'തിരഞ്ഞെടുപ്പ് പ്രചരണം പിണറായിയെ കേന്ദ്രീകരിച്ചായത് ദോഷകരമായി'; വിമർശനവുമായി സിപിഐയും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായിയെ പ്രതിക്കൂട്ടിൽ നിർത്തി സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വീഴ്‌ചകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നിരിക്കുന്നത്. സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടത്തിയ നവകേരള സദസ് പരാജയമാണെന്നും യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി. തൃശൂർ മേയർ എംകെ വർഗീസിനെതിരെയും വിമർശനമുണ്ടായി.
മുന്നണിയും സർക്കാരുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതിന്റെ അപകടമാണ് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത് എന്നാണ് സംസ്ഥാന കൗൺസിലിൽ ആരോപിച്ചത്. പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണം ദോഷകരമായി എന്ന വിലയിരുത്തലാണ് ഇതിലൂടെ സിപിഐ മുന്നോട്ട് വയ്ക്കുന്നത്.

കടുത്ത വിമർശനമാണ് സംസ്ഥാന കൗൺസിലിൽ ഉയർന്നത്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ബംഗാളിലേക്കുള്ള ദൂരം കുറയുമെന്നാണ് അഭിപ്രായം ഉയർന്നത്. നവ കേരള സദസ് വന്‍ പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി രാഷ്ട്രീയ ജാഥയായിരുന്നു നടത്തേണ്ടിയിരുന്നത്. അത് നടക്കാത്തത് രാഷ്ട്രീയ പ്രചരണത്തെ സാരമായി ബാധിച്ചുവെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു.
പിണറായി വിജയനെതിരെ സ്വന്തം പാർട്ടിയിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതിനെ പിന്നാലെയാണ് സിപിഐയുടെ ഭാഗത്ത് സമാന നടപടി ഉണ്ടാവുന്നത്. കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റ് സഖ്യ കക്ഷികളും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് പങ്കുവച്ചത്, എന്നാൽ ഇതിനോട് ജോസ് കെ മാണി അനുകൂലമായി പ്രതികരിച്ചില്ല. പിണറായിയെ ന്യായീകരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
അതേസമയം, തൃശൂർ മേയർ എംകെ വർഗീസിനെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. വർഗീസിനെ മാറ്റണമെന്നാണ് ഉയർന്ന പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് തൃശൂരില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങളാണ് ആവശ്യപ്പെട്ടത്. മേയറുമായി ഒത്തുപോകാൻ കഴിയില്ലെന്നാണ് സിപിഐ നൽകുന്ന സന്ദേശം.
നേരത്തെ സുരേഷ് ഗോപിയുമായി മേയർ കൂടിക്കാഴ്‌ച നടത്തിയത് തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്നാണ് പാർട്ടിയുടെ ആരോപണം. എംകെ വർഗീസ് സുരേഷ് ഗോപിയെ പുകഴ്ത്തി സംസാരിച്ചതും തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നായിരുന്നു സിപിഐ പറഞ്ഞിരുന്നത്. എന്നാൽ വർഗീസ് അതേ നിലപാട് തന്നെ തുടരുന്നതിന്റെ സൂചനകൾ കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെയാണ് സിപിഐ കടുത്ത നടപടികളിലേക്ക് കടക്കുന്നത്.












Click it and Unblock the Notifications