സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസ്സുകൾ തുടരും, നേരിട്ടുള്ള പഠനത്തോടൊപ്പം ഓൺലൈൻ ക്ലാസുകളും
തിരുവനന്തപുരം; സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻ വഴിയും വിക്ടേഴ്സ് ചാനൽ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. നവംബർ ഒന്നിനാണ് സംസ്ഥാനത്ത് വീണ്ടും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പോകുന്നത്. കൊവിഡ് കാരണം ഒന്നര വർഷത്തോളമായി സംസ്ഥാനത്ത് വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങളോടെ സ്കൂളുകൾ തുറക്കാനുളള തീരുമാനം.
ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയങ്ങളിൽ പഠനം ആരംഭിക്കുന്നത് എന്നതിനാൽ വിദ്യാർത്ഥികൾക്കു ഒരേ സമയം നേരിട്ടുള്ള പഠനത്തോടൊപ്പം ഓൺലൈൻ ക്ലാസുകൾ, വിക്ടേഴ്സ് ചാനലുകൾ തുടങ്ങിയവയേയും ആശ്രയിക്കേണ്ടി വരുമെന്ന് വി ശിവൻകുട്ടി അറിയിച്ചു .ഇതിനാൽ വ്യത്യസ്ത പഠന രീതികളെ സംയോജിപ്പിച്ചുകൊണ്ട് വിദ്യാർഥികളുടെ പഠന തുടർച്ച ഉറപ്പുവരുത്തുന്നതിനും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള അധ്യാപനം ഏകോപിപ്പിക്കുന്നതിനും സമഗ്രമായ അക്കാദമിക് പ്ലാൻ സർക്കാർ സ്വീകരിചിട്ടുണ്ടോയെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖയിൽ കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകൾക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി എസ്ഇആർടിസി, എസ്എസ് കെ, വിക്ടേഴ്സ് ചാനൽ എന്നിവ വഴി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഉച്ചഭക്ഷണം ഉണ്ടായിരിക്കും. ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികൾ വിശന്ന് സ്കൂളിൽ ഇരിക്കരുതെന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി . ഈ പശ്ചാത്തലത്തിൽ സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് എന്നും മന്ത്രി അറിയിച്ചു.

സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്കൂൾ അധികൃതർ സ്വീകരിക്കണം. സ്കൂളുകളിൽ സോപ്പ്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാൻ സാഹചര്യം ഉണ്ടായിരിക്കും. കുട്ടികളുടെ ഊഷ്മാവ് അളക്കാൻ തെർമ്മൽ സ്കാനറുണ്ടാകും. ഓരോ സ്കൂളിലും ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട് . ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്ന നിലയ്ക്ക് ആയിരിക്കും ക്രമീകരണം. അവധിദിനം അല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങൾ പ്രവർത്തി ദിനമായിരിക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കുട്ടികൾ സ്കൂളിലേക്ക് എത്തുക. അത്തരത്തിലാണ് ക്രമീകരണം. ബയോ ബബിൾ സംവിധാനത്തിൽ ആക്കി സംരക്ഷിക്കുന്നതിനാണ് പദ്ധതി. സ്കൂൾ തുറക്കുന്നതിനു മുമ്പ് കുട്ടികൾ എത്തുന്ന എല്ലാ ഇടങ്ങളും ശുദ്ധീകരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications