'ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമം, റിപ്പോർട്ട് പുറത്തുവിടണം'; സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും അതിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനാണ് ശ്രമമെന്നും മന്ത്രി സജി ചെറിയാൻ. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാരിനോട് സാംസ്‌കാരിക വകുപ്പിനോ റോളില്ലെന്നും സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് അത് പുറത്തുവിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടുക എന്നത് വ്യക്തികളുടെ താൽപര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക വകുപ്പിനോട് റിപ്പോർട്ട് തേടേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി പറഞ്ഞ സമയത്തിനുള്ളിൽ റിപ്പോർട്ട് പുറത്തുവരുമെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ സജി ചെറിയാൻ അത് പുറത്തുവിടുക എന്നത് തന്നെയാണ് സർക്ക നിലപാടെന്നും അറിയിച്ചു.

സ്ത്രീകൾ ചൂഷണം നേരിടുന്നുണ്ടെങ്കിൽ ഉറപ്പായും നിയമ നടപടി സ്വീകരിക്കും. ഇതിൽ വെപ്രാളത്തിന്റെ ആവശ്യമില്ലെന്നും സമയം കഴിയുന്നതിനുള്ളില്‍ പുറത്തുവിടുന്നതിനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധി നിഷേധിക്കാന്‍ സാധിക്കുമോ, സര്‍ക്കാരിന് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവിയും റിപ്പോർട്ട് പുറത്തുവിടണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. നടി രഞ്ജിനിയുടെ ഹർജി കോടതി തള്ളുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ആശങ്കകൾക്ക് ഒന്നും അടിസ്ഥാനമില്ല, എല്ലാവരുടെയും സ്വകാര്യത മാനിച്ചു കൊണ്ടായിരിക്കും റിപ്പോർട്ട് പുറത്തുവിടുകയെന്നും അവർ ചൂണ്ടിക്കാട്ടി.
അതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പരിശോധിക്കുന്നതിന് എന്റർടെയ്ൻമെന്റ് ട്രിബ്യൂണൽ വേണമെന്ന ആവശ്യവുമായി നടി രഞ്ജിനി രംഗത്ത് വന്നൂർ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താൻ എതിരല്ല, എന്നാൽ മൊഴി കൊടുത്ത വ്യക്തിയെന്ന നിലയിൽ വിശദാംശങ്ങൾ അറിയാൻ അർഹത ഉണ്ടെന്നാണ് അവർ പറഞ്ഞത്.
വനിതാ കമ്മീഷനെ രഞ്ജിനി കുറ്റപ്പെടുത്തി. ഇക്കാര്യം കമ്മീഷൻ തന്നെ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവർക്ക് കോടതിയിൽ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെടാമായിരുന്നു. എന്നാൽ അത് ചെയ്‌തില്ല. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നാണ് രഞ്ജിനി പറയുന്നത്. ഇത്ര വർഷമായിട്ടും നമ്മൾ നൽകിയ മൊഴിയെ കുറിച്ചുള്ള ഒരു വിവരവും അറിയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ഇന്ന് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തിൽ തിരക്കിട്ട് റിപ്പോർട്ട് പുറത്തുവിടേണ്ട എന്നായിരുന്നു തീരുമാനം. തിങ്കളാഴ്‌ച രഞ്ജിനിയുടെ ഹർജി കോടതി പരിഗണിക്കുന്നുണ്ട്. ഇതിന് ശേഷമാവും ഇതിന്റെ തുടർനടപടികൾ.












Click it and Unblock the Notifications