ഫെയര്‍നസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം; 17 കാരി അപകടനില തരണം ചെയ്തു
മുഖകാന്തി വര്‍ധിപ്പിക്കാനായി ഉപയോഗിച്ച ഫെയര്‍നസ് ക്രീം വഴി ഗുരുതര വൃക്കരോഗത്തിനിരയായ 17 കാരി അപകടനില തരണം ചെയ്തു. മെര്‍ക്കുറി വിഷബാധയെത്തുടര്‍ന്ന് മെംബ്രനസ് നെഫ്രോപ്പതി എന്ന അതിസങ്കീര്‍ണ്ണ രോഗാവസ്ഥ ബാധിച്ച പെണ്‍കുട്ടിയാണ് വിദഗ്ധ ചികിത്സയിലൂടെ അപകടനില തരണം ചെയ്തത്. ഫെയര്‍നെസ് ക്രീമില്‍ അമിതമായി അടങ്ങിയിരുന്ന മെര്‍ക്കുറി അംശം 17 കാരിയുടെ വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയിരുന്നു.
അരീക്കോട് സ്വദേശിയായ 17-കാരി നിലവില്‍ അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ആശുപത്രിയില്‍ നെഫ്രോളജി വിഭാഗത്തിന്റെ വിദഗ്ദ്ധ ചികിത്സയില്‍ തുടരുകയാണ്. ശരീരത്തില്‍ നീരും കടുത്ത ശാരീരിക അസ്വസ്ഥതകളുമായിട്ടാണ് 17-കാരിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സകള്‍ ആരംഭിച്ച ശേഷം രോഗലക്ഷണങ്ങളിലെ അസ്വാഭാവികത മെഡിക്കല്‍ സംഘത്തില്‍ സംശയമുണര്‍ത്തി.

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ രക്തത്തിലും ശരീരത്തിലും മെര്‍ക്കുറിയുടെ അളവ് അപകടകരമാംവിധം ഉയര്‍ന്നതായി കണ്ടെത്തി. മെര്‍ക്കുറി ശരീരത്തിലെത്തിയ ഉറവിടം കണ്ടെത്തുന്നതിനായി നെഫ്രോളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഗൗരി .എസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന സൗന്ദര്യ വര്‍ധക ക്രീമാണ് വില്ലനെന്ന് തിരിച്ചറിഞ്ഞത്.
മലപ്പുറം ജില്ലയില്‍ സമാനമായ ആരോഗ്യ പ്രശ്‌നങ്ങളോടെ രണ്ട് കുട്ടികളെ കണ്ടെത്തിയിരുന്നതിനാല്‍ ഡോക്ടറുടെ മുന്‍പരിചയവും നിരീക്ഷണപാടവവും രോഗകാരണം വേഗത്തില്‍ സ്ഥിരീകരിക്കാന്‍ സഹായകമായി. 17 കാരി ഉപയോഗിച്ച ഫെയര്‍നസ് ക്രീം കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറിയില്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 1.25 ശതമാനം മെര്‍ക്കുറി അടങ്ങിയിട്ടുള്ളതായി സ്ഥിരീകരിച്ചു.
രാജ്യത്തെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സൗന്ദര്യവര്‍ധക വസ്തുക്കളില്‍ അനുവദനീയമായ സുരക്ഷാ പരിധിയേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഈ വിഷാംശം കണ്ടെത്തിയത്. ശരീരത്തില്‍ പ്രവേശിക്കുന്ന മെര്‍ക്കുറി വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന നെഫ്രോട്ടിക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.
കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുന്നതിനും നാഡീവ്യൂഹത്തെ ബാധിക്കുന്നതിനും ഇത് കാരണമാകും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ സമൂഹത്തിന് വലിയ ആരോഗ്യഭീഷണിയാണ് മാറുകയാണ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ഡോ. ഗൗരി .എസ് പറഞ്ഞു.
ഇതുപോലുള്ള ഏതൊരു സൗന്ദര്യവര്‍ധക വസ്തുവും ഉപയോഗിക്കുന്നതിന് മുന്‍പ് അവയുടെ ചേരുവകളും അംഗീകൃത സര്‍ട്ടിഫിക്കേഷനുകളും കൃത്യമായി പരിശോധിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങളുടെ കുട്ടിക്ക് നേരിട്ട ഈ ദുരവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.





Click it and Unblock the Notifications
