ഫിഫ ലോകകപ്പ് ഫൈനൽ; സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് വി ശിവൻകുട്ടി, ആവശ്യം ശക്തമാവുന്നു
തിരുവനന്തപുരം: ലോകകപ്പ് ഫുട്‍ബോൾ കണക്കിലെടുത്ത് തിങ്കളാഴ്‌ച സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി നൽകണമെന്ന ആവശ്യം ശക്തമാവുന്നു. മുൻ വിദ്യാഭ്യാസ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി ശിവൻകുട്ടിയാണ് ഏറ്റവും ഒടുവിൽ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകകപ്പ് ഫൈനൽ നടക്കുന്ന സമയം ചൂണ്ടിക്കാട്ടിയാണ് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയോട് അവധി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും തിങ്കളാഴ്‌ച അവധി നൽകുന്നതിന് പകരമായി മറ്റൊരു അവധി ദിവസമായ ശനിയാഴ്‌ച പകരം പ്രവൃത്തി ദിനമായി മാറ്റിയാൽ മതിയെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

വി ശിവൻകുട്ടിയുടെ വാക്കുകൾ: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്‌ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. അർജന്റീനയും സ്പെയിനും തമ്മിലുള്ള ആവേശകരമായ ലോകകപ്പ് ഫൈനൽ മത്സരം ഇന്ത്യൻ സമയം ഞായറാഴ്‌ച രാത്രി 12.30-നാണ് ആരംഭിക്കുന്നത്. മത്സരം പുലർച്ചെ വരെ നീണ്ടുനിൽക്കുമെന്നതിനാൽ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താൻ ബുദ്ധിമുട്ടായിരിക്കും.
ഈ സാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്‌ചത്തെ അധ്യയന ദിനം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്‌ച നൽകുന്ന അവധിക്ക് പകരമായി, പിന്നീട് അവധി വരുന്ന ഏതെങ്കിലും ഒരു ശനിയാഴ്‌ച പ്രവൃത്തിദിനമാക്കി മാറ്റി അധ്യയന സമയം ക്രമീകരിക്കാവുന്നതാണ്. ഇത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി അനുകൂല തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.
അതേസമയം, ഇതേ ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി വിദ്യാർത്ഥികൾ അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തവണ യുഎസിൽ വച്ച് മത്സരങ്ങൾ നടക്കുന്നതിനാൽ സമയക്രമത്തിൽ ഏറ്റവും വലയുന്നത് ഇന്ത്യയിൽ നിന്നുള്ളവരാണ്. അർധരാത്രിയാണ് കൂടുതൽ മത്സരങ്ങളും ഇന്ത്യൻ സമയം വരുന്നത്. ലോകകപ്പ് ഫൈനൽ ഷൂട്ടൗട്ടിലേക്ക് കൂടി നീങ്ങിയാൽ വീണ്ടും വൈകുമെന്ന് അവധി ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു സ്കൂളുകൾക്ക് അധികൃതർ സ്വന്തം നിലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മണപ്പുറം രാജഗിരി സെന്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിനും മരട് ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ കുട്ടികൾക്കും ജൂലൈ 20 തിങ്കളാഴ്‌ച അവധി നൽകാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇതേ പാത പിന്തുടർന്ന് സർക്കാർ സമ്പൂർണ അവധി പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications