'മോഹൻലാലിന് മൃദുഹിന്ദു രാഷ്ട്രീയം, എമ്പുരാൻ അടുത്ത തിരഞ്ഞെടുപ്പിന് ഊർജം നൽകുന്ന സിനിമ'; രാഹുൽ ഈശ്വർ
മലയാളത്തിലെ എക്കാലത്തെയും വലിയ ചലച്ചിത്രം എന്ന ഖ്യാതിയോടെയാണ് മോഹൻലാൽ നായകനായ എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ആദ്യം ദിവസങ്ങളിൽ തന്നെ പെരുമയ്ക്ക് ഒത്ത പ്രകടനമാണ് ചിത്രം നടത്തിയത്. വെറും 48 മണിക്കൂർ പൂർത്തിയാവുന്നതിനിടെ ചിത്രം ഏകദേശം 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് അണിയറപ്രവർത്തകർ തന്നെ പങ്കുവയ്ക്കുന്ന വിവരം. ഇത് മലയാളത്തിൽ ചരിത്രനേട്ടം തന്നെയാണ്.
ബ്രഹ്മാണ്ഡമായി ഒരുക്കിയ ചിത്രം പക്ഷേ ആദ്യ ദിവസങ്ങളിൽ തന്നെ വലിയ വിവാദത്തിനാണ് സാക്ഷിയാവുന്നത്. ചിത്രത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളാണ് ഇതിന് കാരണം. സംഘപരിവാർ കേന്ദ്രങ്ങളും ബിജെപി നേതാക്കളും ചിത്രത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ നടത്തിയത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായി തീവ്ര ഹിന്ദുത്വവാദിയായ വില്ലനെ അവതരിപ്പിച്ചതും ഗുജറാത്ത് കലാപത്തിനോട് സാമ്യമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയതും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ കൂടുതൽ പേർ പിന്തുണയുമായി രംഗത്തെത്തിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ.
എമ്പുരാൻ എന്ന ചിത്രം നിസ്വാർത്ഥമായ രാഷ്ട്രീയ ഉള്ളടക്കമാണ് മുന്നോട്ട് വയ്ക്കുന്നതെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. അതിന്റെ കാര്യകാരണങ്ങളും രാഹുൽ ഈശ്വർ യൂട്യൂബിൽ പങ്കുവച്ച തന്റെ വീഡിയോയിൽ പറയുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ ഊർജം പകരുകയാണ് ചിത്രം ലക്ഷ്യമിടുന്നതെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ പൃഥ്വിരാജ്, മോഹൻലാൽ, മുരളി ഗോപി, ഗോകുലം ഗോപാലൻ എന്നിവരെ രാഹുൽ അഭിനന്ദിക്കുകയും ചെയ്‌തു. രാഹുലിന്റെ വാക്കുകൾ.
എമ്പുരാൻ നൂറ് കോടി നേടിക്കഴിഞ്ഞു. ഇനി ഇരുന്നൂറ് കോടിയും മുന്നൂറ് കോടിയും ഒക്കെ നേടിയേക്കാം. പക്ഷേ കേരളം ചർച്ച ചെയ്യുന്നത് മറ്റൊരു ചോദ്യമാണ്. ലൂസിഫറിലെ ഡയലോഗ് പോലെ ആരാണ് മോഹൻലാൽ, ദി മോസ്‌റ്റ് സെലിബ്രേറ്റഡ് ആക്‌ടർ ഇൻ മലയാളം ഫിലിം ഇൻഡസ്ട്രി എന്നാണ് ചോദിക്കുന്നത്. നമ്മുടെ സംഘപരിവാറിലെ സുഹൃത്തുക്കളും ബിജെപി അനുഭാവികളും ഒക്കെ മനസിൽ പറയുന്നൊരു കാര്യമുണ്ട്.
മോഹൻലാൽ നമ്മൾ ഉദ്ദേശിച്ച ആളല്ല. ഒരു പക്ഷത്തിലേക്കും ചാഞ്ഞു നിൽക്കാതെ, ഒരു പക്ഷത്തെയും വേദനിപ്പിക്കാതെ നമുക്ക് വളരെ വസ്‌തു നിഷ്‌ഠമായി തന്നെ ഈ വിഷയം പരിശോധിക്കാം. എന്താണ് എമ്പുരാനിൽ സംഭവിക്കുന്നത്. മോഹൻലാൽ എന്ന വ്യക്തി എക്കാലവും തന്റെ രാഷ്ട്രീയം സോഫ്റ്റ് ആയും സൂക്ഷ്‌മമായും ഒക്കെ പറയുന്ന ആളാണ്.
അദ്ദേഹത്തിന്റേത് ഒരു മൃദുഹിന്ദു പൊളിറ്റിക്‌സ് ആണ്. എന്ന് വച്ചാൽ ഹിന്ദുത്വ പൊളിറ്റിക്‌സ് അല്ല. കോൺഗ്രസിൽ നിൽക്കുന്ന അപ്പർ മിഡിൽ ക്ലാസ് നായർ ഹിന്ദു വിഭാഗങ്ങളിലെ ആളുകളുടെ പൊളിറ്റിക്‌സ് പൊതുവെ ഇങ്ങനെയാണ്. ശ്രീ സുരേഷ് ഗോപിയും മറ്റുമൊക്കെ ഒരുതരത്തിൽ അത് തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ലീഡർ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് സുരേഷ് ഗോപിയുമായുള്ള അടുപ്പം അധികമായിരുന്നു.
ഈ രാഷ്ട്രീയമാണ് കോൺഗ്രസ്സിലെയും ബിജെപിയിലെയും ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകങ്ങളിൽ ഒന്ന്. നരേന്ദ്ര മോദി ജി ഒക്കെ വന്നപ്പോൾ, അദ്ദേഹം പഴയ കടുത്ത മുസ്ലീം വിരുദ്ധ ഇമേജ് ഒക്കെ മാറ്റി മുസ്ലീം രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ഒക്കെ ചെയ്‌തപ്പോൾ അതിൽ ഒക്കെ ആകൃഷ്ട്ടനായി കോൺഗ്രസിന്റെയും ബിജെപിയുടെയും നടുവിൽ നിൽക്കുന്ന ഒരു സ്‌പേസ് ആണ് മോഹന്ലാലിന്റേത്.
എന്നാൽ പൃഥ്വിരാജ് അടക്കം കുറച്ചുകൂടി ലിബറൽ പൊളിറ്റിക്‌സ് ആണ് കൈകാര്യം ചെയ്യുന്നത്. ലാലേട്ടൻ തങ്ങളുടേതാണ്, തങ്ങളുടേത് മാത്രമാണ് എന്ന് കരുതുന്ന സംഘപരിവാറിലെ ഒരുവിഭാഗം ആളുകൾക്ക് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ് ഇത്. അവർക്ക് ശരിക്കും വലിയൊരു ട്വിസ്‌റ്റ് ആണ് നേരിടേണ്ടി വന്നത് സിനിമ കണ്ടപ്പോൾ. ശരിക്കും സിനിമയിൽ ഉള്ളതിനേക്കാൾ ട്വിസ്‌റ്റ് ആണ് അതിലുണ്ടായിരുന്നത്.
യഥാർത്ഥത്തിൽ ഈ സിനിമയ്ക്ക് ഇത്രയും വലിയൊരു ട്വിസ്‌റ്റ് ഉണ്ടെന്ന് കാണില്ല. സിനിമയുടെ വെളിയിൽ ഉള്ള ട്വിസ്‌റ്റ് ആണ് ശരിക്കും എല്ലാവരെയും ഞെട്ടിച്ചത്. മോഹൻലാലിനോട് അടക്കം അദ്ദേഹത്തിന്റെ വിശ്വശാന്തി ഫൗണ്ടേഷനോടൊപ്പം ആർഎസ്എസ് പരിപാടികൾ ചെയ്യുമ്പോൾ അദ്ദേഹം ഒരു പകുതി സംഘി ആണെന്ന് എല്ലാവരും കരുതിയിരുന്നു.
രജനീകാന്തും ഇതേ സ്‌പേസ് ആണ്. എന്നാൽ അദ്ദേഹത്തിനും മുസ്ലീം വിരോധമില്ല. എങ്കിലും ആർഎസ്എസ് സംഘപരിവാറിനോട് ചേർന്ന് നിൽക്കുന്ന വിഭാഗം ആൾക്കാരിൽ ഒരുപാട് മുസ്ലീം വിരോധികളുണ്ട്. അതൊരിക്കലും ആഴത്തിലുള്ള മുസ്ലീം വിരോധമല്ല. വിഘടിച്ചു നിൽക്കുന്ന ഹിന്ദുക്കളെ ഒരുമിച്ച് നിർത്താനായി മറുഭാഗത്ത് അവർക്കൊരു ശത്രു വേണം. അതിനാണ് മുസ്ലീം വിഭാഗം.
വിഘടിച്ചുകിടക്കുന്ന നായരെയും നമ്പൂതിരിയേയും ഇഴവനെയും നായാടിയേയും അമ്പലവാസിയെയും ക്ഷത്രിയനെയും ആദിവാസിയെയും ഒക്കെ അവർക്ക് ഒരുമിച്ച് ചേർക്കണം. ഇങ്ങനെ പല തട്ടിൽ കിടക്കുന്ന ഹിന്ദു സമൂഹത്തെ കോർഡിനേറ്റ് ചെയ്യാൻ അവർക്ക് അപ്പുറത്ത് മുസ്ലീം എന്ന ശത്രുവുണ്ടെന്ന് കള്ളം പറയണം.
അതിനായി ക്രിസ്ത്യൻ സമൂഹത്തെയും അവർ ചേർക്കും. ആഗോളതലത്തിൽ പല പ്രശ്‌നങ്ങളും നടക്കുന്നു. അപ്പോൾ ഹിന്ദു ക്രിസ്ത്യൻ ഐക്യം ഉണ്ടെന്നും മുസ്‌ലീങ്ങൾ മാത്രമാണ് പ്രശ്‌നക്കാർ എന്ന് കള്ളം പറയുന്നു. പാവം മുസ്ലിങ്ങളാണ് ഇതിൽപെട്ടു പോവുന്നത്. പ്രത്യേകിച്ച് കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിങ്ങൾക്ക് ഇതിലൊന്നും പങ്കില്ല.
ശ്രീലങ്കയിൽ ഒരു ബോംബ് പൊട്ടിയാൽ ഇവിടുത്തെ മുസ്ലിങ്ങൾ എന്ത് ചെയ്യാനാണ്. ഗുജറാത്ത് കലാപം ഒരു ഹിന്ദുവും അംഗീകരിക്കില്ല, ഗോധ്ര കലാപം മുസ്ലിങ്ങളും അംഗീകരിക്കില്ല. എമ്പുരാനിൽ എന്താണ് സംഭവിച്ചതെന്ന് വെച്ചാൽ ഗോകുലം ഗോപാലനും സംഘ പ്രസ്ഥാനങ്ങളുമായി ചേർന്ന് പോവുന്ന വ്യക്തികളിൽ ഒരാളാണ്.
ഈ മധ്യവർത്തി രാഷ്ട്രീയം തിരിച്ചുകൊണ്ടു വരാനാണ് പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലും ഒക്കെ ശ്രമിച്ചത്. കേരളത്തെ തകർക്കാൻ വരുന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥയാണ് എമ്പുരാൻ പറയുന്നത്. ഇതിൽ സ്പോയിലർ ഉള്ളത് കൊണ്ട് സിനിമ കാണാത്തവർ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കണം. കെ സുരേന്ദ്രനെ അനുസ്‌മരിപ്പിക്കുന്ന സുരാജിന്റെ റോൾ 100 കോടി ഒക്കെ കൊടുക്കുന്നത് ഒക്കെ കാണിക്കുന്നുണ്ട്.
കേരളത്തിന്റെ പ്രത്യേകത സിപിഎമ്മും ബിജെപിയും കേഡർ പാർട്ടികളാണ്. അവർക്ക് കൃത്യമായ ഐഡിയോളജിയും കേന്ദ്രീകൃതമായ സംവിധാനവും ഉണ്ട്. എന്നാൽ കോൺഗ്രസ് ഒരിക്കലും അങ്ങനെയല്ല. അവരുടേത് ഒരു ആൾക്കൂട്ടമാണ്. നമ്മൾ അമ്പലങ്ങളിലെ ഉത്സവത്തിന് ഒക്കെ കമ്മിറ്റികൾ ഉണ്ടാക്കുന്നത് പോലെയാണ്. വളരെ ആവേശമുണ്ടാവും, പക്ഷേ കമ്മിറ്റി അധികകാലത്തേക്ക് നീളില്ല.
ശരിക്കും ഈ മധ്യവർത്തിയിൽ നിൽക്കുന്ന കോൺഗ്രസിനെ തിരിച്ചുകൊണ്ടു വരാനാണ് എമ്പുരാൻ ശ്രമിക്കുന്നത്. കോൺഗ്രസിന് ശരിക്കും ഒരു ഇന്ത്യൻ സ്വഭാവം തന്നെയാണുള്ളത്. കോൺഗ്രസ് അണികളിലേക്ക് ആൾക്കാരെ കൊണ്ട് വരാനും കൂടിയല്ലേ എമ്പുരാൻ ശ്രമിക്കുന്നത് എന്ന് തോന്നിയാൽ ആരെയും കുറ്റം പറയാൻ കഴിയില്ല.
കാരണം അതിലെ മുദ്രാവാക്യം പോലും കോൺഗ്രസിന്റേതാണ്. വർഗീയതയ്ക്ക് എതിരെ, തീവ്രതയ്ക്ക് എതിരെ, സാഹോദര്യം തകർക്കുന്നവർക്ക് എതിരെ പോരാടണം എന്നാണ് ചിത്രം പറയുന്നത്. ഇന്ദിരാഗാന്ധിയെ ഒക്കെ അനുസ്‌മരിപ്പിക്കുന്നതാണ് മഞ്ജു വാര്യരുടെ വേഷം. യഥാർത്ഥത്തിൽ ഈ മുന്നൂറ് കോടി ഒന്നുമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു എനർജി നൽകണം എന്നാണ് എമ്പുരാൻ കരുതുന്നത്.
ആരും കോൺഗ്രസിനോട് പ്രകടമായ ബന്ധം ഉള്ള ആളുകളല്ല. എന്നാൽ കേരളത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് ഇവരൊക്കെയും ഇത്തരമൊരു തീരുമാനം എടുത്തത്. മുന്നണികൾ മാറിമാറി വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. മറ്റൊരു അർത്ഥത്തിൽ ശരിക്കും രാജ്യസ്നേഹത്തിന്റെ പ്രവർത്തനം കൂടിയാണ് എമ്പുരാൻ.












Click it and Unblock the Notifications