യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ്; സിബിഐ അന്വേഷണം ശുപാർശ ചെയ്യാൻ സാധ്യത
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കേണ്ട സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസ് ഇന്ന് കത്ത് നൽകും.
കേസിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോർട്ട് നൽകും. സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമായിരിക്കും റിപ്പോർട്ട് നൽകുക. വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസിന് നോട്ടീസ് അയച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനാണ് നോട്ടീസ് ലഭിച്ചത്.

സിപിഎം മുഖപത്രത്തിൽ വന്ന ഒരു വാർത്തയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിനൊപ്പം ചേർത്തിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതായി ആരോപണം എന്നതായിരുന്നു പ്രസ്‌തുത വാർത്തയുടെ ഉള്ളടക്കം.
എന്നാൽ ആരോപണമായി ഉയർന്നുവന്ന ഒരു പത്രവാർത്തയുടെ പേരിൽ വിശദീകരണം നൽകേണ്ടതില്ലെന്ന നിലയിലാകും യൂത്ത് കോൺഗ്രസിന്റെ മറുപടിയെന്നാണ് സൂചന. കോൺഗ്രസിന് നേരിട്ട് ബന്ധമില്ലാത്ത സാഹചര്യത്തിൽ വിശീദകരണം തേടിയാലും ഈ വിഷയം ചൂണ്ടിക്കാണിക്കും എന്നായിരുന്നു കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കിയെന്ന പരാതിയില്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. വ്യാജ രേഖ ചമച്ചതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമായിരുന്നു കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇതും അന്വേഷണ വിധേയമാക്കും. മ്യൂസിയം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നുവന്നതിന് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ ഇക്കാര്യത്തിൽ അതൃപ്‌തിയുണ്ടെന്നാണ് സൂചന. പോലീസ് കേസെടുക്കുക കൂടി ചെയ്‌തതോടെ ഇത് പാർട്ടിക്ക് കൂടുതൽ നാണക്കേടായെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.












Click it and Unblock the Notifications