'തീയില്‍ കുരുത്ത കുതിര, കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകൻ..'; പിണറായി സ്‌തുതി പാട്ടിന് ഇപി ജയരാജന്റെ പിന്തുണ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്‌തുതിച്ചുള്ള ഗാനത്തേയും ആല്‍ബത്തേയും പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്‌ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിൽ തെറ്റില്ല. പി ജയരാജൻ വിഷയത്തിൽ പാർട്ടി ശാസിച്ചത് പഴയ ചരിത്രമാണെന്നും, അതുകൊണ്ട് ഈ വിഷയം ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള 'കേരള സിഎം' എന്ന വീഡിയോ ഗാനം സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പടെ വലിയ രീതിയിൽ ചർച്ചയായ സാഹചര്യത്തിലാണ് ഇപി ജയരാജന്റെ പ്രതികരണം. കോവിഡിലെയും പ്രളയത്തിലെയും രക്ഷകനായി മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്ന ഗാനത്തില്‍ നിരവധി വിശേഷണങ്ങളും പിണറായി വിജയന് അണിയറ പ്രവർത്തകർ ചാർത്തി നൽകിയിട്ടുണ്ട്.

എന്നാൽ ഈ ഗാനം പുറത്തുവന്നതിന് പിന്നാലെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉൾപ്പെടെ വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്. വ്യക്തി പൂജ കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ശൈലിയല്ലെന്നാണ് പല മുതിർന്ന നേതാക്കൾ ഉൾപ്പെടെ മുൻകാല വിഷയങ്ങൾ ചൂണ്ടിക്കാട്ടി പറയുന്നത്. നേരത്തെ പിണറായി വിജയനെ പുകഴ്ത്തി നടത്തിയ മെഗാ തിരുവാതിര ഉണ്ടാക്കിയ കോലാഹലങ്ങളുടെ ക്ഷീണം മാറും മുൻപാണ് അടുത്ത വിവാദവും തലപൊക്കുന്നത്.
തീയില്‍ കുരുത്ത കുതിരയായും. കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനായുമെല്ലാമാണ് പാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ബ്രണ്ണൻ കോളേജിലെ പിണറായിയുടെ പാര്‍ട്ടി പ്രവർത്തനവും വീഡിയോ ഗാനത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ മഴയായിരുന്നു.
നേരത്തെ കണ്ണൂരിലെ മുതിർന്ന നേതാവായിരുന്നു പി ജയരാജനെ സ്‌തുതിച്ചു കൊണ്ടുള്ള പാട്ട് പുറത്തുവന്നപ്പോൾ പാർട്ടി ഒന്നടങ്കം അതിനെ തള്ളി പറഞ്ഞിരുന്നു. പിജെ ആർമി എന്ന സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിച്ച വീഡിയോയുടെ പേരില്‍ പാർട്ടിക്കുള്ളില്‍ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. വ്യക്തിപൂജ ആരോപിച്ച് അന്ന് സിപിഎം നടപടിയെടുക്കുകയും ചെയ്‌തിരുന്നു.
ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണമാന് പ്രധാനമായും ഉയർന്നു വന്നത്. ഇതിന് പിന്നാലെ ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് പി ജയരാജന് അനുകൂലമായിരുന്നു. ഇതോടെയാണ് വിവാദങ്ങൾ അടങ്ങിയത്.












Click it and Unblock the Notifications