ആന എഴുന്നള്ളത്തിൽ മൃഗസ്നേഹികൾക്ക് തിരിച്ചടി; ചട്ടങ്ങൾ പാലിച്ച് നടത്താമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കേരളത്തിലെ ആന എഴുന്നള്ളിപ്പിൽ മൃഗസ്നേഹികൾക്ക് തിരിച്ചടി. എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളിൽ കർശന മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ സ്‌റ്റേ നീക്കണമെന്ന മൃഗസ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു. ആനയെഴുന്നള്ളിപ്പിനിടെ വീണ്ടും അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി നൽകിയിരിക്കുന്ന സ്‌റ്റേ നീക്കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം.
ഈ വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും പരമോന്നത കോടതി ഇത് നിരസിച്ചു. കേസിൽ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്‌റ്റിസ് നാഗരത്ന വ്യക്തമാക്കുകയായിരുന്നു. കേസിൽ കോടതി ലിസ്‌റ്റ് ചെയ്യുന്ന മുറയ്ക്ക് പരിഗണിക്കാനാകുവെന്നും മറ്റ് വിഷയങ്ങള്‍ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി അറിയിച്ചു.

കേരളത്തിൽ അടുത്തിടെ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേര്‍ക്ക് പരുക്കേറ്റെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ദേവസ്വങ്ങൾക്ക് അനുകൂലമായിട്ടായിരുന്നു നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ശിവരാത്രി ഉൾപ്പെടെയുള്ള ഉത്സവങ്ങൾ വരാനിരിക്കെ അവ തടസപ്പെടുത്താനാണ് മൃഗസ്നേഹികളുടെ സംഘടനയുടെ നീക്കമെന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കായി ഹാജരായ അഭിഭാഷകൻ എംആ അഭിലാഷ് വാദിച്ചത്. ഹർജി ഫെബ്രുവരി നാലിന് വീണ്ടും പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അപ്രായോഗികവും നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്‌തത്. കർശന നിർദ്ദേശങ്ങളായിരുന്നു ഹൈക്കോടതി ഉത്തരവിൽ ഉണ്ടായിരുന്നത്. ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തത്.
എഴുന്നള്ളിപ്പിന് ആനകൾ തമ്മിൽ 3 മീറ്റർ ദൂരപരിധി പാലിക്കണമെന്നും തീവെട്ടികളിൽ നിന്ന് 5 മീറ്റർ അകലം ഉറപ്പാക്കണമെന്നും മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. ആനകളുടെ 8 മീറ്റർ അകലെ മാത്രമേ ജനങ്ങളെ നിർത്താവൂ എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ കൂടി വന്നതോടെ ദേവസ്വങ്ങൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ഹൈക്കോടതി മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുക പ്രായോഗികമല്ല എന്നായിരുന്നു അവരുടെ നിലപാട്.












Click it and Unblock the Notifications