ആന്റണിക്കെതിരെ വാളെടുത്ത് ഫിലിം ചേംബർ; 'ആ എഫ്ബി പോസ്‌റ്റ് ഉടൻ പിൻവലിക്കണം, ഇല്ലെങ്കിൽ...'
കൊച്ചി: മലയാള സിനിമയിലെ പ്രതിസന്ധി മറ്റൊരു തലത്തിലേക്ക്. പ്രമുഖ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ നിലപാട് കടുപ്പിക്കാൻ ഒരുങ്ങുകയാണ് ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നൽകാനൊരുങ്ങുകയാണ് കേരള ഫിലം ചേംബർ. ജി സുരേഷ് കുമാറിന് എതിരായ ആന്റണിയുടെ പ്രസ്‌താവന ശരിയായില്ലെന്നും ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിക്കണമെന്നുമാണ് ചേംബർ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
ആന്റണിക്കെതിരെ നടപടി വേണമെന്നും ഫിലിം ചേംബർ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ തിരക്കിട്ടുള്ള നടപടി ഉണ്ടാവില്ലെന്നാണ് സൂചന. നിലവിലെ നോട്ടീസിന് മറുപടി നൽകുന്നത് അനുസരിച്ചാകും തുടർ നടപടിയെന്നും ചേംബർ വ്യക്തമാക്കിയിട്ടുണ്ട്. ആന്റണി ഏഴ് ദിവസത്തിനകം പോസ്‌റ്റ് പിൻവലിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരി അല്ലെന്നും അതുകൊണ്ടാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നുമാണ് ഫിലിം ചേംബർ പറയുന്നത്. നിർമ്മാതാവ് സുരേഷ് കുമാറിന്റെ നിലപാടിനെ ന്യായീകരിച്ചുകൊണ്ടാണ് ഫിലിം ചേംബർ രംഗത്ത് വന്നത്. സുരേഷ് കുമാർ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ചേംബർ അറിയിച്ചു.
സിനിമാ വ്യവസായത്തിനു വേണ്ടിയാണ് സുരേഷ് കുമാർ സംസാരിച്ചത്. ചെറിയ സിനിമാ നിർമ്മാതാക്കൾക്ക് നിലനിൽക്കാൻ വയ്യാത്ത അവസ്ഥയാണെന്നും സംഘടന ചൂണ്ടിക്കാട്ടി. മാത്രമല്ല സമരത്തിൽ നിന്ന് പിന്നോട്ട് പോവില്ലെന്ന നിലപാടും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് സംഘടനകൾ പിന്തുണച്ചില്ലെങ്കിലും സമരവുമായി മുന്നോട്ട് പോവാനാണ് അവരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി അടുത്ത് തന്നെ സൂചനാ പണിമുടക്ക് നടത്തിയേക്കും. ഈ സമരം വ്യക്തികൾക്കോ ഏതെങ്കിലും സംഘടനകൾക്കോ എതിരല്ലെന്നാണ് ചേംബർ പറയുന്നതെങ്കിലും ചോദ്യമുന നീളുന്നത് അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് നേരെയാണ്. സമരത്തെ ഒരു കാരണവശാലും പിന്തുണക്കേണ്ടതില്ലെന്നാണ് അമ്മ ഇന്നും സ്വീകരിച്ച നിലപാട്.
അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിലും അമ്മ നിർമ്മാതാക്കളുടെ സംഘടനയുടെ അഭിപ്രായം പൂർണമായും തള്ളിയിരുന്നു. ചലച്ചിത്ര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നതും സിനിമകൾ നിർമ്മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അമ്മ അറിയിച്ചു. മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ് കുമാർ, വിജയരാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ നിർമ്മാതാക്കൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും താരങ്ങൾ നിബന്ധമായും പ്രതിഫലം കുറയ്‌ക്കണമെന്നും ജി സുരേഷ് കുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. സുരേഷ് കുമാറിന്റെ പരാമർശങ്ങൾക്ക് എതിരെ മറ്റൊരു നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications