ഫേസ്ബുക്ക് പോസ്റ്റിന് റീച്ചില്ലേ? കുത്തിട്ടാല്‍ റീച്ച് കൂടുമോ? ഇതാണ് കാര്യം!!
കോഴിക്കോട്: ഫേസ്ബുക്ക് പോസ്റ്റിന് റീച്ച് കൂടുന്നത് ഏതൊരാള്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. എന്നാല്‍ പോസ്റ്റ് റീച്ച് കുറഞ്ഞ്, അധികമാരും കാണാത്ത അവസ്ഥയിലാണെങ്കിലോ? നമ്മുടെ നെഞ്ച് പട പടാന്ന് അടിക്കും. സ്ഥിരമായി റീച്ച് കുറയുന്നുണ്ടെന്ന പരാതി ഫേസ്ബുക്കില്‍ ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. അത് മാത്രമല്ല രസകരമായ മറ്റൊരു അഭ്യര്‍ഥനയും നമ്മള്‍ ഇതിന്റെ പേരില്‍ കേള്‍ക്കാറുണ്ട്.
ഈ പോസ്റ്റിലൊരു കുത്തിടൂ, കമന്റിടൂ, റീച്ച് കൂട്ടു എന്നൊക്കെയുള്ള അഭ്യര്‍ത്ഥനകള്‍ ഉപയോക്താക്കള്‍ തന്നെ നടത്താറുള്ളത്. എന്നാല്‍ ഇതില്‍ എത്ര സത്യമുണ്ട്. കുത്തിട്ടാല്‍ ഫേസ്ബുക്ക് പോസ്റ്റിന് റീച്ച് കൂടുമോ. കേരള പോലീസ് അടക്കം പറയുന്നത് എന്താണെന്ന് നോക്കാം....

25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ ഇനി കാണാന്‍ കഴിയൂവെന്നും, കൂടുതല്‍ പോസ്റ്റുകള്‍ കാണാനും, കൂടുതല്‍ പേരിലേക്ക് എത്താനും, ഈ പോസ്റ്റ് ലൈക്ക് ചെയ്ത് കമന്റോ കുത്തോ ഇടുക എന്നായിരുന്നു ഒരു സന്ദേശത്തില്‍ പറഞ്ഞത്. ഇത് 2017 ഡിസംബറില്‍ അമേരിക്കയിലാണ് ആദ്യം വന്നത്. ഇതിന്റെ പരിഭാഷയാണ് കേരളത്തില്‍ പ്രചരിച്ചത്. എന്നാല്‍ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത്‌കൊണ്ടോ കുത്തിട്ടത് കൊണ്ടോ ആരുടെയും ഫേസ്ബുക്ക് പോസ്റ്റിന്റെ റീച്ച് കൂടില്ലെന്ന് എഫ്ബി വക്താവ് തന്നെ പറയുന്നു. അതില്‍ വാസ്തവമില്ലെന്നും അദ്ദേഹം പറയുന്നു.

ഇക്കാര്യത്തില്‍ പ്രതികരണവുമായി കേരള പോലീസും രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് പ്രതികരണം. കുത്തും കോമയും .. പിന്നെ ഫേസ്ബുക്ക് അല്‍ഗോരിതവും. 'ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും!' പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം മൂലം ഒറ്റപ്പെടാന്‍ ചാന്‍സ് ഉണ്ടെന്ന ചിന്തയില്‍ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും. 'കേശുമാമന്‍ സിന്‍ഡ്രോം' എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിന്‍ഡ്രോം.

ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാന്‍ കഴിയൂ എന്നും.
പ്രധാനപ്പെട്ട പോസ്റ്റുകള്‍ അടങ്ങിയ ന്യൂസ് ഫീഡുകള്‍ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാന്‍ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാല്‍ ഫേസ്ബുക് മുതലാളിയും ബുദ്ധിമുട്ടിലാകും.

നമുക്ക് കേള്‍ക്കാനും കാണാനും കൂടുതല്‍ താല്പര്യമുള്ളവരെ ഫില്‍റ്റര്‍ ചെയ്താണ് ഫെയ്‌സ്ബൂക് കാണിക്കുക. കൂടുതല്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ഒരാളുടെ ഇഷ്ട വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ജനപ്രീതി നേടിയവ ആദ്യം കാണുവാന്‍ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫെസ്ബൂക് അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റില്‍ നമുക്ക് മറുപടി തരുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകള്‍ ഒരു പക്ഷേ അവര്‍ കാണണമെന്നില്ല.

2018 മുതല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളില്‍ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുന്‍ഗണന പ്രകാരം ഈ അല്‍ഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലങ്കിലും അല്‍ഗോരിതത്തിലെ ഇത്തരം മുന്‍ഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. അതിനാല്‍ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ എന്നും കാണണമെന്നില്ല.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കല്‍ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020 ലും വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫെയ്സ്ബുക്കില്‍ കറങ്ങിനടക്കുന്ന മെസ്സേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും എന്നാണ് കേരള പോലീസ് അവരുടെ എഫ്ബി പേജില്‍ കുറിച്ചത്.












Click it and Unblock the Notifications