വടക്കൻ കേരളത്തിൽ നിർണായകമാവുമോ പ്രവാസി വോട്ടുകൾ? യുദ്ധം മൂലം യാത്ര മുടങ്ങി, ഉറ്റുനോക്കി മുന്നണികൾ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. 140 മണ്ഡലങ്ങളിലേക്ക് ഒരുമിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് മുന്നണികൾ മത്സര രംഗത്തുള്ള ഈ തിരഞ്ഞെടുപ്പ് എല്ലാവർക്കും ഒരുപോലെ നിർണായകമാണ്. ഭരണം നിലനിർത്താൻ ഇടത് മുന്നണിയും അധികാരം പിടിച്ചെടുക്കാൻ യുഡിഎഫും കറുത്ത കുതിരയാവാൻ എൻഡിഎയും ഇറങ്ങുമ്പോൾ ഇക്കുറി നിർണായകമാവുന്ന ഘടകങ്ങളിൽ ഒന്ന് പ്രവാസികളുടെ വോട്ട് തന്നെയായിരിക്കും.
സാധാരണഗതിയിൽ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പോലും വോട്ട് രേഖപ്പെടുത്താനായി കൂടുതൽ പ്രവാസികൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് കേരളത്തിലേക്ക് എത്താറുണ്ട്. അത് വർഷങ്ങളായി തുടർന്ന് പോരുന്നൊരു പതിവ് കൂടിയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇതിന്റെ ഉദാഹരണം നാം കണ്ടതാണ്. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിത്രം മറ്റൊന്നാണ്. പ്രവാസികളുടെ കാര്യത്തിൽ മുന്നണികൾ ആശങ്കയിലുമാണ്.

ഇറാൻ- ഇസ്രായേൽ, യുഎസ് യുദ്ധം വിനയായോ?
ഉയർന്ന ടിക്കറ്റ് റേറ്റും സുരക്ഷാ പ്രശ്‌നങ്ങളും ഒക്കെയായി ഇത്തവണ യുദ്ധമാണ് പ്രവാസികളെ പിന്നോട്ട് വലിക്കുന്ന പ്രധാന ഘടകം. ഇറാൻ സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെയും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറിയിട്ടില്ല. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രയ്ക്ക് ഇപ്പോഴും തടസങ്ങൾ ഏറെയാണ്. നാട്ടിൽ എത്തിയാലും തിരിച്ചുപോക്ക് ഉൾപ്പടെ വലിയ വെല്ലുവിളി ആയിരിക്കും.
ഇതോടെ പ്രവാസികൾ ഒന്നാകെ ആശങ്കയിൽ ആയിരുന്നു. ഇരുവശത്തേക്കുമുള്ള യാത്രയ്ക്ക് ചിലവേറിയതോടെ കഴിഞ്ഞ തവണ എത്തിയവരിൽ പലരും മടിച്ചു നിന്നിരുന്നു. ഈ വർഷത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രവാസികളുടെ വോട്ട് നിർണായകമാകും എന്ന് പറഞ്ഞാൽ പോലും അതിശയോക്തി ഇല്ല. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ആയിരിക്കും ഇത് കൂടുതൽ പ്രതിഫലിക്കുക.
വോട്ട് കൂടുതൽ കോഴിക്കോട്
സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടർമാരാണ് ഉളളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ 1,90,090 പുരുഷന്മാരും 33,458 സ്ത്രീകളും 10 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും കോഴിക്കോട് (57,679 വോട്ടർമാർ), കണ്ണൂർ (52,163), മലപ്പുറം (39,501), തൃശൂർ (22,249), കാസർഗോഡ് (11,462) എന്നീ ജില്ലകളിൽ നിന്നുള്ളവരാണ്. തെക്കൻ ജില്ലകളിൽ ഭൂരിഭാഗം ഇടങ്ങളിൽ പതിനായിരത്തിൽ താഴെ പ്രവാസി വോട്ടർമാരെ ഉള്ളൂ.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ആയിരത്തോളം പ്രവാസിവോട്ടർമാരുള്ള 47 മണ്ഡലങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ പലയിടത്തും 2021ൽ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു പലരുടെയും ജയം. അങ്ങനെയുള്ളപ്പോൾ പ്രവാസി വോട്ടർമാരുടെ അഭാവം നിർണായകമാകും എന്നാണ് വിലയിരുത്തൽ.
ഉദാഹരണം കുറ്റ്യാടി മണ്ഡലം
ഏറ്റവുമധികം പ്രവാസി വോട്ടുള്ള കോഴിക്കോട് ജില്ലയിൽ തന്നെ കൂടുതൽ വോട്ടർമാരുള്ള മണ്ഡലം കുറ്റ്യാടിയാണ്, ആകെ 16,002 വോട്ട്. കഴിഞ്ഞ തവണ, അതായത് 2021ൽ കുറ്റ്യാടി മണ്ഡലത്തിൽ സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടി മാസ്‌റ്ററുടെ വിജയം വെറും 333 വോട്ടിനായിരുന്നു എന്നതാണ് പ്രത്യേകത. അവിടെയാണ് പ്രവാസികളുടെ വോട്ട് നിർണായകമാവുന്നത്. ഇക്കുറി പക്ഷേ അത്രത്തോളം പ്രവാസികൾ വോട്ട് രേഖപ്പെടുത്താനായി എത്തിയിട്ടില്ലെന്നാണ് വിവരം.
കുറ്റ്യാടിക്ക് പുറമേ നാദാപുരം, 12,424 വോട്ട്, തിരൂർ, 9,405, കല്യാശ്ശേരി, 8,097, കൂത്തുപറമ്പ്, 6,839, പൊന്നാനി, 6,071, താനൂർ, 4,027, കോട്ടക്കൽ, 4,989, തവനൂർ,3,446 തൃത്താല, 2,570 എന്നീ മണ്ഡലങ്ങളുടെ ഫലത്തിലും പ്രവാസി വോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് നിർണായക ഘടകമാണ്. അവിടെയാണ് ഇത്തവണത്തെ യുദ്ധവും യാത്രാ സൗകര്യങ്ങളിലെ അഭാവവും ഉയർന്ന ടിക്കറ്റ് റേറ്റുമൊക്കെ തിരിച്ചടിയാവുന്നത്.
ഉറ്റുനോക്കി മുന്നണികൾ
പ്രവാസി വോട്ടുകൾ നിർണായകമാവുന്ന സാഹചര്യത്തിൽ നിലവിലെ സാഹചര്യം ഉറ്റുനോക്കുകയാണ് മുന്നണികൾ. വടക്കൻ കേരളത്തിലെ ഫലത്തിൽ പ്രവാസികളുടെ വോട്ടുകൾ നിർണായകമാണെന്ന കാര്യം രഹസ്യമല്ല. എങ്കിലും മുൻ വർഷങ്ങളിലേത് പോലെ ഇക്കുറി പ്രവാസികൾ കൂട്ടത്തോടെ എത്താത്തതിനാൽ മുന്നണികൾ ഒരുപോലെ ആശങ്കയിലാണ്.












Click it and Unblock the Notifications