എറണാകുളം-തൃശൂർ യാത്രക്ക് വേഗമേറും; മുനമ്പം അഴീക്കോട് പാലം അവസാന ഘട്ടത്തിലേക്ക്, ഈ വർഷം തീരുമോ?
കൊച്ചി: കാത്തിരുന്ന മുനമ്പം-അഴീക്കോട് പാലം ജോലികൾ അവസാന ഘട്ടത്തിലേക്ക്. കായലിലെ ആകെയുള്ള 12 ഗർഡറുകളിൽ പത്ത് ഗർഡറുകൾ ഇതുവരെ സ്ഥാപിച്ചുകഴിഞ്ഞു. രണ്ടാഴ്‌ച കഴിഞ്ഞാൽ അടുത്ത ഗർഡർകൂടി സ്ഥാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരുമാസം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ഗർഡർ കൂടി സ്ഥാപിച്ചു കഴിഞ്ഞാൽ പാലത്തിന്റെ കായലിലെ പണികൾ എല്ലാം പൂർത്തിയാകും. തുടർന്ന് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതാണ് അടുത്ത ജോലി.
മുനമ്പം ഭാഗത്ത് അപ്രോച്ച് റോഡിന്റെ നാല് ഗർഡറുകൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. അതുകൂടി സ്ഥാപിച്ചാൽ നിർമ്മാണം അവസാനഘട്ടത്തിലെത്തും. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി ഒക്ടോബർ അവസാനത്തോടെ ജോലികൾ എല്ലാം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ കാത്തിരിക്കേണ്ടി വരും.

പാലം യാഥാർഥ്യമാകുന്നതോടെ എറണാകുളം, തൃശൂർ ജില്ലകളിലെ തീരദേശ മേഖലയിലെ താമസക്കാർക്കും യാത്രക്കാർക്കും ഗതാഗതസൗകര്യം ഗണ്യമായി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുനമ്പം ഹാർബറിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുന്നതിനൊപ്പം തീരപ്രദേശങ്ങളിൽ നിന്നുള്ള മത്സ്യവും മറ്റ് ചരക്കുകളും വേഗത്തിൽ കൊണ്ടുപോകാനും പാലം സഹായകമാകും.
പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചുകഴിയുമ്പോൾ ഗുണങ്ങൾ വേറെയുമുണ്ട്. വൈപ്പിൻ-പള്ളിപ്പുറം റോഡ് വഴിയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതുവഴി എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്രയും, വടക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രയും എളുപ്പമാകുമെന്നാണ് കരുതുന്നത്.
പദ്ധതിയുടെ ഭാഗമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 1.8 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനും പ്രദേശവാസികൾക്കും സന്ദർശകർക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഇവ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
വർഷങ്ങളായുള്ള ആസൂത്രണത്തിനും ഭരണപരമായ നടപടികൾക്കും കാത്തിരിപ്പിന് ശേഷം 2023 നവംബറിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. പ്രധാന ഘടനാപരമായ ജോലികൾ പൂർത്തിയാകുന്നതിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഇപ്പോൾ അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പാലം ഗതാഗതത്തിനായി തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും നടക്കുന്നത്.
തൃശൂർ ജില്ലയിലെ അഴീക്കോടിനെയും എറണാകുളം ജില്ലയിലെ മുനമ്പത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുനമ്പം കായലിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. 1123 മീറ്റർ നീളമുള്ള പാലം കിഫ്ബി ധനസഹായത്തോടെ ഏകദേശം 160 മുതൽ 164 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ ഇരു ജില്ലകളെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തീരദേശ ഗതാഗതപാത യാഥാർഥ്യമാകും.


Click it and Unblock the Notifications
