കാനം രാജേന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് ഇപി ജയരാജന്‍
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായിരുന്ന ഇ. പി. ജയരാജന്‍. തന്റെ ഫേസ്ബുക്കിലെ പോസ്റ്റിലാണ് ജയരാജന്റെ വിമര്‍ശനം. കാനം രാജേന്ദ്രന്‍ പോലീസിനു നേരെയും ആഭ്യന്തര വകുപ്പിനു നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ജയരാജന്‍ ആരോപിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എല്‍ ഡി എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ വകുപ്പിനെയും ഘടകകക്ഷി നേതാവ് തന്നെ പരസ്യമായി ആക്ഷേപിക്കുന്നത് അപലപനീയമാണ്. മുന്നണി മര്യാദ പാലിക്കാതെ കാനം നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികരണങ്ങള്‍ വേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പോലീസ് നയം സുവ്യക്തമാണ്.
പഴയ കൂട്ടുകെട്ടിന്റെ ഓര്‍മ്മ തികട്ടിത്തികട്ടി വരുന്നത് കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നത്? പോലീസ് ഡി ജി പി യുടെ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറാന്‍ പുറപ്പെട്ടവരെ ന്യായീകരിക്കാന്‍ എന്താണ് ന്യായം? സഖാവ് വി എസിനെ പരസ്യമായി അപകീര്‍ത്തിപ്പെടുത്താന്‍ തുനിഞ്ഞിറങ്ങുകയും വി എസിനെ സൃഷ്ടിച്ചത് താനാണെന്ന് അവകാശപ്പെട്ടു പരിഹാസ്യനാവുകയും ചെയ്യുന്ന ഷാജഹാന്റെ പുതിയ അട്ടിമറിപ്പണിക്ക് കാനം എന്തിനാണ് ചൂട്ടു പിടിക്കുന്നത്? വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം. കാനം അക്കൂട്ടത്തില്‍ അല്ല എന്ന് കരുതാനാണ് ഇഷ്ടമെന്നും ജയരാന്‍ പറയുന്നു.












Click it and Unblock the Notifications