'ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം തമ്മില്‍ തല്ലി നശിക്കുന്ന കോൺഗ്രസ്' ;രൂക്ഷവിമർശനവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.സ്വന്തം താല്‍പര്യങ്ങളും അധികാരമോഹങ്ങളും മാറ്റിവെച്ച് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ആ പ്രവര്‍ത്തനമാണ് പുതുതലമുറയിലേയും യുവതലമുറയിലേയും പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും പകര്‍ന്ന് നല്‍കേണ്ടതെന്നും ജയരാജൻ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരിക്കില്ലെന്ന കോൺഗ്രസ് നേതാക്കളുടെ പ്രതികരണവും വിവാദവും ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമർശനം. വായിക്കാം.

കോണ്‍ഗ്രസ് അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും പൊതുനില അതാണ്. കോണ്‍ഗ്രസിന്റെ നേതാക്കള്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത് തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയാണ്. ശശിതരൂര്‍, മുരളീധരന്‍, പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.ഡി സതീശന്‍ തുടങ്ങി ഒരോ നേതാവും നിയമസഭയിലേക്കും പാര്‍ലിമന്റിലേക്കും മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുകയാണ്. ഇത്തരത്തില്‍ സ്ഥാനമോഹങ്ങളും അധികാര മോഹങ്ങളും വെച്ചുപുലര്‍ത്തി ഓരോരുത്തര്‍ക്കും വേണ്ടി ഗ്രൂപ്പുകളുണ്ടാക്കി പരസ്പരം തമ്മില്‍ തല്ലി നശിക്കുന്ന സ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളത്.

കേരളത്തില്‍ മാത്രമാണ് ഈ അവസ്ഥ എന്ന് ആരും ധരിക്കരുത്. രാജ്യത്ത് മുഴുവന്‍ പരസ്പരം പോരടിക്കുന്നതാണ് കാണാനാകുന്നത്.
ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങളുണ്ട്. സര്‍വ്വ മേഖലയിലും വര്‍ഗീയ ഫാസിസ്റ്റ് ഭീകരതയുടെ കടന്നുകയറ്റമുണ്ട്. ജനാധിപത്യത്തിനും ജുഡീഷ്യറിക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍, ആര്‍എസ്എസ് ബിജെപി സംഘപരിവാര്‍ രാജ്യത്തെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന വെല്ലുവിളികള്‍, ഇന്നലെ തന്നെ ആര്‍എസ്എസ് തലവന്‍ നടത്തിയ പ്രസ്ഥാവന അത്യന്തം അപലപനീയമാണ്.

ഹിന്ദുക്കള്‍ യുദ്ധം തുടരണമെന്നും മുസ്ലീങ്ങള്‍ ആധിപത്യ ചിന്ത വെടിയണമെന്നൊക്കെ പറയുന്നത് രാജ്യത്തെ വര്‍ഗീയപരമായി വേര്‍തിരിച്ച് ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത്തരത്തില്‍ സംഘപരിവാരവും അതിന്റെ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി ചെറുത്ത് നില്‍പ്പ് നടത്തേണ്ട സമയമാണ്.

രാജ്യത്തിന്റെ ഐക്യവും സമാധാനവും ജനങ്ങളുടെ സ്വൈര്യ ജീവിതവും എല്ലാം തകര്‍ക്കാന്‍ മുന്നിട്ടിറങ്ങിയ ശക്തികളെ പ്രതിരോധിക്കേണ്ട സമയമാണ്. അതിന് വേണ്ടി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി എടുക്കുന്നതിന് പകരം അധികാരമോഹങ്ങളും സ്ഥാനമോഹങ്ങളും ഉന്നം വെച്ച് പോരടിക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്. ബിജെപി പണമൊഴുക്കി നടത്തുന്ന ചാക്കിട്ട് പിടുത്തത്തെ ഭയന്ന് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് മാറേണ്ട അവസ്ഥ രാജ്യത്തെ കോണ്‍ഗ്രസിന് ഉണ്ടായി. സംഘടനാപരമായി കോണ്‍ഗ്രസ് തകര്‍ന്നതിന്റെ പരിണിത ഫലമാണത്.

രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചും പഠിച്ച് അവയ്ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ഇടതുപക്ഷ ജനാധിപത്യ പാര്‍ട്ടികള്‍ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ് വിപത്തിനും ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കും പണാധിപത്യത്തിനും എല്ലാം എതിരായി ശക്തമായ പോരാട്ടം സംഘടിപ്പിക്കുകയാണ്. അതിന് വേണ്ടി ജനങ്ങളെ സംഘടിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത് പരിഹിരിച്ച് മുന്നോട്ടുപോകാനാണ് ഇപ്പോൾ കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. സ്വന്തം താല്‍പര്യങ്ങളും അധികാരമോഹങ്ങളും മാറ്റിവെച്ച് രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ നേതൃത്വം തയ്യാറാകണം. ആ പ്രവര്‍ത്തനമാണ് പുതുതലമുറയിലേയും യുവതലമുറയിലേയും പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും പകര്‍ന്ന് നല്‍കേണ്ടത്.












Click it and Unblock the Notifications