‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട
'നേമത്ത് പരാജയപ്പെട്ടാലും ചാത്തന്നൂർ നേടും’- കൊല്ലത്തെ ബിജെപി പ്രവർത്തകരുടെ അവകാശവാദമാണിത്. ഇടതുകോട്ടയിൽ കഴിഞ്ഞ രണ്ട് തവണയായി രണ്ടാം സ്ഥാനത്തെത്തിയത് കൊണ്ടുള്ള ആത്മവിശ്വാസമായിട്ടാണ് അടുത്തിടെ വരെ ഇതിനെ കണ്ടിരുന്നത്. എന്നാൽ, പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അദൃശ്യമായൊരു ഡീൽ ചാത്തന്നൂരിലുണ്ടോയെന്നുള്ള സംശയമാണ് ഉയരുന്നത്.
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു
സിപിഐയുടെ കുത്തക മണ്ഡലമായ ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയും പ്രചാരണ പ്രവർത്തനങ്ങളിലെ മാന്ദ്യവുമാണ് ഈ സംശയത്തിലേക്ക് നയിക്കുന്നത്. കുത്തക മണ്ഡലമായതിനാൽ ജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് ഇടതിന്റെ പ്രചാരണത്തെ തണുപ്പിക്കുന്നതെന്ന വാദം ഉയരുന്നുണ്ടെങ്കിലും ഇടക്കാലത്ത് പാർട്ടിയിൽനിന്ന് പിണങ്ങി സിഎംപിയിൽ പ്രവർത്തിച്ച് തിരികെ വന്ന ആർ. രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയത് മറ്റേതെങ്കിലും മണ്ഡലത്തിൽ ആരെങ്കിലുമായി ഡീൽ ഉറപ്പിച്ചതിന്‍റെ ഭാഗമായാണോ എന്ന ചർച്ചയാണ് ഇവിടെ ഉയരുന്നത്.

കെപിസിസി സെക്രട്ടറി കൂടിയായ സൂരജ് രവി മികച്ച സ്ഥാനാർഥിയാണങ്കിലും ചാത്തന്നൂരിൽ നേരത്തേതന്നെ ദുർബലമായ യുഡിഎഫ് ക്യാമ്പ് ഉണർത്താൻ അദ്ദേഹത്തിനായിട്ടില്ല. കെട്ടിയിറക്കിയ സ്ഥാനാർഥിയെന്ന പേരുദോഷവും സൂരജ് രവിക്കുണ്ട്. എസ്എൻഡിപി യൂനിയൻ പ്രസിഡന്‍റും ബിജെപി മുൻ ജില്ല പ്രസിഡന്‍റുമായ ബി.ബി. ഗോപകുമാറാണ് എൻഡിഎ സ്ഥാനാർഥി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും രണ്ടാംസ്ഥാനത്തെത്തിയ ഗോപകുമാർ പ്രചാരണത്തിൽ ഏറെ മുന്നിലുമാണ്. ഇതിനെ ഗൗരവത്തിൽ എടുത്തുള്ള പ്രവർത്തനം ഇടത് -വലതു മുന്നണികൾ നടത്തുന്നില്ല എന്ന് ആക്ഷേപമാണ് ഡീൽ ആരോപണം ഉൾപ്പെടെയുള്ള ചർച്ചയിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്.
സാമുദായിക സമവാക്യങ്ങളാണ് മണ്ഡലത്തിന്‍റെ ഗതിവിഗതികൾ നിശ്ചയിക്കുന്നത്. ഈഴവ, നായർ വോട്ടുകളിൽ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ മത്സരിക്കുന്നവരെല്ലാം ഒരേ സമുദായത്തിൽപ്പെട്ടവരാണ്. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ച ജി.എസ്. ജയലാൽ പാർട്ടി വോട്ടുകൾക്ക് പുറമേ തന്‍റെ സമുദായമായ നായർ വോട്ടുകൂടി സമാഹരിച്ചാണ് വിജയിച്ചിരുന്നത്. ബിജെപിയെ തോൽപിക്കാൻ ന്യൂനപക്ഷ വോട്ടും ജയലാലിന് ലഭിച്ചിരുന്നു. ജയലാലിന് പിൻഗാമിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആർ. രാജേന്ദ്രനെ കളത്തിലിറക്കിയപ്പോൾ പാർട്ടിയോ മുന്നണിയോ വേണ്ടരീതിയിൽ ഗൃഹപാഠം ചെയ്തില്ലെന്ന പരാതി ശക്തമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കൊല്ലത്തും ചാത്തന്നൂരിലും പരസ്പര സഹായം എന്ന നിലയിൽ സിപിഎം - ബിജെപി ഡീൽ എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നീട് ചാത്തന്നൂരിൽ സ്ഥാനാർഥിയെ നിശ്ചയിച്ചതോടെ സിപിഐയും അതിന് കൂട്ടാണോ എന്ന നിലയിലേക്കായി ചർച്ച. യുഡിഎഫ് ചാത്തന്നൂർ സീറ്റ് ഫോർവേഡ് ബ്ലോക്കിനായി മാറ്റിയെന്ന് പ്രഖ്യാപിച്ചപ്പോൾ ഡീൽ കോൺഗ്രസും ബിജെപിയും തമ്മിലാണോ എന്ന രീതിയിലേക്ക് ചർച്ച മാറി. ഫോർവേഡ് ബ്ലോക്കിന്റെ നേതാവ് ദേവരാജൻ സ്വയം പിന്മാറുകയും സൂരജ് രവി സ്ഥാനാർഥിയാവുകയും ചെയ്തതോടെ അത് നിശ്ചലമായി.
ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ചാത്തന്നൂരിൽ ഉത്തരേന്ത്യയിൽനിന്നുള്ള എംഎൽഎമാരടക്കം ക്യാമ്പ് ചെയ്ത് വീടുകൾ കയറിയിറങ്ങുകയാണ്. സാമുദായികമായി 50 ശതമാനത്തിലധികമുള്ള ഈഴവ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കായി വീതിക്കപ്പെടാം. അതുകഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള നായർ വോട്ടുകൾ ഇക്കുറി തങ്ങൾക്ക് ലഭിക്കുമെന്നതാണ് ബിജെപിയുടെ കണക്കുകൂട്ടൽ. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള വ്യക്തി ഗോപകുമാർ മാത്രമാണ്. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിൽ അധ്യാപകനായ അദ്ദേഹത്തിന് മണ്ഡലത്തിൽ നിറഞ്ഞ ശിഷ്യ ഗണങ്ങളുണ്ട്.
തിരുവനന്തപുരം ജില്ല അതിർത്തിയിലുള്ള മണ്ഡലമായ ചാത്തന്നൂർ 1965ലാണ് രൂപീകരിക്കപ്പെട്ടത്. സ്വതന്ത്ര സ്ഥാനാർഥി തങ്കപ്പൻ പിള്ളയായിരുന്നു ആദ്യ വിജയി. 1967 മുതൽ ’87 വരെ സിപിഐ കയ്യാളി. 1991ൽ കോൺഗ്രസിലെ സി.വി. പത്മരാജൻ ജയിച്ചെങ്കിലും 96ൽ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. 2001ൽ വീണ്ടും പ്രതാപവർമ്മ തമ്പാനിലൂടെ വീണ്ടും മണ്ഡലം കോൺഗ്രസിന്റേതായി. സിപിഐയിലെ എൻ. അനിരുദ്ധൻ 2006ൽ ഇതിന് പകരംവീട്ടി.
2011ൽ സിപിഐയുടെ ജി.എസ്. ജയലാൽ ബിന്ദു കൃഷ്ണയെ പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിർത്തിയത്. 2016ലും ’21ലും ജയലാൽ തന്നെ വിജയിച്ചപ്പോൾ (2016ൽ 67606, ’21ൽ 59296) രണ്ടാമതെത്തിയത് ബിജെപിയുടെ ഗോപകുമാറാണ് (2016ൽ 33199, ’21ൽ 42090). 2016ൽ കോൺഗ്രസിന്റെ ശൂരനാട് രാജശേഖരനും (30139), ’21ൽ മുൻ എം.പി പീതാംബരകുറുപ്പുമാണ് (34280) മൂന്നാമതായത്.












Click it and Unblock the Notifications