ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും, 3 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഈ തീവ്രന്യൂനമർദ്ദം നാളെ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. തെക്കൻ കേരളത്തിലാകും കൂടുതൽ മഴ സാധ്യതയെന്നാണ് ലഭ്യമായ വിവരം. അതി തീവ്രന്യൂനമർദ്ദത്തിന്റെ സാധ്യത കണക്കിലെടുത്ത് തെക്കൻ കേരളത്തിലെ 3 ജില്ലകളിൽ ഇന്ന് വൈകുന്നേരത്തോടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത അഞ്ച് ദിവസത്തേക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ന്യൂനമർദ്ദ സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഉണ്ടായിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്.
തുടർന്ന് പടിഞ്ഞാറ് -വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ച് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിസംബർ 3ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ നാളെ (ഡിസംബർ 2) അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും തുടർന്ന് ഡിസംബർ 3ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.
തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 4 വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്‌നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.












Click it and Unblock the Notifications