'ഇപി ജയരാജൻ ബിജെപിയിലേക്ക് പോകും, ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തി'; കെ സുധാകരൻ
കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കണ്ണൂരിൽ സിപിഎമ്മിനെ വെട്ടിലാക്കി കെ സുധാകരന്റെ ആരോപണം. മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നാണ് കെപിസിസി അധ്യക്ഷൻ ആരോപിക്കുന്നത്.
പാർട്ടിയുടെ നടപടികളിൽ ജയരാജൻ തൃപ്‌തനല്ലെന്നും അതുകൊണ്ട് തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നുമാണ് സുധാകരൻ പറയുന്നത്. ശോഭാ സുരേന്ദ്രനുമായി ഇക്കാര്യത്തിൽ ഇപി ചർച്ച നടത്തിയെന്നാണ് സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്, ഗൾഫിൽ വച്ചായിരുന്നു ഈ ചർച്ച നടന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും ചർച്ചയിൽ പങ്കെടുത്തിട്ടുണ്ട്. ഇപി ജയരാജന് മഹാരാഷ്‌ട്ര ഗവർണർ സ്ഥാനമാണ് വാഗ്‌ദാനം ചെയ്‌തത്. എന്നാൽ സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് ജയരാജൻ ഇതിൽ നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുധാകരൻ ആരോപിക്കുന്നത്.
നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനമേറ്റതിൽ ഇപിക്ക് അതൃപ്‌തി ഉണ്ടെന്നും സുധാകരൻ ആരോപിക്കുന്നു. അതേസമയം, നേതാക്കളുടെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട വിവാദമാണ് കണ്ണൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കൂടുതലായും മുഴങ്ങി കേൾക്കുന്നത്. നേരത്തെ സുധാകരനെ സിപിഎം നേതാക്കൾ ഈ വിഷയത്തിൽ പ്രതികൂട്ടിൽ നിർത്തിയിരുന്നു.
സുധാകരനുമായി അടുത്ത ബന്ധമുള്ളവർ ബിജെപിയിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടി ആയിരുന്നു ഇടത് മുന്നണിയുടെ പ്രചരണം. എന്നാൽ തന്റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ഇതിന് പിന്നാലെ സുധാകരന് മറുപടിയുമായി കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജനും രംഗത്ത് വന്നിരുന്നു.
വളർത്തുനായ്ക്ക് വിവേകമുണ്ടെന്നും അതുകൊണ്ട് അത് ബിജെപിയിലേക്ക് പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ മറുപടി. തുടർന്നാണ് സുധാകരൻ ഇടതുമുന്നണിയുടെ കണ്ണൂരിലെ ഏറ്റവും പ്രബലനായ നേതാക്കളിൽ ഒരാളായ ഇപി ജയരാജനെ ലക്ഷ്യം വയ്ക്കുന്നത്. കണ്ണൂർ മണ്ഡലത്തിൽ ഇക്കുറി സുധാകരനും എംവി ജയരാജനും തമ്മിലാണ് പോരാട്ടം.
എന്ത് വില കൊടുത്തും മണ്ഡലം നിലനിർത്താനുള്ള ഓട്ടത്തിലാണ് കെ സുധാകരൻ. പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ മണ്ഡലം കൈവിട്ട് പോവാതെ നോക്കേണ്ടത് സുധാകരന്റെ കടമയാണ്. മറുവശത്ത് സിപിഎം ആവട്ടെ എംവി ജയരാജനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിലാണ് നേതാക്കളുടെ ബിജെപി പ്രവേശനത്തിൽ ഊന്നിയുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും കളം പിടിക്കുന്നത്.












Click it and Unblock the Notifications