'പിണറായിക്കെതിരെ സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പച്ചക്കള്ളമെന്ന് സഹമന്ത്രിമാർ പറയുന്നു'; കെടി ജലീൽ

മലപ്പുറം: യുഡിഎഫ് സർക്കാരിന്റെ പക്ഷപാതപരമായ നയങ്ങളെ വിമർശിച്ചും കിഫ്ബിക്ക് എതിരായ നീക്കങ്ങളെ ചൂണ്ടിക്കാട്ടിയും പ്രതികരിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. കേരളത്തെ ഒന്നായി കാണാൻ യുഡിഎഫ് സർക്കാരുകൾക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ലെന്നും എൽഡിഎഫിന് എല്ലാ പ്രദേശങ്ങളും ജില്ലകളും ഒരു പോലെയാണെന്നും ജലീൽ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെടി ജലീലിന്റെ വാക്കുകൾ

കണ്ണൂരെന്താ കേരളത്തിലല്ലേ? കേരളത്തെ ഒന്നായി കാണാൻ യുഡിഎഫ് സർക്കാരുകൾക്ക് ഒരുകാലത്തും കഴിഞ്ഞിട്ടില്ല. അവർക്ക് എന്നും ചില പ്രദേശങ്ങളോട്‌ പ്രത്യേക മമതയും മറ്റു ചില പ്രദേശങ്ങളോട് പ്രത്യേക വൈമുഖ്യവും പതിവാണ്. യുഡിഎഫിന് മലബാർ എന്നു പറഞ്ഞാൽ ലീഗിന്റെ തട്ടകം മാത്രമാണ്. തെക്കൻ കേരളമെന്നും മദ്ധ്യകേരളമെന്നും പറഞ്ഞാൽ കോൺഗ്രസിന്റെ വോട്ട് ബേങ്ക് പ്രദേശങ്ങൾ മാത്രമാണ്.

kt jaleel

എൽഡിഎഫിന് എല്ലാ പ്രദേശങ്ങളും ജില്ലകളും ഒരു പോലെയാണ്. അതുകൊണ്ടാണ് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേഅറ്റം വരെ ആറുവരി ദേശീയപാതക്ക് ഒറ്റയടിക്ക് സ്ഥലമേറ്റെടുത്ത് പിണറായി സർക്കാർ നൽകിയത്. കണ്ണൂർ വിമാനത്താവളം വന്നതോടെ അനന്തമായ വികസന സാദ്ധ്യതകളാണ് മലബാറിന് മുന്നിൽ തെളിഞ്ഞു വന്നിരിക്കുന്നത്. വിമാനത്താവളത്തിനടുത്ത് എത്ര ഭൂമി ലഭ്യമാകുമോ അത്രയും ഭൂമി കിട്ടുന്ന സമയത്ത് ഏറ്റെടുക്കണം.

കുറച്ചു കഴിഞ്ഞ് ഏറ്റെടുക്കാമെന്ന് വിചാരിച്ചാൽ കേരളം പോലെ ഒരു സംസ്ഥാനത്ത് നടക്കില്ല. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ വ്യവസായ സംരഭങ്ങൾക്കായി ഏറ്റെടുക്കാൻ യഥേഷ്‌ടം ഭൂമി ലഭ്യമാണ്. ഗവ: അതു വാങ്ങി സ്വരൂപിച്ചാൽ സ്വകാര്യ ഭീമൻമാർ വന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ സ്വന്തമാക്കുന്നത് തടയാം. അതോടെ അസ്‌തമിക്കുക ഒരു നാടിന്റെ വികസന സ്വപ്‌നങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്.

കോഴിക്കോട് വിമാനത്താവളത്തിന് പത്തുനാൽപ്പതു വർഷം മുമ്പ് ഏറ്റവും മിനിമം സ്ഥലമാണ് ഏറ്റെടുത്തത്. ഭാവി വികസനം മുന്നിൽ കണ്ട് അന്നുതന്നെ ആവശ്യമായ സ്ഥലം ഏറ്റെടുത്തിരുന്നെങ്കിൽ വിമാനത്താവളത്തിന് ഇപ്പോഴത്തെ ദുർഗതി വരുമായിരുന്നില്ല. റൺവെ നീട്ടാനുള്ള സ്ഥലം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റെടുക്കാൻപെട്ട പാട് ചില്ലറയല്ല.

കുറച്ചധികം സ്ഥലവും കൂടി ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്നു സർക്കാരിന് പിന്തിരിയേണ്ടി വന്നു. കാലക്കേടിന് ഒരു വിമാന ദുരന്തവും കൂടി ഉണ്ടായതോടെ കരിപ്പൂരിന്റെ ചിരകരിയാൻ കാത്തു നിന്ന വ്യോമയാന അധികൃതർ, അതിനെ നല്ലൊരു അവസരമാക്കി. വിമാനങ്ങൾ ഇറക്കാൻ സൗകര്യമില്ലെന്ന ന്യായം പറഞ്ഞ് കേന്ദ്ര സർക്കാർ കരിപ്പൂരിനെ ഞെരിച്ച് കൊന്നുകൊണ്ടിരിക്കുകയാണ്.

പത്തനംതിട്ടയിലും വിമാനത്താവളം വേണമെന്നാണ് എൽഡിഎഫ് പറഞ്ഞത്. അതിനായി സ്ഥലവും കണ്ടെത്തിയിരുന്നു. എതിർപ്പുകൾ പരമാവധി കുറച്ച് ശബരിമലയുടെ വികസനവും കൂടി ലക്ഷ്യമിട്ട് പത്തനംതിട്ട വിമാനത്താവളം യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. മുഖ്യമന്ത്രിയുടെ കണ്ണ് പറവൂരിലും എറണാങ്കുളത്തുമായി ഉടക്കി നിൽക്കരുത്. അതുകൊണ്ടാണ് മലബാറിൽ ഒരു പുതിയ ജില്ലയെ കുറിച്ച് പറയുന്നതിന് മുമ്പ് മുവ്വാറ്റുപുഴ ജില്ലയുടെ കാര്യം അദ്ദേഹത്തിന്റെ നാവിൻ തുമ്പിൽ വന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രദേശങ്ങളെ ഒരു ക്യാൻവാസിൽ കാണാൻ മുഖ്യമന്ത്രിക്ക് സാധിക്കണം.

'കിഫ്ബി' ഇല്ലാതാകുന്നതോടെ ചാരമാകാൻ പോകുന്നത് നിരവധി വൻ പദ്ധതികളാണ്. സ്ഥലമേറ്റെടുത്ത് ടെൻഡർ വരെ കഴിഞ്ഞ തിരുനാവായ- തവനൂർ പാലവും കൂട്ടായി, പടിഞ്ഞാറേക്കര-പൊന്നാനി ഹൗറാമോഡൽ പാലവും 'കിഫ്ബി' നിർത്തിയതോടെ യാഥാർത്ഥ്യമാകാനുള്ള സാഹചര്യം ഇല്ലെന്നു തന്നെ പറയാം. കണ്ണൂരിൽ ആയിരം ഏക്കർ ഭൂമി എടുത്തത് കൊണ്ടാണ് കേന്ദ്ര സർക്കാർ ചോദിച്ചപ്പോൾ വ്യവസായ സംരഭങ്ങൾക്ക് സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബിന് കഴിഞ്ഞത്.

എൽഡിഎഫ് കാലത്ത് പിറന്ന കുട്ടിയെ ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതികൾക്കുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ കേരളത്തിന് സാധിച്ചത്. അക്കാര്യം മറയില്ലാതെയാണ് വ്യവസായ മന്ത്രി സഭയിൽ സമ്മതിച്ചത്. ആ വസ്‌തുത അദ്ദേഹം വിഡി സതീശനെക്കൂടി ഒന്ന് പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാൽ നന്നാകും. പിണറായിക്കെതിരെ വിഡി സതീശൻ ഉയർത്തിക്കൊണ്ടു വരുന്ന ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് സഹമന്ത്രിമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത് കേരളത്തിന് പുതിയ അനുഭവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma