മോദി മത്സരിച്ചാലും പ്രശ്‌നമില്ല, തിരുവനന്തപുരത്ത് മത്സരിച്ച് വിജയിക്കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് തിരുവനന്തപുരത്ത് മത്സരിക്കാനുള്ള ആഗ്രഹം തരൂര്‍ അറിയിച്ചത്.
ബിജെപിയില്‍ നിന്ന് ഏത് ഉന്നതന്‍ വേണമെങ്കിലും തിരുവനന്തപുരത്ത് മത്സരിക്കട്ടെ. തിരുവനന്തപുരത്തുകാര്‍ക്ക് അവര്‍ക്കെന്താണ് വേണമെന്ന് നന്നായി അറിയാമെന്നും തരൂര്‍ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, സാഹചര്യം നോക്കി തീരുമാനം എടുക്കുമെന്നും തരൂര്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാമെന്ന് കരുതിയിരുന്നു. പക്ഷേ സാഹചര്യം കാണുമ്പോള്‍ മനസ്സ് മാറി. ദേശീയതലത്തില്‍ ഭരണമാറ്റം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനവും തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. അക്കാര്യത്തില്‍ രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്റോ അതല്ലെങ്കില്‍ മറ്റേതെങ്കിലും തെരരഞ്ഞെടുപ്പോ വേണോ എന്നായിരുന്നു സംശയമെന്നും തരൂര്‍ പറഞ്ഞു.
ഒരുപാട് ആലോചിച്ച ശേഷമാണ് ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് മത്സരിക്കാമെന്നായിരുന്നു ആ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്, ഓരോ സമയത്തെയും, സാഹചര്യവും, ആവശ്യവും നോക്കി തീരുമാനിക്കും. അപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനമെടുക്കുകയെന്നും തരൂര്‍ വ്യക്തമാക്കി. അതേസമയം ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തെയും തരൂര്‍ അപലപിച്ചു.
പാര്‍ലമെന്റില്‍ മുസ്ലീം എംപിക്കെതിരെ ബിജെപി എംപി മോശം പരാമര്‍ശം നടത്തിയത് ഇന്ത്യ മുഴുവന്‍ സ്തംഭിച്ച് പോയ സംഭവമായിരരുന്നു. മുന്‍ മന്ത്രിമാരെല്ലാം അത് കേട്ട് ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. രാജ്യമാകെ മാറി പോയിരിക്കുകയാണ്. ബിജെപി വിഷമാണ് ഈ രാജ്യത്ത് കുത്തിവെച്ചിരിക്കുന്നതെന്നും തരൂര്‍ ആരോപിച്ചു.












Click it and Unblock the Notifications