല്ലാവരും വായിക്കുന്നത് ഉചിതമായിരിക്കും എന്നും മന്ത്രി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.

English summary
Education Minister on UNICEF report on education in Kerala during Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X