വിവാദങ്ങളുടെ ചിറകരിഞ്ഞ് നവകേരള ബസ്; ഒറ്റ ദിവസം കൊണ്ട് സൂപ്പർ സ്‌റ്റാർ, ആഡംബരമെന്ന വാദം പൊള്ളയെന്ന് സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് പരിപാടി പ്രഖ്യാപിച്ചത് മുതൽ വിവാദം കൊഴുക്കുകയാണ്. അതിൽ ഏറ്റവും ഒടുവിൽ ഉയർന്നുവന്ന ആരോപണം മന്ത്രിമാർക്ക് സഞ്ചരിക്കാനായി എത്തിച്ച ബസുമായി ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അത്യാഡംബരങ്ങൾ അടങ്ങിയ ബസ് ക്ഷാമകാലത്ത് വാങ്ങുന്നു എന്ന ആരോപണവുമായി പ്രതിപക്ഷവും അത് ഏറ്റുപിടിച്ച് മാധ്യമങ്ങളും രംഗത്ത് വന്നതോടെ എല്ലാവരുടെയും ശ്രദ്ധ ആ സ്പെഷ്യൽ ബസിലേക്ക് തിരിഞ്ഞു.
എന്നാൽ ഇന്നലെ കാസർഗോഡ് പൈവളിഗയിൽ നവകേരള സദസ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് മുഖ്യമന്ത്രി ഈ ആരോപണങ്ങളുടെ മുനയൊടിക്കുന്ന കാഴ്‌ചയാണ് കണ്ടത്. അതിനൊപ്പം വിവാദങ്ങളുടെ ഭാരവും പേറി കേരളത്തിലേക്ക് എത്തിയ ബസ് താരമാകുന്ന മുഹൂർത്തത്തിനും കേരളം സാക്ഷ്യം വഹിച്ചു. അത്യധുനിക സംവിധാനങ്ങൾ അടങ്ങിയ ബസിൽ ഉണ്ടെന്ന് പറയുന്ന സൗകര്യങ്ങളുടെ വലിയ പട്ടിക തന്നെ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഇന്നലെ ബസിൽ വന്നിറങ്ങിയത്. സാധാരണ വോൾവോ ബസിൽ നിന്ന് വ്യത്യസ്‌തമായി ഒരു ബയോ ടോയ്‌ലറ്റ് സംവിധാനവും, വാഷ്‌ബേസിനും മാത്രമാണ് അതിൽ അധികമായി ഉണ്ടായിരുന്നത്. അതും മാധ്യമങ്ങൾക്ക് നേരിട്ട് കയറി കാണാനുള്ള അവസരവും സർക്കാർ ഒരുക്കി.
പിന്നാലെ ബസിന്റെ ഫോട്ടോ എടുക്കാനും, അടുത്ത് നിന്ന് സെൽഫി എടുക്കാനും ആളുകൾ വട്ടം കൂടിയതോടെ കഴിഞ്ഞ ദിവസത്തെ ശരിക്കുമുള്ള താരം ചോക്ലേറ്റ് ബ്രൗൺ നിറമുള്ള ഭാരത് ബെൻസിന്റെ ആ വാഹനമായിരുന്നു. ഞങ്ങൾക്ക് പരിശോധിച്ചിട്ട് ആഡംബരമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല, മാധ്യമങ്ങൾക്ക് പരിശോധിക്കാം എന്ന് മുഖ്യമന്ത്രി ഉദ്‌ഘാടന വേദിയിൽ പറഞ്ഞതോടെ വലിയ വിവാദത്തിനായിരുന്നു അന്ത്യം കുറിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് മുൻപ് തന്നെ ഗതാഗത മന്ത്രി ആന്റണി രാജു ബസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് ഉറപ്പിക്കാൻ പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. ഇതൊരു പാവം ബസാണ് കൊലക്കേസ് പ്രതിയൊന്നുമല്ല എന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബസിലെ ഹൈഡ്രോളിക് ലിഫ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിക്കാനുള്ള അവസരവും ഗതാഗത മന്ത്രിക്കായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് ബയോ ടോയ്‌ലറ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.
ബസിൽ നിന്ന് കാബിനറ്റ് സെൽഫിയും മുഹമ്മദ് റിയാസ് പങ്കുവച്ചിരുന്നു. ബസിന്റെ ഉൾവശം മുഴുവൻ വ്യക്തമാക്കുന്ന രീതിയിൽ മന്ത്രി പി രാജീവ് വീഡിയോയും പങ്കുവച്ചു. ഇത് ആഡംബര ബസല്ലെന്നും സാധാരണ ബസെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി സമൂഹ മാധ്യമങ്ങളിൽ വീഡിയോ ഉൾപ്പെടെ പങ്കുവച്ചത്. ബസിൽ സ്വിമ്മിംഗ് പൂൾ ഉണ്ടെന്നും, ലിഫ്റ്റ് ഉണ്ടെന്നുമൊക്കെ മാധ്യമങ്ങൾ വ്യാജപ്രചരണം നടത്തിയെന്ന് മന്ത്രിമാർ ആരോപിച്ചു.
അതേസമയം, ബസ് വിവാദം കാരണം മുഖ്യമന്ത്രിയുടെ നവകേരള സദസ് പരിപാടി കൂടുതൽ വാർത്താ പ്രാധാന്യം നേടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആഡംബര ബസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ പരിപാടിക്ക് കൂടുതൽ മൈലേജ് ഉണ്ടാക്കാൻ കരണമായി. എന്ന് മാത്രമല്ല കൂടുതൽ പരസ്യങ്ങൾ ഇല്ലാതെ തന്നെ പരിപാടി കേരളമൊട്ടാകെ അറിയുകയും ചെയ്‌തു.












Click it and Unblock the Notifications