Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം; ശുഭവാർത്ത, 350 കോടിയുടെ പദ്ധതിയുടെ ടെൻഡർ ഉടൻ

കൊച്ചി: നഗരത്തിന്റെ എക്കാലത്തെയും വലിയ ആവശ്യങ്ങളിൽ ഒന്നായിരുന്ന സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് പുതുജീവൻ. മുൻ കരാറുകാരന്റെ അനാസ്ഥ കൊണ്ട് വൈകിയ നടപടികൾ വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ അഥവാ എറണാകുളം ജങ്ക്ഷൻ സ്‌റ്റേഷന്റെ പുനർനവീകരണത്തിനുള്ള പുതിയ കരാറുകാരെ ഉടൻ അറിയാം.

ഇതുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് സൂചന. സ്‌റ്റേഷൻ നവീകരണത്തിനുള്ള റീ ടെൻഡർ നടപടിയിൽ പങ്കെടുത്ത 6 കരാറുകാരെയാണ് അധികൃതർ വിലയിരുത്തുന്നത്. റെയിൽവേ ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം കമ്പനികളുടെ സാങ്കേതിക യോഗ്യത വിലയിരുത്തുന്ന നടപടികൾ പുരോഗമിക്കുന്നു. ഇതിനാണ് സമയം കൂടുതലെടുക്കുക എന്നാണ് വിവരം.

eranakulamjn

ഈ മാസം തന്നെ ടെൻഡർ ഉറപ്പിക്കാവുന്ന രീതിയിൽ ചുരുക്കപ്പട്ടികയുടെ പ്രവർത്തനം നടക്കുന്നതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുനർവികസനത്തിനുള്ള തുടർ നടപടികൾ വൈകരുതെന്ന് ഹൈബി ഈഡൻ എംപി ഉൾപ്പെടെ കൊച്ചിയിലെ രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും ഒരുപോലെ ആവശ്യപ്പെടുന്നുണ്ട്.

മുടങ്ങിപ്പോയ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി യോഗ്യരായ കരാറുകാരെ കണ്ടെത്താനാണ് നീക്കം. സൗത്ത് സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കാനുള്ള കരാർ റെയിൽവേ നിർമ്മാണ വിഭാഗം മാസങ്ങൾക്ക് മുൻപ് റദ്ദാക്കിയിരുന്നു. നിർമ്മാണത്തിന്റെ ആദ്യഘട്ടം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി എങ്ങുമെത്താതെ വന്നതോടെയാണ് ബ്രിജ് ആൻഡ് റൂഫ് എന്ന കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

ഈ വർഷം ഓഗസ്‌റ്റ് മാസത്തോടെ പൂർത്തിയാക്കേണ്ട പദ്ധതിയാണ് ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങിയതിനെ തുടർന്ന് വീണ്ടും കരാറുകാരെ ഏൽപ്പിക്കേണ്ട സാഹചര്യത്തിൽ ആയത്. ഇതോടെ യാത്രക്കാരുടെ ദുരിതം കൂടുകയായിരുന്നു. തുലാവർഷം കനത്തതോടെ മഴയുടെ കാഠിന്യത്തിൽ സ്‌റ്റേഷൻ പരിസരം വെള്ളത്തിലായിരുന്നു. ഇതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിൽ ആയത്.

നവീകരണം വേഗത്തിൽ ആവുന്നതോടെ ഇവരുടെ ബുദ്ധിമുട്ടുകൾക്ക് അറുതി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. എറണാകുളം ജങ്ഷനിലെ നവീകരണ പണി 2022ലാണ് ആരംഭിച്ചത്. 2025ൽ പൂർത്തിയാക്കും എന്നാണ് കരുതിയത്. അതിൽ ഉണ്ടായ അലംഭാവമാണ് ഇന്നത്തെ യാത്രാ ദുരിതത്തിലേക്ക് എത്തിച്ചത്. സ്‌റ്റേഷന് മുന്നിലെ റോഡിൽ അടക്കം ചെളിയും വെള്ളവും നിറയുന്നത് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

സൗത്ത് സ്‌റ്റേഷനോടൊപ്പം തുടങ്ങിയ നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ വികസന ജോലികൾ ഏറെ വൈകാതെ പൂർത്തിയാക്കുന്ന രീതിയിൽ മുന്നോട്ടു പോകുമ്പോഴാണ് സൗത്തിലെ ജോലികൾ ഈ വിധത്തിൽ ആയത്. കഴിഞ്ഞത് ഒക്കെയും മറന്നുകൊണ്ട് എത്രയും പെട്ടെന്ന് തന്നെ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ അധികൃതർ നടപടികൾ സ്വീകരിക്കുന്നത്.

പുതിയ കരാർ നൽകി പദ്ധതി പൂർത്തിയാക്കാൻ ഇനിയും രണ്ടര വർഷത്തോളം വേണ്ടിവരുമോ എന്നുള്ള ആശങ്കയാണ് കൂടുതൽ പേരും പങ്കുവയ്ക്കുന്നത്. ഏകദേശം 350 കോടി രൂപയോളം മുടക്കിയാണ് സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണം നടത്താൻ തീരുമാനിച്ചത്. ബൃഹത്തായ ഈ പദ്ധതിയുടെ കാര്യത്തിൽ പക്ഷേ ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചത്. കോഴിക്കോട് ഉൾപ്പെടെ സ്‌റ്റേഷൻ നവീകരണം അതിവേഗത്തിൽ പുരോഗമിക്കുമ്പോഴാണ് വൻ നഗരമായ എറണാകുളത്ത് ഇങ്ങനെയൊരു വീഴ്‌ച.

എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ നവീകരണ പദ്ധതി

എറണാകുളം ജങ്ഷന്റെ നിർദ്ദിഷ്‍ട പദ്ധതി പ്രകാരം, കിഴക്ക് ഭാഗത്ത് ഒരു പ്രത്യേക മൂന്ന് നില കെട്ടിടം നിർമ്മിക്കും. യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യം, ആശുപത്രി, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഇതിൽ ഉണ്ടായിരിക്കും. പടിഞ്ഞാറ് ഭാഗത്ത്, നാല് നില കെട്ടിടത്തിൽ ടിക്കറ്റിംഗ് ഏരിയ, കാത്തിരിപ്പ് ലോഞ്ചുകൾ, എല്ലാ പ്ലാറ്റ്‌ഫോമുകളിലേക്കും കണക്റ്റിവിറ്റിയുള്ള ഒരു വാണിജ്യ ഏരിയ എന്നിവ ഉണ്ടായിരിക്കും.

എറണാകുളം ജങ്ഷൻ പ്രതിവർഷം 1.96 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വലിയ സ്‌റ്റേഷനുകളിൽ ഒന്നാണ്. ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വളർച്ചയ്ക്ക് അനുസൃതമായി നവീകരണം നടക്കുമെന്ന് റെയിൽവേ പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ അത് എത്ര വേഗത്തിൽ നടപ്പാവുമെന്ന കാര്യത്തിലാണ് സംശയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+