യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; നടൻ അജിത് കുമാറിന്റെ പേരിലും വ്യാജ ഐഡി കാർഡ്
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞുടുപ്പിലെ വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിനിമ താരത്തിന്റെ പേരിൽ പോലും വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തമിഴ് സൂപ്പർ താരം അജിത് കുമാറിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് സൂചന.
കേസിലെ പ്രതിയായ അഭി വിക്രത്തിന്റെ ഫോണിലാണ് നടന്റെ ഫോട്ടോ ഉപയോഗിച്ചുള്ള കാർഡ് കണ്ടെത്തിയത്. ഈ കാർഡ് വോട്ടിംഗിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമാകണമെങ്കിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് രേഖകൾ ലഭിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇത് കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

അതേസമയം, കേസിൽ ഇതുവരെ അറസ്‌റ്റിലായ പ്രതികൾ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാകും. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാല് പേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിന് വേണ്ടിയാണ് ഇവർക്ക് ജാമ്യം നൽകിയത്. ഇന്ന് രാവിലെ 11 മണിക്കാണ് സിജെഎം കോടതി കേസ് പരിഗണിക്കുക.
കേസിൽ ഇതുവരെ നാല് പേരാണ് അറസ്‌റ്റിലായിരിക്കുന്നത്. അഭി വിക്രം, ഫെന്നി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണൻ എന്നിവരാണ് ഇത്. ഇവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നാണ് സൂചന. ഇവരുടെ സ്ഥാപനങ്ങളിലടക്കം പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി അടക്കമുള്ളവരാണ് കേസിൽ പിടിയിലായത്. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ, വികാസ് കൃഷ്‌ണൻ എന്നിവരെ പത്തനംതിട്ട പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്‌തരാണ് പിടിയിലായ നാലുപേരുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അടൂരിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയതെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയാണ് അഭി വിക്രം.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയതിന്റെ തെളിവുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വിവിധ രാഷ്‌ട്രീയ കക്ഷികളും, തിരഞ്ഞെടുപ്പ് കമ്മീഷണറും നൽകിയ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications