ഷാറൂഖിന്റെ കരളിന്റെ പ്രവര്‍ത്തനം തകരാറില്‍; മുഖത്തെ പാട് പൊള്ളലേറ്റുണ്ടായതല്ല; മെഡിക്കല്‍ റിപ്പോര്‍ട്ട്
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ കരളിന്റെ പ്രവര്‍ത്തനം തകരാറില്‍. പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാരൂഖ് സെയ്ഫിയ്ക്ക് നേരത്തെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ഞപ്പിത്ത ബാധ കരളിലേക്കും പടര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ട്രെയിനില്‍ സഹയാത്രികര്‍ക്ക് മേല്‍ പെട്രോളിച്ച് തീകൊളുത്തുന്നതിനിടെ ഷാരൂഖ് സെയ്ഫിക്കും പൊള്ളലേറ്റിരുന്നെങ്കിലും ഇത് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. ഷാറുഖ് സെയ്ഫിയുടെ പൊള്ളല്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമായി. ഷാറൂഖ് സെയ്ഫിയുടെ ഇരുകൈകളിലും മാത്രമാണ് പൊള്ളല്‍ ഏറ്റിട്ടുള്ളത്. പെട്രോളിച്ച ശേഷം തീ കൊളുത്തുന്നതിനിടെ സംഭവിച്ചതായിരിക്കാം ഇത്.

എന്നാല്‍ മുഖത്തേറ്റ പരിക്ക് പൊള്ളലില്‍ നിന്നുണ്ടായതല്ല. ദേഹം മുഴുവന്‍ ഉരഞ്ഞ പാടുകള്‍ ഉണ്ട്. ഇത് ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ സംഭവിച്ചതാകാം എന്നാണ് നിഗമനം. മുഖത്തും ഉരഞ്ഞ പാടുകളുണ്ട്. ഈ പരിക്ക് മൂലമാണ് കണ്ണ് നീര് വെച്ചത്. എന്നാല്‍ കാഴ്ചയ്ക്ക് തകരാറൊന്നുമില്ല. ഷാറൂഖ് സെയ്ഫിയുടെ ചെറുവിരലില്‍ നാല് ദിവസം പഴക്കമുള്ള മുറിവുണ്ട് എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറുഖ് സെയ്ഫിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഈ സെല്ലിന് പുറത്തുമാത്രം 20 പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരവും പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം ഇന്നലെയാണ് മഹാരാഷ്ട്രയില്‍ നിന്ന് കേരള പൊലീസ് ഷാറൂഖ് സെയ്ഫിയെ സംസ്ഥാനത്ത് എത്തിച്ചത്.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ വൈദ്യ പരിശോധനയില്‍ ഷാറൂഖ് സെയ്ഫിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനാല്‍ തന്നെ ഷാറൂഖിന് കസ്റ്റഡിയില്‍ വാങ്ങാനും പൊലീസിന് സാധിച്ചിട്ടില്ല. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് നീളും.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
ഇന്നലെ പ്രാഥമിക മൊഴി ഷാറൂഖ് സെയ്ഫി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ട്രെയിന്‍ ആക്രമണം തന്റെ കുബുദ്ധിയില്‍ നിന്ന് ഉണ്ടായതാണ് എന്നാണ് ഷാറൂഖ് സെയ്ഫി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആക്രമണത്തിന് എന്തിന് കേരളം തന്നെ തിരഞ്ഞെടുത്തു, പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയോ, റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെ പ്രതി തള്ളിയിട്ട് കൊന്നതാണോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്.
കേരളത്തിലേക്ക് ആദ്യമായാണ് വരുന്നത് എന്നും ആക്രമണത്തിന് ശേഷം അതേ ട്രെയിനില്‍ തന്നെയാണ് കണ്ണൂരില്‍ എത്തിയത് എന്നും ഷാറൂഖ് സെയ്ഫി പറഞ്ഞിട്ടുണ്ട്. പൊലീസുകാര്‍ റെയില്‍വേ സ്റ്റേഷന്‍ പരിശോധിക്കുമ്പോള്‍ അതേ സ്‌റ്റേഷനില്‍ ഷാറൂഖ് ഒളിച്ചിരിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ആരുടേയും സഹായം ലഭിച്ചിട്ടില്ല എന്നാണ് ഷാറൂഖ് പറയുന്നത്. എന്നാല്‍ ഇതില്‍ പലതിലും അവ്യക്തതയുണ്ട് എന്നാണ് പൊലീസ് നിലപാട്.












Click it and Unblock the Notifications